Your Image Description Your Image Description

ചില വ്യവസ്ഥകള്‍ക്ക് വിധേയമായി ഒരു താല്‍ക്കാലിക വെടിനിര്‍ത്തല്‍ അംഗീകരിക്കാന്‍ റഷ്യ തയ്യാറാകുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ, സമാധാന കരാറുമായി മുന്നോട്ട് പോകാന്‍ ട്രംപ് യുക്രെയ്നില്‍ സമ്മര്‍ദ്ദം തുടരുകയാണ്. സംഘര്‍ഷം പരിഹരിക്കാന്‍ ട്രംപ് മുന്‍കൈ എടുത്തതോടെ യുദ്ധം ഏതുവിധേനെയും അവസാനിപ്പിക്കാന്‍ സെലന്‍സ്‌കിയില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. യുദ്ധം ഒത്തുതീര്‍പ്പാക്കുന്നതിന് റഷ്യയുമായി തങ്ങള്‍ വളരെ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന്,’ ട്രംപ് വെള്ളിയാഴ്ച ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘സത്യം പറഞ്ഞാല്‍, യുക്രെയ്‌നുമായി ഇടപെടുന്നത് തനിക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

റഷ്യയുടെ മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ എങ്ങനെ ലഘൂകരിക്കാമെന്ന് ട്രംപിന്റെ ഉപദേഷ്ടാക്കള്‍ ഇതിനകം തന്നെ പദ്ധതിയിടുന്നുണ്ട്, അതില്‍ എണ്ണയുടെ വിലയ്ക്ക് ഒരു പരിധി ഏര്‍പ്പെടുത്തുന്നതും അമേരിക്ക ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. ഇതിനിടെ, ഫെബ്രുവരി 28ന് അപൂര്‍വ ധാതുവിഭവങ്ങള്‍ അമേരിക്കയ്ക്ക് കൈമാറാമെന്ന കരാര്‍ ചര്‍ച്ച ചെയ്യാനായി വൈറ്റ്ഹൗസിലെത്തിയ സെലന്‍സ്‌കി ട്രംപുമായി വാക്കുത്തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതോടെ യുക്രെയ്‌ന് നല്‍കി വന്നിരുന്ന സൈനിക സേവനങ്ങള്‍ ഉടന്‍തന്നെ ട്രംപ് നിര്‍ത്തലാക്കുകയും ചെയ്തു. ഇപ്പോള്‍ അമേരിക്ക യുക്രെയ്‌ന് നല്‍കി വന്നിരുന്ന സേവനങ്ങള്‍ പുന:സ്ഥാപിക്കുന്നതിനായി അമേരിക്കന്‍-യുക്രെയ്ന്‍ ഉദ്യോഗസ്ഥര്‍ സൗദിയില്‍ കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുകയാണ്.

കഴിഞ്ഞ മാസം അമേരിക്കന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍, ഒരു ഹ്രസ്വകാല വെടിനിര്‍ത്തല്‍ പരിഗണിക്കാന്‍ റഷ്യന്‍ ഉദ്യോഗസ്ഥര്‍ സന്നദ്ധത അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ജനുവരി 20-ന് അധികാരമേറ്റതിനുശേഷം, 80 വര്‍ഷത്തിനിടയിലെ യൂറോപ്പിലെ ഏറ്റവും മോശമായ സംഘര്‍ഷത്തിന് വേഗത്തില്‍ അറുതി വരുത്താന്‍ ശ്രമിക്കുന്നതിനായി ട്രംപ് ഭരണകൂടം നിയമവ്യവസ്ഥകള്‍ പൊളിച്ചെഴുതി. കഴിഞ്ഞ മാസം അദ്ദേഹം പുടിനുമായി ടെലിഫോണ്‍ ചര്‍ച്ചകള്‍ നടത്തി, തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും ഒരു കൂടിക്കാഴ്ച നടത്താന്‍ അവര്‍ സമ്മതിച്ചു. യുക്രെയ്നിന്റെ നാറ്റോ പ്രവേശനത്തിനുള്ള അമേരിക്കന്‍ പിന്തുണ ട്രംപ് ഉപേക്ഷിച്ചു. 2014 മുതല്‍ റഷ്യ പിടിച്ചെടുത്ത എല്ലാ യുക്രെയ്ന്‍ പ്രദേശങ്ങളും തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത് യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണെന്ന് ട്രംപ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *