Your Image Description Your Image Description

കേരളത്തിൽ ലഹരി ഉപയോഗവും അതുമൂലം അക്രമങ്ങളും അപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ലഹരിയ്ക്കെതിരെ ‘ജീവിതമാണ് ലഹരി’ കാമ്പയിൻ ആരംഭിക്കുന്നു. ഇതിനു മുന്നോടിയായി നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന ആലോചനായോഗം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു.

കാമ്പയിന്റെ പ്രധാന പ്രവർത്തന മേഖലയായ കായികരംഗത്തേക്ക് വിദ്യാർഥികളെയും യുവജനങ്ങളെയും ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സ്പോർട്‌സാണ് ലഹരി പദ്ധതിക്ക് കൂടുതൽ പ്രചാരണം നൽകും. എല്ലാ സ്കൂളുകളിലും കായിക പരിശീലന പരിപാടി നടപ്പാക്കും. ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്ത് വാർഡുകളിലും പുതിയ ക്ലബ്ബുകൾ രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കും. ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് തലത്തിൽ ക്ലബ്ബുകൾക്ക് കായിക ഉപകരണങ്ങൾ നൽകുന്നതിനാവശ്യമായ സഹായവും ഏറ്റവും കൂടുതൽ ക്ലബ്ബുകൾ രജിസ്റ്റർ ചെയ്യുന്ന പഞ്ചായത്തിന് അവാർഡും നൽകും. കാമ്പയിനിൻ്റെ ഭഗമായി ഗ്രാമപഞ്ചായത്തുകളിൽ ലഹരി വസ്തുക്കൾ വിൽക്കുകയോ, ഉപയോഗിക്കുകയോ ചെയ്യുന്ന കേന്ദ്രങ്ങളെ ഹോട്ട് സ്പോട്ടുകളായി അടയാളപ്പെടുത്തി സിസിടിവി കാമറകൾ ഉൾപ്പെടെ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും. പ്രദേശത്തെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, യുവജന സംഘടന പ്രതിനിധികൾ, കുടുബശ്രീ ഭാരവാഹികൾ, ക്ലബ്, വായനശാല ഭാരവാഹികൾ, പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ പങ്കെടുപ്പിച്ച് ഹോട്ട് സ്പോട്ടുകളിൽ യോഗങ്ങൾ സംഘടിപ്പിക്കും. ലഹരി വസ്തുക്കളുടെ ഉപയോഗവും വിതരണവും സംബന്ധിച്ച് പൊലീസിനും എക്സൈസിനും വിവരം നൽകുന്നതിന് ടോൾ ഫ്രീ നമ്പറിൻ്റെ പ്രചാരണം ആരംഭിക്കും. അമിത അക്രമവാസന പ്രചരിപ്പിക്കുന്ന സിനിമകൾ, കൊറിയൻ സിനിമകൾ, ഗെയിമുകൾ എന്നിവ കുട്ടികളുടെ മാനസികാവസ്ഥയെ സ്വാധീനിക്കുന്നതിനെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്യും. ലഹരിക്കെതിരെയുള്ള ഉള്ളടക്കം ഉൾപ്പെടുത്തി ഏപ്രിൽ അവസാനത്തോടെ കുട്ടികളെ പങ്കെടുപ്പിച്ചുള്ള സ്വർഗ്ഗോൽസവവും ഷോർട്ട് ഫിലിമുകൾ, ഡോക്യുമെന്ററികൾ, സിനിമകൾ എന്നിവ കോർത്തിണക്കിയ ചലച്ചിത്രോത്സവവും സംഘടിപ്പിക്കും.

‘ജീവിതമാണ് ലഹരി’ കാമ്പയിന്റെ ഭാഗമായി ലഹരിക്കെതിരെ ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി ചെയർപേഴ്സണും സെക്രട്ടറി കെ ആർ ദേവദാസ് കൺവീനറും ജെപിസി പ്രദീപ്കുമാർ കോർഡിനേറ്ററുമായ 1001 അംഗ സംഘാടക സമിതിയും രൂപികരിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ എസ് ശിവപ്രസാദ് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ എം വി പ്രിയ, ടി എസ് താഹ, ബിനു ഐസക് രാജു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ആർ ദേവദാസ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി ജെ ജോസഫ്, ജില്ലാ പഞ്ചായത്തംഗങ്ങൾ, വിവിധ വകുപ്പ് മേധാവികൾ, സംഘടനാപ്രതിനിധികൾ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *