Your Image Description Your Image Description

ആറ്റുകാലമ്മയുടെ വിശ്വാസികൾ കാത്തിരിക്കുന്ന ദിനങ്ങളിലൊന്ന്. വിശ്വാസങ്ങളും വിചിത്രമെന്നു തോന്നിപ്പിക്കുന്ന ആചാരങ്ങളും കൊണ്ട് ശ്രദ്ധാകേന്ദ്രമായി മാറിയ ആറ്റുകാൽ ക്ഷേത്രത്തിലെ ലോകപ്രസിദ്ധമായ ചടങ്ങുകളിലൊന്ന്. സ്ത്രീകളുടെ ശബരിമലയെന്ന് അറിയപ്പെടുന്ന ഇവിടെ പൊങ്കാല ആഘോഷങ്ങളുടെ ഒരുക്കം തകൃതിയായി നടക്കുകയാണ്. 13-നാണ് പ്രശസ്തമായ പൊങ്കാല. രാവിലെ പത്ത് മണിക്ക് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെയാണ് ഉത്സവത്തിന് തുടക്കം കുറിക്കുന്നത്. 13 ന് രാവിലെ 10.15 ന് അടുപ്പുവെട്ട്, ഉച്ചയ്ക്ക് 1.15 ന് പൊങ്കാല നിവേദ്യം. 14 ന് രാവിലെ 8ന് ദേവിയെ അകത്ത് എഴുന്നള്ളിക്കും. രാത്രി 10ന് കാപ്പഴിക്കും. പുലർച്ചെ ഒന്നിന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും. മാർച്ച് 5 വൈകീട്ട് 6-ന് കലാപരിപാടികളുടെ ഉദ്ഘാടനം നടി നമിതാ പ്രമോദ് നിർവഹിക്കും. ആറ്റുകാൽ അംബാ പുരസ്‌കാരം ഡോ.കെ.ഓമനക്കുട്ടിക്ക് സമർപ്പിക്കും.

9 ന് വൈകിട്ട് 6 ന് ക്ഷേത്രത്തിന് മുൻവശത്ത് 101 കലാകാരൻമാരെ അണിനിരത്തി നടൻ ജയറാം നയിക്കുന്ന പഞ്ചാരിമേളം അരങ്ങേറും.പൊങ്കാല മഹോത്സവത്തിൻറെ അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

പൊങ്കാലയ്ക്ക് എത്തുന്ന ഭക്തർക്ക് ശുദ്ധമായ കുടിവെള്ളവും വൃത്തിയുള്ളതും കേടില്ലാത്തതുമായ ഭക്ഷണവും ഉറപ്പുവരുത്തേണ്ടത് പ്രധാനമാണെന്നും കൃത്യമായ പരിശോധനകൾ ഇതുമായി ബന്ധപ്പെട്ട് നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊങ്കാല സമയത്ത് പ്രദേശവാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കഴിവതും കുറയ്ക്കുന്ന രീതിയിൽ ക്രമീകരണങ്ങളുണ്ടാകണം. എല്ലാ സർക്കാർ വകുപ്പുകളും കൃത്യമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. നല്ല നിലയിൽ തന്നെ ഉത്സവകാര്യങ്ങൾ നടക്കും എന്നതിന്റെ സൂചനയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആറ്റുകാല്‍ പൊങ്കാല ഐതീഹ്യം…..

മധുര നഗരം ചുട്ടെരിച്ച കണ്ണകിയുടെ കഥയുമായി ബന്ധപ്പെട്ടതാണ് ആറ്റുകാൽ പൊങ്കാലയുടെ ഐതിഹ്യം എന്നാണ് വിശ്വാസം. തന്റെ കണ്ണിൽ നിന്നും പുറപ്പെട്ട അഗ്നിയിൽ മധുര കത്തിച്ചാമ്പലാക്കിയ കണ്ണകി ദേവിയെ ആശ്വസിപ്പിക്കുന്നതിനായി ജനങ്ങൾ പൊങ്കാല നല്കി എതിരേറ്റു. അതിന്‍റെ ഓർമ്മയിലാണ് പൊങ്കലയെന്നാണ് ഒരു വിശ്വാസം.

മറ്റൊരു വിശ്വാസം അനുസരിച്ച് മഹിഷാസുരനെ വധിച്ച ദേവിയെ ജനങ്ങൾ പൊങ്കാല നല്കിയാണത്രെ സ്വീകരിച്ചത്. അതിന്റെ ഓർമ്മയിൽ ഇവിടെ പൊങ്കാല ആചരിക്കുന്നുവെന്നും പറയപ്പെടുന്നു. പാർവ്വതി ദേവി ഒറ്റക്കാലിൽ നിന്നു തപസ്സ് ചെയ്തതിന്റെ കഥയും പൊങ്കാല ആഘോഷത്തോടൊപ്പം വിശ്വാസികൾ ചേർത്തു വായിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *