Your Image Description Your Image Description

സെക്കന്ദരാബാദ് (തെലങ്കാന): സെക്കന്ദരാബാദിനടുത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഇവർ താമസിക്കുന്ന വീട്ടിൽ നിന്ന് തന്നെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഹബ്സിഗുഡയിലെ രവീന്ദ്ര നഗർ കോളനിയിലായിരുന്നു സംഭവം. കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോയിരുന്നതെന്ന് പോലീസ് പറഞ്ഞു. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്യുകയായിരുന്നു.

ചന്ദ്രശേഖർ റെഡ്ഡി (44), ഭാര്യ കവിത (35), മക്കളായ വിശ്വൻ റെഡ്ഡി (10), ശ്രിത റെഡ്ഡി (15) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് ഇവരുടെ മൃതദേഹങ്ങൾ വീടിനുള്ളിൽ നിന്നും പോലീസ് കണ്ടെത്തിയത്. കുട്ടികളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ രണ്ട് മുറികളിലായി തൂങ്ങിമരിക്കുകയായിരുന്നു. ശ്രിത ഒമ്പതാം ക്ലാസ് വിദ്യാർഥിനിയും വിശ്വൻ അഞ്ചാം ക്ലാസിലുമായിരുന്നു. ചന്ദ്രശേഖർ റെഡ്ഡിയുടെ ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. തെലുങ്കിൽ എഴുതിയ കുറിപ്പിൽ താൻ മാനസികവും സാമ്പത്തികവും ശാരീരികവുമായ ബുദ്ധിമുട്ടുകളനുഭവിക്കുകയാണെന്ന് സൂചിപ്പിച്ചതായി പൊലീസ് പറഞ്ഞു. സംശയാസ്പദമായ മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.

ചന്ദ്രശേഖർ റെഡ്ഡി മുൻപ് ഒരു സ്വകാര്യ കോളജില്‍ ജൂനിയര്‍ ലെക്ചററായി ജോലി ചെയ്തിരുന്നു. എന്നാൽ ആറ് മാസമായി ഇയാൾ തൊഴിൽ രഹിതനായിരുന്നു. ഇതോടെ കുടുംബം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണെന്ന് സർക്കിൾ ഇൻസ്പെക്ടർ എൻ. രാജേന്ദർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *