Your Image Description Your Image Description

സ്പേസ് എക്സിന്‍റെ സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റ് എട്ടാം പരീക്ഷണ വിക്ഷേപണത്തില്‍ പൊട്ടിത്തെറിച്ച് വിമാന ഗതാഗതം താറുമാറായതില്‍ അന്വേഷണവുമായി അമേരിക്കയിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്‌മിനിസ്ട്രേഷന്‍ (എഫ്എഎ). സ്റ്റാര്‍ഷിപ്പ് പൊട്ടിത്തെറി 240 വിമാന സര്‍വീസുകള്‍ തടസപ്പെടുത്തിയെന്നും രണ്ട് ഡസണിലധികം വിമാനങ്ങള്‍ വഴിതിരിച്ച് വിടേണ്ടി വന്നതായും എഫ്എഎ വ്യക്തമാക്കി. സ്റ്റാര്‍ഷിപ്പ് വീണ്ടും പൊട്ടിത്തെറിച്ചതിനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ സ്പേസ് എക്സിനോട് എഫ്എഎ ആവശ്യപ്പെട്ടു. ഈ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും സ്റ്റാര്‍ഷിപ്പിന് അടുത്ത പരീക്ഷണ പറക്കലിന് അനുമതി നൽകുക.

ഏഴാം പരീക്ഷണ വിക്ഷേപണത്തിന് ശേഷം എട്ടാം വിക്ഷേപണത്തിലും സ്റ്റാര്‍ഷിപ്പ് പൊട്ടിത്തെറിക്കുകയായിരുന്നു. റോക്കറ്റിന്‍റെ ഏറ്റവും മുകള്‍ ഭാഗമായ സ്പേസ്‌ക്രാഫ്റ്റ് (ഷിപ്പ്) അവശിഷ്ടങ്ങള്‍ ബഹാമാസും ടർക്സ്-കൈകോസ് ദ്വീപുകള്‍ക്കും മുകളില്‍ അന്തരീക്ഷത്തില്‍ തീജ്വാലയായി പ്രത്യക്ഷപ്പെട്ടു. ഇതോടെ ഗള്‍ഫ് ഓഫ് മെക്സിക്കോയ്ക്ക് മുകളിലൂടെയുള്ള വിമാന സര്‍വീസുകള്‍ വഴിതിരിച്ചുവിടാനും ഫ്ലോറിഡയിലെ നാല് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും എഫ്എഎ ഉത്തരവിടുകയായിരുന്നു. മിയാമി, ഫോര്‍ട്ട് ലൗഡർഡേൽ, പാം ബീച്ച്, ഒർലാൻഡോ എന്നീ വിമാനത്താവളങ്ങളിലെ സര്‍വീസുകളാണ് ഒരു മണിക്കൂറോളം നിര്‍ത്തിവച്ചത്.

അടുത്ത പരീക്ഷണത്തിന് മുമ്പ് സ്പേസും എക്സും ഫെഡറല്‍ ഏവിയേഷന്‍ അഡ്‌മിനിസ്ട്രേഷനും ചേര്‍ന്ന് പരിശോധന പൂര്‍ത്തിയാക്കണം. നേരത്തെ ഏഴാം പരീക്ഷണത്തിന് ശേഷവും സ്പേസ് എക്സുമായി ചേര്‍ന്ന് അന്വേഷണം എഫ്എഎ നടത്തിയെങ്കിലും അന്തിമ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നില്ല. എങ്കിലും എട്ടാം പരീക്ഷണ വിക്ഷേപണത്തിന് മുമ്പ് വരുത്തേണ്ട മാറ്റങ്ങള്‍ എഫ്എഎ നിര്‍ദേശിച്ചിരുന്നു. അതേസമയം ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും വരാത്ത പ്രത്യേക ലോഞ്ച് കോറിഡോറിലൂടെയാണ് സ്റ്റാര്‍ഷിപ്പിന്‍റെ പരീക്ഷണ വിക്ഷേപണങ്ങള്‍ നടത്തുന്നതെന്നും യാതൊരു പ്രത്യാഘാതങ്ങളും ഉണ്ടാവില്ല എന്നുമാണ് സ്പേസ് എക്സിന്‍റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *