Your Image Description Your Image Description

കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി മദ്യനിരോധനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വിരലിലെണ്ണാവുന്ന സ്ത്രീകളിൽ പ്രധാനിയാണ് ഒ.ജെ ചിന്നമ്മ. മറ്റൊരു തരത്തിൽ പറഞ്ഞാൽ കേരളത്തിലെ കുടുംബ ബന്ധങ്ങളെയും യുവജനകളെയും ലഹരിവലയത്തിൽ നിന്ന് കൈപിടിച്ചുയർത്താൻ തന്റെ ജീവിതം ഒരു നിയോഗമായി മാറ്റിയ വനിത, അങ്ങനെ പറയുന്നതാവും കൂടുതൽ ശരി. ഗാന്ധിയൻ ആശയങ്ങളെ മാതൃകയാക്കി കേരളത്തെ ലഹരിവിമുക്തമാക്കാൻ രാപ്പകൽ പ്രയത്നിച്ച ഒരു ധീര വനിതയെന്ന നിലയിൽ ചരിത്രത്തിൽ എഴുതിച്ചേർക്കേണ്ട പേരാണ് ഒ.ജെ ചിന്നമ്മയുടേത്.

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലെ മുൻ സംസ്‌കൃത വിഭാഗം അധ്യാപികയായി ചിന്നമ്മ സേവനമനുഷ്ഠിച്ചു. മദ്യപാനിയായ ഭർത്താവിന് ജീവിതത്തിന്റെ വെളിച്ചം പകർന്നു നൽകി ലഹരിവിമുക്തനാക്കികൊണ്ട് തുടക്കം. പിന്നീടങ്ങോട്ടുള്ള ചുവടുകളിൽ തന്റേത് പോലുള്ള ജീവിത സാഹചര്യങ്ങളിപ്പെട്ട് വേദനിക്കുന്ന കുടുംബിനികളെ സഹായിച്ചും, അവരുടെ പ്രശ്നങ്ങളിൽ മൂർച്ഛിച്ചു നിൽക്കുന്ന ലഹരിയുപയോഗത്തിൽനിന്ന് ഭർത്താക്കന്മാരെയും കൗമാരക്കാരായ മക്കളെയും തിരികെക്കൊണ്ടുവരാൻ പ്രയത്നിക്കുകയും ചെയ്തു.

സമൂഹത്തിലെ ലഹരിയെന്ന വ്യഥയെ ശിഥിലമാക്കാൻ അവരെക്കൊണ്ട് ആവുന്നതൊക്കെ ശ്രമിച്ചു, അതും മറ്റാരും ചിന്തിച്ചു തുടങ്ങാത്ത ഒരു കാലത്തുതന്നെ ശക്തമായ പ്രതിഷേധങ്ങളും പ്രവർത്തനങ്ങളും നടത്തി എന്നുള്ളതാണ് ഏറ്റവും മഹത്തായ കാര്യം. ഏറെ ചർച്ചകളിലും വാർത്തകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുള്ള വ്യക്തിയാണ് ചിന്നമ്മ. സഹായം അഭ്യർത്ഥിച്ചു വരുന്നവരോട് അനുകമ്പയും സഹാനുഭൂതിയും പ്രകടിപ്പിക്കുകയും, ഭർത്താവിൽനിന്ന് പീഡനം അനുഭവിക്കേണ്ടി വന്ന സ്ത്രീകളെ പല രാത്രികളിലും തന്റെ വീട്ടിൽ അഭയം കൊടുക്കുകയും ചെയ്ത ഓർമകളും ചിന്നമ്മ പങ്കുവെച്ചിട്ടുണ്ട്.

ലക്ഷ്യമൊന്നുമാത്രം മുന്നിൽ വ്യക്തമായികൊണ്ടിരിക്കെ, താൻ നേരിട്ട പ്രതിസന്ധികൾക്ക് കണക്കില്ലെന്ന് ചിന്നമ്മ പലപ്പോഴും ആവർത്തിച്ചിട്ടുണ്ട്. ഒരു സമൂഹത്തിനുവേണ്ടി പ്രവർത്തിക്കാൻ ഇറങ്ങിത്തിരിക്കുന്ന ഏതൊരാളും അഭിമുഖികരിക്കുന്ന അതേ യാതനകൾ, പല തോതിൽ പല ഭാവത്തിൽ. എന്നിരുന്നാലും ലഹരിഞ്ഞെരുക്കത്തിൽ നിന്ന് താൻ രക്ഷിക്കുന്ന ജീവന്റെ പുതിയ വെളിച്ചം ചിന്നമ്മക്ക് പ്രചോദനം നൽകിക്കൊണ്ടിരുന്നു.

തികച്ചും സംവേദനാത്മകമായ വിഷയമായതുകൊണ്ട് തന്നെ ചിന്നമ്മയുടെ ആഗ്രഹം പോലെ സുസ്ഥിരമായ ഒരു നേട്ടം നേടാൻ അവർക്ക് കഴിയാതെ പോയെന്നുള്ളത് ഒരു സത്യമാണ് മറ്റൊരു അർദ്ധത്തിൽ പറഞ്ഞാൽ അത്രമേൽ ലഹരിക്കടിമപ്പെട്ട ഒരു കൂട്ടം ജനങ്ങൾ തന്നെയാരുന്നു അവരുടെ പ്രധാന വെല്ലുവിളി. ‘പെണ്ണുങ്ങൾക് പറ്റുന്ന പണിയല്ല’ എന്ന് പല പഴമക്കാരും തീരുമാനിച്ച് ഉറപ്പിച്ചുവെച്ചിട്ടുള്ള ചില മേഖലകളുണ്ട്. അതിലെ സുപ്രധാന വഴിയിലൂടെയായിരുന്നു ചിന്നമ്മയുടെ യാത്രയെന്നും അതിലുടനീളം നിസ്വാർഥമായി പ്രവർത്തിക്കാൻ അവർക്കു കഴിഞ്ഞു എന്നുള്ളതുമാണ് നമ്മെ ഏറെ ചിന്തിപ്പിക്കുന്ന മറ്റൊരു കാര്യം.

കേരള മദ്യ നിരോധന സമിതി (വനിതാ വിഭാഗം) സംസ്ഥാന പ്രസിഡന്റ്, തലക്കുളത്തൂർ പഞ്ചായത്തംഗം എന്നീ നിലകളിൽ ചിന്നമ്മ പ്രവർത്തിച്ചിട്ടുണ്ട്. തന്റെ സേവങ്ങൾക്ക്‌ ആദരസൂചകമായി നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. പൊതുജന ക്ഷേമത്തിനുവേണ്ടിയുള്ള ചിന്നമ്മയുടെ പോരാട്ടം ഇപ്പോഴും തുടർന്നുപോകുന്നു. കാലകാലങ്ങളായി ആർജിച്ചെടുത്ത കരുത്തും, അർപ്പണഭാവവും, സഹനുഭൂതിയും നിക്ഷിപ്തമായ ഒരനശ്വര വ്യക്തിത്വം. അതിൽ കുറഞ്ഞ മറ്റൊരു പ്രയോഗത്തിന് അവർ അർഹയല്ല.

മദ്യവും മറ്റു ലഹരി ഉത്പന്നങ്ങളും ചെറുത്തുനിൽക്കാൻ കൽപ്പുള്ള ഒരു ജനതയെ സൃഷ്ടിക്കാൻ പൂർണമായി സാധിച്ചില്ലെങ്കിലും മദ്യപാനികളുടെ ചിന്തക്ക് അതീതമായി ആഞ്ഞടിക്കാൻ ചിന്നമ്മക്ക് സാധിച്ചിട്ടുണ്ട്. ഒന്നും രണ്ടും അല്ല ഇരപതോളം കള്ളുഷാപ്പുകളാണ് ചിന്നമ്മയുടെയും അവരുടെ ഭർത്താവിന്റെയും പ്രവർത്തന ഫലമായി അടച്ചു പൂട്ടാൻ കഴിഞ്ഞത്. ഒരു മന്ത്രിക്കു പോലും ചെയ്യാൻ കഴിയാതിരുന്ന കാര്യമായിരുന്നു അത്. അത്ര വലിയൊരു മുന്നേറ്റത്തിന്റെ അനന്തര ഫലവും ഒട്ടും ചെറുതാകില്ലെന്ന് ചിന്തി ച്ചെടുക്കാൻ പറ്റാവുന്നതേയുള്ളു. അതേതുടർന്നുണ്ടായ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അവരെ തളർത്തിയില്ല. കാരണം അത്ര വലിയൊരു വിപ്ലവത്തിന് തുടക്കമിടാൻ കഴിഞ്ഞു എന്നുള്ളത് തന്നെ അവരുടെ വിജയമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *