Your Image Description Your Image Description

ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കര്‍ 2024 നവംബറിലാണ് നെറ്റ്ഫ്ലിക്സില്‍ ഡിജിറ്റൽ പ്രീമിയർ ചെയ്തത്. എന്നാല്‍ നെറ്റ്ഫ്ലിക്സിൽ 13 ആഴ്ച തുടർച്ചയായി ട്രെൻഡ് ചെയ്യുന്ന ആദ്യത്തെ ദക്ഷിണേന്ത്യൻ ചിത്രമായി മാറി റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് ചിത്രം. “ലക്കി ഭാസ്കറിന്‍റെ മൈൻഡ് ഗെയിം ഡിജിറ്റലിലും ശ്രദ്ധേയ നേട്ടം കരസ്ഥമാക്കുന്നു. നെറ്റ്ഫ്ലിക്സില്‍ 13 ആഴ്‌ച തുടർച്ചയായി ട്രെൻഡ് ചെയ്‌ത ആദ്യത്തെ ദക്ഷിണേന്ത്യൻ സിനിമയായി ചിത്രം” ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ബാനറായ സിതാര എന്‍റര്‍ടെയ്മെന്‍റ് എക്സില്‍ പോസ്റ്റ് ചെയ്താണ് അറിയിച്ചത്.

ദുല്‍ഖറിന്‍റെ കരിയറിലെ ആദ്യ 100 കോടി ചിത്രമായ ലക്കി ഭാസ്‍കറിന്‍റെ ഇതുവരെയുള്ള ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 110 കോടിക്ക് മുകളിലാണ്. തീയറ്ററില്‍ റിലീസ് ചെയ്ത് 29മത്തെ ദിവസമാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയത്. പിരീഡ് ക്രൈം ഡ്രാമ വിഭാ​ഗത്തില്‍ പെടുന്ന ചിത്രം സാമ്പത്തിക മേഖലയിലെ തട്ടിപ്പ് പ്രമേയമാക്കുന്ന ഒന്നാണ്. ഒരു സാധാരണ ബാങ്ക് ജീവനക്കാരില്‍ നിന്നും ദുല്‍ഖറിന്‍റെ ഭാസ്കര്‍ നേടുന്ന അതിശയിപ്പിക്കുന്ന സാമ്പത്തിക വളര്‍ച്ചയാണ് ചിത്രം ദൃശ്യവത്‍കരിച്ചിരിക്കുന്നത്. കേരളമുള്‍പ്പെടെ എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. കൂടാതെ വിദേശ മാര്‍ക്കറ്റുകളിലും വിജയം നേടിയിരുന്നു.

വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രമാണ് ലക്കി ഭാസ്‍കര്‍. മീനാക്ഷി ചൗധരിയാണ് നായികയായി എത്തിയിരിക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയി എത്തിയ ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്

Leave a Reply

Your email address will not be published. Required fields are marked *