Your Image Description Your Image Description

ആരോഗ്യകരമായ ചർച്ചയും സ്വയംവിമർശനവുമാണ് സിപിഎം സംസ്ഥാന സമ്മേളന ദിവസങ്ങളിൽ നടന്നതെന്നും പാർട്ടിക്കകത്ത് ഒരു വെല്ലുവിളിയുമില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അഭിപ്രായപ്പെട്ടു . പാർട്ടിക്കകത്ത് ഒരു അപസ്വരവുമില്ല. പൂർണമായും യോജിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകും. പത്മകുമാറൊന്നും പാർട്ടിക്ക് പ്രശ്നമുള്ള കാര്യമല്ലെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

സിപിഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗവും മുൻ എംഎൽഎയുമായ എ പത്മകുമാർ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്. പാർട്ടിയിൽ നിന്ന് ചതിവും വഞ്ചനയും അവഹേളനവും നേരിട്ടെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതേത്തുടർന്നാണ് എംവി ഗോവിന്ദന്റെ പ്രതികരണം.

അതേസമയം, പത്മകുമാർ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവയ്ക്കാനുള്ള സാഹചര്യം പാർട്ടി ഗൗരവത്തോടെ പരിശോധിക്കുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. പത്മകുമാർ പോസ്റ്റ് പിൻവലിച്ചിട്ടുണ്ടെന്നും മന്ത്രിമാർ സംസ്ഥാന കമ്മിറ്റിയിൽ ഇല്ലെങ്കിൽ ക്ഷണിതാവാക്കുകയെന്നത് കീഴ്‌വഴക്കമാണെന്ന് രാജു എബ്രഹാം വ്യക്തമാക്കി.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ സംസ്ഥാന സമിതി അംഗങ്ങളുടെ പട്ടിക വന്നശേഷമാണ് അദ്ദേഹം എഫ്ബിയിൽ പോസ്റ്റിട്ടത്. ഉച്ചഭക്ഷണം കഴിക്കാതെ സ്വദേശമായ ആറൻമുളയിലേക്ക് മടങ്ങുകയും ചെയ്തു. അതുവരെ സമ്മേളനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും പോസ്റ്റുകളുമായിരുന്നു എഫ്ബി പേജിലുണ്ടായിരുന്നത്.

സംസ്ഥാന സമിതിയിൽ ഇടം കിട്ടാതിരുന്നതും പത്തനംതിട്ട ജില്ലയിൽ നിന്ന് മന്ത്രി വീണാ ജോർജിനെ ക്ഷണിതാവായി ഉൾപ്പെടുത്തിയതുമാണ് പത്മകുമാറിനെ പ്രകോപിപ്പിച്ചത്. പാർലമെന്ററി സ്ഥാനത്ത് എത്തിയതു കൊണ്ട് മാത്രം പാർട്ടിയിൽ സ്ഥാനക്കയറ്റം നൽകുന്നത് ശരിയല്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

1983 ൽ പത്തനംതിട്ടയിൽ ആദ്യ ജില്ലാ കമ്മിറ്റി രൂപീകരിച്ചതു മുതൽ പത്മകുമാർ അംഗമായിരുന്നു. 36 വർഷമായി ജില്ലാ സെക്രട്ടേറിയറ്റംഗവുമാണ്. കോന്നിയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റാണ്. പിണറായി പക്ഷത്തിന്റെ ശക്തനായ വക്താവായിട്ടാണ് പത്മകുമാർ നിലകൊണ്ടിരുന്നത്. ഇത്തവണ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടവരിൽ ഒരാളായിരുന്നു.

അങ്ങനെയുള്ള ഒരാൾ ഒരിക്കലും ഇത്തരം വിലകുറഞ്ഞ പ്രതിഷേധങ്ങൾ പ്രകടിപ്പിക്കരുതായിരുന്നു . സംസ്ഥാനക്കമ്മിറ്റിയിൽ സ്ഥാനം കിട്ടിയില്ലെന്ന് വിചാരിച്ചു ഇത്തരം അഭിപ്രായങ്ങളൊക്കെ നടത്താമോ? പത്മകുമാറിനെക്കാളും പാരമ്പര്യമുള്ള എത്രയോ പേര് പാർട്ടിയിലുണ്ട് .

അവർക്കൊന്നും പത്മകുമാറിന്റെ അത്രയും പരിഗണ കിട്ടിയിട്ടില്ല . അവരാരും ഇത്തരം പ്രധിഷേധങ്ങൾ നടത്തിയിട്ടില്ല . അതറിഞ്ഞുകൊണ്ട് തന്നെയാണ് എം വി ഗോവിന്ദൻ പറഞ്ഞത് , പത്മകുമാരൊന്നും ഒരു പ്രശ്നവുമല്ലന്ന് .

Leave a Reply

Your email address will not be published. Required fields are marked *