Your Image Description Your Image Description

കൊല്ലം : കൊല്ലം ജില്ല രൂപീകൃതമായതിന്റെ എഴുപത്തിയഞ്ചാമത് വാർഷികത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് നടക്കുന്ന പ്രദർശന വിപണന മേളയിലെ പുസ്തക സ്റ്റാളുകൾ പുസ്തക പ്രേമികൾക്ക് ആവേശമാകും. മാതൃഭൂമി ബുക്സ്, ഡിസി ബുക്സ്, യുവമേള പബ്ലിക്കേഷൻസ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ ബുക്ക്സ്, കേരള മീഡിയ അക്കാദമി, ചിന്ത പബ്ലിക്കേഷൻ, സദ്ഭാവന ട്രസ്റ്റ്, മൈത്രി ബുക്ക്, പ്രഭാത് ബുക്സ് തുടങ്ങി നിരവധി പ്രസാധകരുടെ പ്രസിദ്ധീകരണങ്ങൾ പുസ്തകമേളയുടെ മാറ്റുകൂട്ടുകയാണ്. പ്രമുഖരായ എഴുത്തുകാരുടെ മുതൽ യുവ എഴുത്തുകാരുടെ വരെയുള്ള സൃഷ്ടികൾ വിലക്കുറവിൽ വാങ്ങാനുള്ള അവസരം കൂടി ഒരുക്കുകയാണ് മേള.

മാതൃഭൂമി ബുക്സിന്റെ സ്റ്റാളിൽ 1000 രൂപ വരെയുള്ള പുസ്തകങ്ങൾക്ക് 10 ശതമാനം ഡിസ്കൗണ്ട് നൽകുന്നുണ്ട്. ലൈബ്രറി, സ്കൂൾ, കോളേജ് എന്നിവയ്ക്ക് മാതൃഭൂമി ബുക്സ് 33.3 ശതമാനം ഡിസ്കൗണ്ടും മേളയിൽ നൽകുന്നുണ്ട്.ഡിസി ബുക്സിന്റെ എല്ലാ പ്രധാനപ്പെട്ട പ്രസിദ്ധീകരണങ്ങളും മേളയിൽ വിപണനത്തിനായി എത്തിച്ചിട്ടുണ്ട്. 50 രൂപ മുതൽ 1000 രൂപ വരെയുള്ള പുസ്തകങ്ങൾക്ക് 10 ശതമാനം വരെ ഇളവും ലഭിക്കും.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നിരവധി മേഖലകളിലുള്ള പുസ്തകങ്ങൾ 20 ശതമാനം മുതൽ ഡിസ്കൗണ്ടോടെയാണ് വിൽക്കുന്നത്. ആയിരം രൂപയ്ക്ക് മുകളിൽ പുസ്തകം വാങ്ങുന്നവർക്ക് 25 ശതമാനം ഇളവ്, 2000 രൂപയ്ക്ക് മുകളിൽ വാങ്ങുന്നവർക്ക് 30 ശതമാനം ഇളവ്, 5000 രൂപയ്ക്ക് മുകളിൽ വാങ്ങുന്നവർക്ക് 35% ഇളവ്, 10000 രൂപയ്ക്ക് മുകളിൽ വാങ്ങുന്നവർക്ക് 40% ഇളവ്, 25000 രൂപയ്ക്ക് മുകളിൽ വാങ്ങുന്നവർക്ക് 45 ശതമാനം ഇളവ്, ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വാങ്ങുന്നവർക്ക് 50% ഇളവ് എന്നിങ്ങനെ ആകർഷണീയമായ ഇളവുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

യുവ മേള പബ്ലിക്കേഷൻസിൻ്റെ സ്റ്റാളിൽ 35 ശതമാനം ഡിസ്കൗണ്ടും ലഭ്യമാകും. മലയാളഭാഷയിലെ ആദ്യത്തെ കഥയായ ‘വേങ്ങയിൽ കുഞ്ഞിരാമൻ നായരുടെ കഥകൾ’ എന്ന പുസ്തകം യുവ മേള പബ്ലിക്കേഷൻസിന്റെ സ്റ്റോളിലുണ്ട്.നാഷണൽ ബുക്സിന്റെ സ്റ്റാളിൽ കാൾ മാർക്സിന്റെ മൂലധനത്തിന്റെ മലയാളഭാഷയിലുള്ള 2880 രൂപ വില വരുന്ന മൂന്നു വാല്യങ്ങൾ ഒരുമിച്ച് വാങ്ങുന്നവർക്ക് 1440 രൂപയ്ക്ക് ലഭ്യമാവും.

മാധ്യമ മേഖലയിലെ പ്രധാനപ്പെട്ട എഴുത്തുകാരുടെ രചനകൾ കേരള മീഡിയ അക്കാദമിയുടെ സ്റ്റാളിൽ ലഭ്യമാണ്. മാധ്യമങ്ങളുടെ ആദ്യ കാലം മുതൽ നവമാധ്യമങ്ങൾ വരെയുള്ള ചരിത്രം അടങ്ങിയിട്ടുള്ള പുസ്തകങ്ങൾ 20 ശതമാനം വിലക്കുറവിൽ ഇവിടെ ലഭിക്കും.രാഷ്ട്രീയം, നോവൽ, കഥ , കവിത, പഠനങ്ങൾ, ബാലസാഹിത്യം, സിനിമ, നാടകം ,സംസ്കാരം, എന്നിങ്ങനെ നിരവധി മേഖലകളിൽ ഉള്ള പുസ്തകങ്ങൾ 10 ശതമാനം ഡിസ്കൗണ്ടിലാണ് ചിന്താ പബ്ലിക്കേഷൻസ് നൽകുന്നത്. 500 രൂപ മുതലുള്ള പുസ്തകങ്ങൾക്ക് 10 ശതമാനവും ആയിരം രൂപ മുതലുള്ള പുസ്തകങ്ങൾക്ക് 20 ശതമാനവുമാണ് ഇളവ് നൽകുന്നത്.

ചങ്ങമ്പുഴയുടെ ഏക നോവലായ കളിത്തോഴി, മലയാള ഭാഷാ സാഹിത്യം, കഥാസമാഹാരം, യുജിസി നെറ്റ് പുസ്തകങ്ങൾ തുടങ്ങിയവയ രചന ബുക്ക്സ് സ്റ്റാളിൽ ലഭിക്കും. മൂന്ന് ഭാഗമായി തിരിച്ച സ്റ്റാളിൽ ആദ്യഭാഗത്ത് ഇരിക്കുന്ന ഏതു പുസ്തകം എടുത്താലും 200രൂപയ്ക്ക് ലഭ്യമാകുമെന്ന ആകർഷണീയ ഓഫറുമുണ്ട്. പഴയ പുസ്തകങ്ങൾ കൊടുത്താൽ ഡിസ്കൗണ്ട് വിലയിൽ പുതിയ പുസ്തകങ്ങൾ വാങ്ങാനുള്ള അവസരവും ഇവിടെയുണ്ട്. പ്രഭാത് ബുക്സിൻ്റെ സ്‌റ്റാളിൽ 10 മുതൽ 20 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും. സ്കൂൾ, കോളേജ്, ലൈബ്രറികൾക്ക് 35 ശതമാനം വരെ ഇളവു ലഭിക്കും.

മൈത്രി ബുക്ക്സിന്റെ സ്റ്റാളിൽ പ്രധാനമായും ഇംഗ്ലീഷ്,മലയാളം നോൺ ഫിക്ഷൻ നോവലുകളാണുള്ളത്. പെരിയാർ ഇ വി രാമസ്വാമിയുടെ ഇരുപത്തിയഞ്ചോളം പുസ്തകങ്ങൾ, മാർക്സ്, എംഗൽസ്, ലെനിൻ എന്നിവരുടെ പുസ്തകങ്ങളും വിൽപനയ്ക്കായുണ്ട്. കേരള സംസ്ഥാന സർവ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പുസ്തക സ്‌റ്റാളിൽ 11560 രൂപ മുഖവിലയുള്ള വിജ്ഞാനകോശം ഗ്രന്ഥങ്ങൾ 4750 രൂപയ്ക്ക് ലഭ്യമാകും. കൂടാതെ പരിമിത കാലത്തേക്ക് ആകർഷകമായ വിലക്കിഴിവിൽ മാസതവണകളായി അടക്കാവുന്ന ക്രെഡിറ്റ് പദ്ധതി, അംഗീകൃത ഏജൻസികൾക്ക് 50 ശതമാനം കിഴിവ് എന്നിവയും ലഭ്യമാകുന്നുണ്ട്. 100 രൂപ മുതൽ 1000 രൂപ വരെയുള്ള പുസ്തകങ്ങൾ അഞ്ചു മുതൽ 10 ശതമാനം വരെ ഡിസ്കൗണ്ടിലാണ് സൈന്ധവ ബുക്ക്സിന്റെ സ്റ്റാളിൽ നിന്ന് ലഭ്യമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *