Your Image Description Your Image Description

ഏതു സമയത്തും ഓടിയെത്തുന്ന ആംബുലൻസ് ഡ്രൈവർ, ജീവൻ കൈയിൽ പിടിച്ച് പറക്കുമ്പോൾ ദൈവത്തിന്റെ കരമാണ് ദീപയ്ക്ക്. ആംബുലൻസ് ഡ്രൈവർ എന്നു കേൾക്കുമ്പോഴെ എല്ലാവരുടെയും മനസ്സിൽ തെളിയുന്നത് പുരുഷന്മാരുടെ രൂപമായിരിക്കും. എന്നാൽ ആ കാഴ്ചപ്പാടിനെയൊക്കെ മാറ്റിമറിക്കുന്ന ഒരു വനിതാ ഡ്രൈവർ മൂന്ന് വർഷമായി കോട്ടയത്തുണ്ട്. സമൂഹത്തിന്റെ സമസ്ത മേഖലകളിലും പെൺകരുത്ത് സാന്നിധ്യമറിയിക്കുമ്പോൾ സാധാരണ സ്ത്രീകൾ കടന്നു വരാത്ത ഒരു മേഖലയിൽ ചുവടുറപ്പിച്ചിരിക്കുകയാണ് കോട്ടയം മേമുറി സ്വദേശിനി ദീപ. കുട്ടികാലം തൊട്ടേ ഡ്രൈവിങ് ഇഷ്ടമായിരുന്നു ദീപയ്ക്ക്. ആദ്യം ഓടിക്കാൻ പഠിച്ചത് ടൂ വീലറാണ്. വിവാഹ ശേഷമാണ് ഫോർവീലർ ലൈസൻസ് സ്വന്തമാക്കിയത്.

സംസ്ഥാന സര്‍ക്കാരിന്റെ കനിവ് 108 ആംബുലന്‍സ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറാണ് ദീപ. രാജ്യത്ത് വളരെ ചുരുക്കം വനിതകള്‍ മാത്രമാണ് ട്രാവലര്‍ ആംബുലന്‍സുകള്‍ ഓടിക്കുന്നത്. അതിൽ ഒരാളാണ് ദീപ. 2008ല്‍ ലൈസന്‍സ് എടുത്ത ദീപമോള്‍ അടുത്ത വര്‍ഷം ഹെവി ലൈസന്‍സും നേടി. ബൈക്കുകളും ലോറികളും ബസുകളും ദീപ ഓടിക്കും. ഭര്‍ത്താവ് മോഹനന്റെ ആരോഗ്യപ്രശ്‌നങ്ങളാണ് ഡ്രൈവിങ് മേഖലയില്‍ തുടരാനുള്ള തീരുമാനത്തിലേക്ക് ദീപയെ നയിച്ചത്. ഡ്രൈവിങ് മേഖല തുടര്‍ന്ന് ഉപജീവന മാര്‍ഗമാക്കാന്‍ ദീപ തീരുമാനിച്ചു. ഡ്രൈവിങ് സ്‌കൂള്‍ അധ്യാപികയായും, ടിപ്പര്‍ ലോറി ഡ്രൈവറായും, ടാക്സി ഡ്രൈവറായുമൊക്കെ ജീവിതത്തിൽ പല വേഷങ്ങൾ കെട്ടിയെങ്കിലും ഒന്നിലും നിർത്തിയില്ല. സ്വപ്‌നങ്ങൾ കണ്ടുകൊണ്ടേയിരുന്നു.

2021ല്‍ കോട്ടയം -ലഡാക് ബൈക്ക് യാത്ര എന്ന ദീർഘ നാളുകളായുള്ള മോഹം സഫലീകരിച്ചു. ഭർത്താവ് മോഹനന്റേയും മകന്‍ ദീപക്കിന്റെയും പിന്തുണയില്‍ 36 ദിവസം കൊണ്ടാണ് യാത്ര പൂര്‍ത്തിയാക്കിയത്. തന്റെ സ്വന്തം ഡോമിനർ ബൈക്ക് ഓടിച്ച് 7,283 കിലോമീറ്റർ പിന്നിട്ടാണ് ലഡാക്കിൽ എത്തിയത്. ഇതിനിടെ കുന്നംകുളത്തെ ഓഫ് റോഡ് ജീപ്പ് മത്സരത്തിലും ദീപ ഒന്നാമത്തെതി. ജീവിത സാഹചര്യങ്ങൾ മോശമായ സാഹചര്യത്തിലാണ് ആംബുലന്‍സ് ഡ്രൈവറെ ആവശ്യമുണ്ടെന്ന പരസ്യം ഫേസ്ബുക്കിൽ കണ്ടത്. കനിവ് 108 ആംബുലൻ‍സ് സർവീസിലേക്ക് അപേക്ഷിച്ചെങ്കിലും ഒന്നര വർഷത്തോളം കാത്തിരിക്കേണ്ടി വന്നു ദീപയ്ക്ക്. പങ്കെടുത്ത മൂന്നു സ്ത്രീകളിൽ ടെസ്റ്റ് പാസ്സായത് ദീപ മാത്രമായിരുന്നു. അങ്ങനെ 2022 മാർച്ച് 8–നു ഒരു വനിതാ ദിനത്തിൽ ദീപ ആരോഗ്യ മന്ത്രിയിൽ നിന്നും ആംബുലൻസിന്റെ താക്കോൽ സ്വന്തമാക്കി പ്രയാണം ആരംഭിച്ചു.

ആംബുലന്‍സ് ഡ്രൈവര്‍ ആകണമെന്ന ആഗ്രഹം അറിയിച്ച ദീപയ്ക്ക് സര്‍ക്കാര്‍ അവസരം ഒരുക്കി നല്‍കുകയായിരുന്നു. യാത്രകളോടുള്ള അതിയായ മോഹമാണ് ഡ്രൈവിങ് ലൈസന്‍സെടുക്കാന്‍ പ്രേരണയായത്. പതിവായി ഓഫ് റോഡ് മത്സരങ്ങളിൽ പങ്കെടുക്കുന്ന ദീപ മോഹൻ ഒട്ടേറെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. സ്ത്രീകള്‍ അടുക്കളയില്‍ മാത്രം ഒതുങ്ങാതെ നമുക്ക് അറിയാവുന്ന തൊഴിലുമായി സമൂഹത്തിലേക്ക് ഇറങ്ങണമെന്നാണ് ദീപയുടെ നിലപാട്. ഏത് തൊഴിലും ചെയ്യാനുള്ള മനോധൈര്യം സ്ത്രീകള്‍ക്ക് ഉണ്ടാകണം. മറ്റാരെയും ആശ്രയിക്കാതെ സ്വന്തം നിലയില്‍ സാമ്പത്തിക ഭദ്രത ഉണ്ടാക്കിയെടുക്കണമെന്നും ദീപ പറയുന്നു.

നമ്മൾ ആശുപത്രിയിലെത്തിക്കുന്നവർ രക്ഷപെടുമ്പോഴുണ്ടാകുന്ന സന്തോഷം അത് തന്നെയാണ് ഈ ‍‍ജോലി ചെയ്യാനുള്ള പ്രചോദനവും. മറ്റു ഡ്രൈവിങ് ജോലി പോലെയല്ല എമർജൻസി റെസ്ക്യൂ സർവീസുകൾ. സമയ ബന്ധിതമായി കാര്യങ്ങൾ ചെയ്യാൻ കഴിയണം ഒരു അപകടം അറിഞ്ഞു കഴിഞ്ഞാൽ നമുക്ക് തയാറാവാനുള്ള സമയം മൂന്നു മിനിറ്റാണ് ആ സമയത്തിനുള്ളിൽ വാഹനം സ്റ്റാർട്ട് ചെയ്തിരിക്കണം. സ്ത്രീ എന്ന നിലയിൽ ഈ മേഖലയിൽ എനിക്കൊരു വെല്ലുവിളികളും നേരിടേണ്ടി വന്നിട്ടില്ല. മെക്കാനിക്കലായി ഒരുപാട് കാര്യങ്ങൾ ഒന്നും അറിയില്ല. രാവിലെ 8 മണി മുതൽ വൈകുന്നേരം 8 മണി വരെയാണ് ജോലി സമയം. തലയോലപ്പറമ്പ് സിഎച്ച്സിയിൽ ആയിരുന്നു ആദ്യ നിയമനം. ഇപ്പോൾ കോട്ടയം ജനറല്‍ ആശുപത്രിയിലായാണ്. യാത്രകൾ ചെയ്യാൻ ഒരുപാട് ഇഷ്ടമാണ് ഡ്രൈവിങ് പഠിച്ചതു പോലും ഒറ്റയ്ക്കു നാടുകൾ കാണാൻ വേണ്ടിയായിരുന്നു. ഇപ്പോഴും ഒരു ദിവസം അവധി കിട്ടിയാൽ ഞാൻ യാത്രകൾ ചെയ്യാൻ ശ്രമിക്കാറുണ്ട് ദീപ പറയുന്നു. ട്രെയ്‌ലറിന്റെ ലൈസൻസ് എടുക്കാനുള്ള തയാറെടുപ്പിലാണ് ദീപ ഇപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *