Your Image Description Your Image Description

തിരുവനന്തപുരം: പാലിയേറ്റീവ് പരിചരണ രംഗത്ത് മറ്റൊരു സുപ്രധാന ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങി കേരളം. ‘കേരള കെയര്‍’ എന്ന പേരില്‍ പാലിയേറ്റീവ് സംവിധാനങ്ങളുടെ ഒരു കെയര്‍ ഗ്രിഡിന് സംസ്ഥാന സർക്കാർ രൂപം നൽകുന്നത്. തിങ്കളാഴ്ച രാവിലെ 11.30 മണിക്ക് നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ച് പാലിയേറ്റീവ് കെയര്‍ ഗ്രിഡിന്റെ ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവര്‍ ഈ ചടങ്ങിൽ സന്നിഹിതരാകും.

സര്‍ക്കാര്‍, സന്നദ്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളേയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് പാലിയേറ്റീവ് കെയര്‍ ഗ്രിഡ് രൂപീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നവകേരളം കര്‍മ്മപദ്ധതി- രണ്ട്, ആര്‍ദ്രം മിഷനിലെ പത്ത് പ്രധാന പ്രവര്‍ത്തന മേഖലകളിലൊന്നാണ് പാലിയേറ്റീവ് കെയര്‍. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ സമഗ്ര പാലിയേറ്റീവ് കെയര്‍ ആക്ഷന്‍ പ്ലാന്‍ പ്രകാരമാണ് പാലിയേറ്റീവ് കെയര്‍ ഗ്രിഡ് രൂപീകരിച്ചത്. കിടപ്പിലായ ഓരോ രോഗിയുടെയും സമീപ പ്രദേശത്ത് പരിശീലനം ലഭിച്ച ഒരു സന്നദ്ധ പ്രവര്‍ത്തകന്റെ സേവനം ഉറപ്പാക്കി വരുന്നു. ഇതിന് പുറമേയാണ് സാന്ത്വന പരിചരണം ഏകോപിപ്പിക്കുന്നതിന് പാലിയേറ്റീവ് കെയര്‍ ഗ്രിഡ് രൂപീകരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെയാണ് പാലിയേറ്റീവ് പരിചരണം നടിപ്പിലാക്കി വരുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ അഭിമുഖ്യത്തിലാണ് ഗ്രിഡ് രൂപീകരിച്ചിട്ടുള്ളത്. ടെസ്റ്റ് റണ്‍, സെക്യൂരിറ്റി ഓഡിറ്റ് എന്നിവ പൂര്‍ത്തിയാക്കിയാണ് ഗ്രിഡ് സജ്ജമാക്കിയത്. പുതിയ രോഗികളെ രജിസ്റ്റര്‍ ചെയ്ത് തുടര്‍പരിചരണം നല്‍കല്‍, സന്നദ്ധ പ്രവത്തകരുടെ രജിസ്‌ട്രേഷനും പരിശീലനവും നല്‍കല്‍, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സന്നദ്ധ സംഘടനകള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കല്‍, പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ തിരഞ്ഞെടുക്കുവാനുള്ള സൗകര്യം, പ്രവര്‍ത്തങ്ങള്‍ വിലയിരുത്തുന്നതിന് സംസ്ഥാന, ജില്ലാ, പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ ഡാഷ് ബോര്‍ഡ്. പൊതുജനങ്ങള്‍ക്കുള്ള ഡാഷ് ബോര്‍ഡ് എന്നിവയാണ് ഗ്രിഡിൽ ഉണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *