Your Image Description Your Image Description

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സൗന്ദര്യ.സ്വതസിദ്ധമായ അഭിനയം കൊണ്ടും ആരെയും ആകർഷിക്കുന്ന സൗന്ദര്യം കൊണ്ടും അഭിനയ ജീവിതത്തിൽ സൗന്ദര്യ വളരെ ചെറിയ കാലം കൊണ്ടുതന്നെ വലിയ ഉയരങ്ങൾ കീഴടക്കിയ ഒരു നടിയാണ്. കന്നഡ സിനിമാ താരമായി എത്തിയ അവര്‍ തെന്നിന്ത്യന്‍ ഭാഷാ ചിത്രങ്ങളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. ജയറാം നായകനായ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയില്‍ നായികയായി എത്തിയതോടെ സൗന്ദര്യയ്ക്ക് നിരവധി മലയാളി ആരാധകരെയും ലഭിച്ചു. മോഹന്‍ലാല്‍ നായകനായ കിളിചുണ്ടന്‍ മാമ്പഴത്തിലും സൗന്ദര്യ തന്നെയായിരുന്നു നായിക.തന്റെ 31ാം വയസില്‍ രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെയാണ് സൗന്ദര്യ വിമാന അപകടത്തില്‍ മരിച്ചത്.നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് 22 വർഷത്തിന് ശേഷം ഇപ്പോൾ പൊലീസിൽ പരാതി ലഭിച്ചിരിക്കുകയാണ് . 2004 ഏപ്രിൽ 17-ന് ആന്ധ്രപ്രദേശിൽ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതിനിടെ ഹെലികോപ്റ്റർ തകർന്ന് വീണാണ് സൗന്ദര്യ കൊല്ലപ്പെട്ടത്. അവിഭക്ത ആന്ധ്ര പ്രദേശില്‍ നടന്ന ഈ സംഭവത്തില്‍ മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞിരുന്നു. സൗന്ദര്യയുടെ സഹോദരനും സംഭവത്തില്‍ മരിച്ചു. എന്നാല്‍ സൗന്ദര്യയെ കൊന്നതാണ് എന്നാണ് പുതിയ ആരോപണം. പോലീസില്‍ പരാതി ലഭിക്കുകയും ചെയ്തു.
പ്രമുഖ തെലുഗ് നടന്‍ മോഹന്‍ ബാബുവിന് സൗന്ദര്യയുടെ മരണത്തില്‍ പങ്കുണ്ട് എന്നാണ് പരാതി. സാമൂഹിക പ്രവര്‍ത്തകനായ ചിട്ടിമല്ലുവാണ് ആന്ധ്രയിലെ ഖമ്മം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്. തെലുഗ് സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ ശ്രദ്ധേയനായ താരമാണ് സംവിധായകന്‍ കൂടിയായ മോഹന്‍ ബാബു. സൗന്ദര്യയുടെ സ്വത്തില്‍ ഇദ്ദേഹത്തിന് നോട്ടമുണ്ടായിരുന്നുവത്രെ.
സൗന്ദര്യയുടെത് അപകട മരണം ആയിരുന്നില്ലെന്നും കൊലപാതകമാണെന്നും പരാതിയില്‍ പറയുന്നു. ശംസാബാദില്‍ സൗന്ദര്യയ്ക്ക് ആറ് ഏക്കര്‍ സ്ഥലമുണ്ട്. അവധി വേളകള്‍ ചെലവഴിക്കാന്‍ സൗന്ദര്യ ഇവിടെയുള്ള ഗസ്റ്റ് ഹൗസില്‍ എത്താറുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ ആറ് ഏക്കര്‍ വില്‍ക്കാന്‍ മോഹന്‍ ബാബു നടി സൗന്ദര്യയെയും സഹോദരനെയും സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവത്രെ.
എന്നാല്‍ നടിയും സഹോദരനും വില്‍ക്കാന്‍ തയ്യാറായില്ല. അതുകൊണ്ടുതന്നെ താരങ്ങള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. സൗന്ദര്യയുടെ മരണ ശേഷം മോഹന്‍ ബാബു ഈ സ്ഥലം ബലമായി കൈവശപ്പെടുത്തിയെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. സംഭവത്തില്‍ മോഹന്‍ ബാബു ഇതുവരെ പ്രതികരിച്ചിട്ടില്ല.പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. പരാതിക്കാരന്‍ ഇപ്പോള്‍ ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കാന്‍ എന്താണ് കാരണം എന്നും വ്യക്തമല്ല. പരാതിക്കാരന് സൗന്ദര്യയുമായോ മോഹന്‍ ബാബുവുമായോ എന്തെങ്കിലും ബന്ധമുണ്ടോ എന്നും അറിവായിട്ടില്ല. പോലീസ് പ്രാഥമിക പരിശോധന നടത്തിയ ശേഷം നിയമോപദേശം തേടുമെന്നാണ് വിവരം.
1999ല്‍ പുറത്തിറങ്ങിയ സൂര്യവംശം എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്റെ നായികയായിട്ടാണ് സൗന്ദര്യ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് തെന്നിന്ത്യയിലെ തിരക്കേറിയ നടിയായി അവര്‍ മാറി. 2004 ഏപ്രില്‍ 17നാണ് സൗന്ദര്യയും സഹോദരനും യാത്ര ചെയ്ത സ്വകാര്യ വിമാനം അപകടത്തില്‍പ്പെട്ടതും എല്ലാവരും മരിച്ചതും. രാഷ്ട്രീ പരിപാടിക്ക് വേണ്ടി കരീം നഗറിലേക്ക് പോകുകയായിരുന്നു നടി.മരിക്കുമ്പോള്‍ 31 വയസുണ്ടായിരുന്ന സൗന്ദര്യ ഗര്‍ഭിണിയാണ് എന്നും പറയപ്പെട്ടിരുന്നു. അതേസമയം, തനിക്ക് ഭീഷണിയുണ്ട് എന്നാണ് പരാതിക്കാരന്‍ പറയുന്നത്. മോഹന്‍ ബാബുവിന്റെ മക്കള്‍ തന്നെ ഇല്ലാതാക്കുമെന്ന് അദ്ദേഹം ഭയക്കുന്നു. പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മോഹന്‍ ബാബുവും മക്കളും തമ്മിലുള്ള ഭൂമി തര്‍ക്കത്തെ കുറിച്ചും പരാതിക്കാരന്‍ പോലീസിനെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *