Your Image Description Your Image Description

നെറ്റ്ഫ്ളിക്സില്‍ അത്യപൂര്‍വനേട്ടം സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ലക്കി ഭാസ്‌കര്‍. ബോക്സ് ഓഫീസിലെ നൂറ് കോടി നേട്ടത്തിന് ശേഷം ഒടിടിയിലെത്തിയ ചിത്രം മികച്ച അഭിപ്രായമായിരുന്നു നേടിയത്. തെന്നിന്ത്യ കടന്ന് നോര്‍ത്തിലും ഇന്ത്യയുടെ മറ്റിടങ്ങളിലും ചിത്രം വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു. പ്രേക്ഷകര്‍ക്കിടയിലെ ഈ സ്വീകാര്യത നെറ്റ്ഫ്ളിക്സിലെ ഒരു ചരിത്രനേട്ടം ലക്കി ഭാസ്‌കറിന് സമ്മാനിച്ചിരിക്കുകയാണ്. തുടര്‍ച്ചയായി 100 ദിവസം നെറ്റ്ഫ്ളിക്സില്‍ ഇന്ത്യാ ടോപ് 10ല്‍ സ്ഥാനം പിടിച്ച ആദ്യ സൗത്ത് ഇന്ത്യന്‍ ചിത്രമായിരിക്കുകയാണ് ലക്കി ഭാസ്‌കര്‍. ആര്‍ആര്‍ആര്‍, ദേവരാ, കല്‍ക്കി 2898 എഡി എന്നീ സിനിമകളെ പിന്തള്ളിയാണ് ലക്കി ഭാസ്‌കര്‍ ഈ റെക്കോര്‍ഡ് കൈവരിച്ചത്.

ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 100 കോടിക്ക് മുകളിലാണ് ലക്കി ഭാസ്‌കര്‍ നേടിയത്. കേരളത്തിലും സിനിമയ്ക്ക് വലിയ നേട്ടമാണ് ഉണ്ടാക്കാന്‍ സാധിച്ചത്. ആദ്യ ദിനം 2.05 കോടി കേരളത്തില്‍ നിന്ന് നേടിയ ചിത്രത്തിന് തുടര്‍ന്നുള്ള ദിവസങ്ങളില്‍ കളക്ഷനില്‍ കുതിപ്പുണ്ടാക്കാനും സാധിച്ചു. 21.55 കോടിയാണ് സിനിമയുടെ കേരളത്തില്‍ നിന്നുള്ള ഫൈനല്‍ കളക്ഷന്‍. മൂന്ന് കോടി രൂപയ്ക്കാണ് വേഫറര്‍ ഫിലിംസ് സിനിമയുടെ കേരള വിതരണാവകാശം നേടിയതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിലൂടെ സിനിമയുടെ ലാഭം കോടികളാണ്. ലക്കി ഭാസ്‌കര്‍ നിര്‍മ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്‍ടൈന്‍മെന്റ്സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ്. മീനാക്ഷി ചൗധരി ആണ് ചിത്രത്തില്‍ നായിക..

Leave a Reply

Your email address will not be published. Required fields are marked *