Your Image Description Your Image Description

മികച്ച സഹ നടിയ്ക്കുള്ള ഓസ്കർ പുരസ്കാരം സോയി സൽദാന ഏറ്റു വാങ്ങി. എമിലിയ പെരെസ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം ലഭിച്ചത്. മുൻ പുരസ്‌കാര ജേതാവ് ഡാവിൻ ജോയ് റാൻഡോൾഫിന്റെ കയ്യിൽ നിന്നാണ് നടി തന്റെ ആദ്യ ഓസ്കർ പുരസ്കാരം ഏറ്റു വാങ്ങിയത്. ഓസ്കർ നേടുന്ന ഡൊമിനിക്കൻ വംശജയായ ആദ്യ അമേരിക്കക്കാരിയാണ് സോയി സൽദാന. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് നടി പ്രസംഗം പൂർത്തിയാക്കിയത്.

“മമ്മി! മമ്മി!”, എന്റെ അമ്മ ഇവിടെയുണ്ട്, എന്റെ കുടുംബം ഇവിടെയുണ്ട്, ഈ അംഗീകാരത്തിൽ ആശ്ചര്യമാണുണ്ടായത്, റീത്ത പോലുള്ള ഒരു സ്ത്രീയുടെ ധീരതയും ശക്തിയും തിരിച്ചറിഞ്ഞതിനും, മറ്റ് ശക്തരായ സ്ത്രീകളെക്കുറിച്ച് സംസാരിക്കുന്നതിനും അക്കാദമിക്ക് നന്ദി. എന്റെ സഹോദരിമാരായ നോമിനികളേ, നിങ്ങൾ എനിക്ക് നൽകിയ സ്നേഹവും പിന്തുണയും സത്യമായും വലിയ സമ്മാനമാണ്, ഞാൻ അതിന് പ്രത്യുപകാരം ചെയ്യും.” കണ്ണീരണിഞ്ഞുകൊണ്ട് സൽദാന പറഞ്ഞു.

ഒരു ലാറ്റിൻ അമേരിക്കൻ ചിത്രത്തിലൂടെയാണ് സോയി സൽദാന തന്റെ ആദ്യ ഓസ്കർ നേടിയതെന്നത് ശ്രദ്ധേയമാണ്. വിരമിച്ച ശേഷം ഒരു സ്ത്രീയായി ജീവിക്കാൻ ആഗ്രഹിക്കുന്ന കുപ്രസിദ്ധനായ ഒരു മുൻ കാർട്ടൽ ബോസിനെ സഹായിക്കാൻ നിയോഗിക്കപ്പെടുന്ന ഒരു അഭിഭാഷകയുടെ കഥയാണ് എമിലിയ പെരെസ് പറയുന്നത്. അവതാർ, ഗാർഡീയൻസ് ഓഫ് ദി ഗ്യാലക്സി തുടങ്ങിയ ഹോളിവുഡ് സിനിമകളിലൂടെ ആഗോളതലത്തിൽ പ്രസിദ്ധി നേടിയ അഭിനേത്രിയാണ് സോയി സൽദാന.

Leave a Reply

Your email address will not be published. Required fields are marked *