Your Image Description Your Image Description

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും വേണ്ടി വാക്കേറ്റത്തിലേര്‍പ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരങ്ങളായ റഷീദ് ലത്തീഫും അഹമ്മദ് ഷെഹസാദും. താരനിരയാല്‍ സമ്പന്നമായിട്ടും ഒരുതവണപോലും ഐപിഎല്‍ കിരീടം നേടാന്‍ ബെംഗളൂരുവിനായിട്ടില്ല. മുഹമ്മദ് ആമിറിന് ബെംഗളൂരുവിനായി കളിക്കാനാകുമെങ്കില്‍ അവര്‍ക്ക് കിരീടം നേടാനാകുമെന്ന് ഷെഹസാദ് അഭിപ്രായപ്പെട്ടത്. എന്നാല്‍ ധോണി ചെന്നൈയില്‍ തുടരുന്നിടത്തോളം കാലം ഐപിഎല്‍ കിരീടത്തില്‍ തൊടാമെന്ന് പോലും ബെംഗളൂരു കരുതേണ്ടതില്ലെന്നായിരുന്നു ലത്തീഫിന്റെ മറുപടി. വാക്കേറ്റമുണ്ടായെങ്കിലും ആമിറിന് ബെംഗളൂരുവിനായി കളിക്കാനാകില്ല എന്നത് വസ്തുതയായി നിലനില്‍ക്കുന്നു. പാകിസ്ഥാന്‍ താരങ്ങളെ ഐപിഎല്ലില്‍ നിന്ന് വിലക്കിയിട്ടുള്ളതിനാലാണിത്.

2024 സീസണില്‍ പോയിന്റ് പട്ടികയുടെ അവസാന സ്ഥാനത്തുനിന്ന് തുടര്‍ ജയങ്ങള്‍ നേടി പ്ലെ ഓഫില്‍ കടക്കാന്‍ ബെംഗളൂരുവിന് സാധിച്ചിരുന്നു. ഇത്തവണ പുതിയ നായകന്റെ കീഴിലാണ് ബെംഗളൂരു ആദ്യ കിരീടം തേടി ഇറങ്ങുന്നത്. യുവതാരം രജത് പാട്ടിദാറാണ് നായകന്‍. മെഗാതാരലേലത്തിന് മുന്നോടിയായി വിരാട് കോഹ്ലി, പാട്ടിദാര്‍, യാഷ് ദയാല്‍ എന്നിവരെ മാത്രമായിരുന്നു ബെംഗളൂരു നിലനിര്‍ത്തിയിരുന്നത്. ജോഷ് ഹെയ്‌സല്‍വുഡ്, ഫില്‍ സാള്‍ട്ട്, ജിതേഷ് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയ താരങ്ങളെ ടീമിലെത്തിക്കുകയും ചെയ്തു. ഉദ്ഘാടനമത്സരത്തോടെ ബെംഗളൂരുവിന്റെ സീസണിനും തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍.

Leave a Reply

Your email address will not be published. Required fields are marked *