Your Image Description Your Image Description

ആലപ്പുഴ നഗരത്തിലെ വാണിജ്യ സ്ഥാപനങ്ങളിലെ മാലിന്യസംസ്‌കരണ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഏകദിന ശില്പശാലയും ബയോബിന്‍ വിതരണവും സംഘടിപ്പിച്ചു. കര്‍മ്മ സദന്‍ പാസ്റ്ററല്‍ സെന്റര്‍ ഹാളില്‍ പി പി ചിത്തരഞ്ജന്‍ എംഎല്‍എ ശില്‍പശാല ഉദ്ഘാടനം ചെയ്തു.

മാലിന്യ സംസ്കരണം നിരന്തരം നടക്കേണ്ട ജനകീയ യജ്ഞമാണെന്നും മാലിന്യ സംസ്കരണത്തിൽ ആലപ്പുഴ നഗരസഭ നിസ്വാർത്ഥമായ ഇടപെടലുകളാണ് നടത്തുന്നതെന്നും എംഎൽഎ പറഞ്ഞു. മാലിന്യമുക്ത നവകേരളം യാഥാർത്ഥ്യമാക്കാൻ വ്യാപാര സമൂഹത്തിന്റെ പിന്തുണ ആവശ്യമാണ്. ഭാവിയിലെ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്കാവശ്യമായ സമഗ്ര രൂപരേഖ ശില്പശാലയിലൂടെ ലഭിക്കും. നഗരസഭയെയും പഞ്ചായത്തുകളെയും ഉൾക്കൊള്ളിച്ചുകൊണ്ട് മാലിന്യ നിർമാർജനത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ നഗരസഭ അധ്യക്ഷ കെ കെ ജയമ്മ അധ്യക്ഷയായി. ടെക്‌നോളജി ആന്‍ഡ് ഗവേര്‍ണന്‍സ് സപ്പോര്‍ട്ട് ഫോറം(ടാഗ്‌സ് ഫോറം), ടെക്‌നോളജി ഇന്‍ഫോര്‍മാറ്റിക്‌സ് ഡിസൈന്‍ എന്‍ഡിവര്‍ (ടയിഡ്) എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന് തയ്യാറാക്കിയ ആലപ്പുഴ നഗരസഭാ പരിധിയിലെ മാലിന്യ സംസ്‌കരണ രീതികളുടെ സമഗ്ര പഠനറിപ്പോര്‍ട്ട് പ്രകാശനം എംഎല്‍എയും നഗരസഭ അധ്യക്ഷയും ചേർന്ന് നിര്‍വഹിച്ചു. സ്കൂളുകൾക്കുള്ള ബയോ ബിൻ വിതരണം നഗരസഭ സ്ഥിരംസമിതി അധ്യക്ഷ എ എസ് കവിത, നഗരസഭാംഗം റീഗോ രാജു എന്നിവർ ചേർന്ന് നിർവഹിച്ചു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ എം ആര്‍ പ്രേം, എം ജി സതീദേവി, മാലിന്യമുക്ത നവകേരളം നോഡല്‍ ഓഫീസര്‍ സി ജയകുമാര്‍, നഗരസഭ ഹെല്‍ത്ത് ഓഫീസര്‍ കെ പി വര്‍ഗീസ്, വ്യാപാര സ്ഥാപന പ്രതിനിധികള്‍, വ്യവസായ പ്രതിനിധികള്‍, വ്യാപാര സംഘടനകള്‍, നഗരസഭ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *