Your Image Description Your Image Description

മസ്കറ്റ്: ഒമാനില്‍ 19 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ സയാമീസ് ഇരട്ടകളെ വിജയകരമായി വേർപെടുത്തി. ഒമാൻ ആരോഗ്യ മന്ത്രി ഡോക്ടർ ഹിലാൽ ബിൻ അലി അൽസബ്തിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് വളരെ സങ്കീർണ്ണമായ ഈ ശസ്ത്രക്രിയ നടത്തിയത്. ഒമാൻ ആരോഗ്യ രംഗത്ത് ഈ സുപ്രധാന നാഴികക്കല്ല് കൈവരിച്ചത് ഓംഫാലോപാഗസ് അവസ്ഥയിലുള്ള ഇരട്ടകളുടെ ആദ്യ വേർപിരിയൽ വിജയകരമായി നടത്തിക്കൊണ്ടാണ്. ഇത്തരത്തിലുള്ള ഒമാനിലെ ആദ്യ ശസ്ത്രക്രിയയാണിത്.

ഇരട്ടകൾ ഇപ്പോൾ ഐസിയുവിൽ തീവ്രപരിചരണത്തിലാണ്. അവരുടെ ആരോഗ്യനില ക്രമാനുഗതമായി മെച്ചപ്പെട്ടുവരികയാണെന്നും ഒമാൻ ന്യൂസ് ഏജൻസിയുടെ വാർത്തകുറിപ്പിൽ പറയുന്നു. റോയൽ ഹോസ്പിറ്റൽ, ഖൗള ഹോസ്പിറ്റൽ, മെഡിക്കൽ സിറ്റി ഹോസ്പിറ്റൽ ഫോർ മിലിട്ടറി ആൻഡ് സെക്യൂരിറ്റി സർവീസസ്, നിസ്വ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്നുള്ള തിരഞ്ഞെടുത്ത സർജൻമാരും മെഡിക്കൽ ടീമുകളും ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി വിദഗ്ധരാണ് മെഡിക്കൽ സംഘത്തിൽ ഉൾപ്പെട്ടിരുന്നത്. സാധ്യമായ ഏറ്റവും മികച്ച ഫലങ്ങൾ ഉറപ്പാക്കുന്നതിനായി സമഗ്രമായ ഒരു മെഡിക്കൽ പദ്ധതി പ്രകാരമാണ് സംഘത്തെ ഏകോപിപ്പിച്ചത്.

രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ പുരോഗതിയും പ്രാപ്തിയും ഈ നേട്ടത്തിലൂടെ പ്രതിഫലിപ്പിക്കുന്നു. ഇരട്ട കുട്ടികളുടെ പിതാവായ സെയ്ദ് അൽ മുസ്ലാഹി, ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്കിനോട് നന്ദി പറഞ്ഞതായും വാർത്താ കുറിപ്പിൽ പറയുന്നു. ‘ശസ്ത്രക്രിയ വിജയകരമായതിന് ദൈവത്തിന് നന്ദി, ഇരട്ടകൾക്ക് ആരോഗ്യകരമായ ജീവിതവും ശോഭനമായ ഭാവിയും ഞങ്ങൾ നേരുന്നു’- ഒമാൻ ആരോഗ്യ മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *