Your Image Description Your Image Description

ചെന്നൈ: 60 കോടി രൂപയുടെ ക്രിപ്റ്റോകറൻസി തട്ടിപ്പ് കേസിൽ പുതുച്ചേരി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കേസുമായി ബന്ധപ്പെട്ട് നടിമാരായ തമന്ന ഭാട്ടിയയേയും കാജൽ അഗർവാളിനെയും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. റിട്ടയേർഡ് സർക്കാർ ജീവനക്കാരനായ അശോകൻ നൽകിയ പരാതിയിലാണ് താരങ്ങളെയും ചോദ്യം ചെയ്യുക. ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു എന്നാണ് പരാതി.

പണം തട്ടിയെടുത്ത കമ്പനിയുടെ ഉദ്ഘാടനത്തിലും പ്രചാരണ പരിപാടികളിലും നടിമാർ പങ്കെടുത്തിരുന്നു. പുതുച്ചേരിയിൽ നിന്നുള്ള 10 പേരിൽനിന്ന് 2.40 കോടി തട്ടിയെന്നാണു പരാതി. കേസിൽ അറസ്റ്റിലായവരിൽ നിന്നാണ് നടിമാരുടെ പങ്കാളിത്തത്തെക്കുറിച്ച് സൂചന ലഭിച്ചത്. 2022ൽ നടി തമന്ന ഉൾപ്പെടെയുള്ള സിനിമാ രംഗത്തെ പ്രമുഖരെ അണിനിരത്തിയായിരുന്നു കമ്പനിയുടെ തുടക്കം.

മൂന്നു മാസത്തിന് ശേഷം നടി കാജൽ അഗർവാൾ ചെന്നൈയിലെ മഹാബലിപുരത്തെ നക്ഷത്ര ഹോട്ടലിൽ കമ്പനിയുടെ പരിപാടിയിൽ പങ്കെടുത്ത് 100 പേർക്കു കാറുകൾ സമ്മാനമായി നൽകി. മുംബൈയിൽ നടന്ന പരിപാടിയിലും അവർ പങ്കെടുത്തതായി പൊലീസ് പറയുന്നു. ഇരുവർക്കും കമ്പനിയിൽ പങ്കാളിത്തമുണ്ടോയെന്ന സംശയത്തെ തുടർന്നാണു ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.

അന്വേഷണം കൂടുതൽ ശക്തമാകുന്നതിനിടെ നിതീഷ് ജെയിൻ (36), അരവിന്ദ് കുമാർ (40) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തമന്നയെയും കാജൽ അഗർവാളിനെയും ചോദ്യം ചെയ്യുന്നതിലൂടെ തട്ടിപ്പ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണ സംഘത്തിന്റെ നി​ഗമനം.

Leave a Reply

Your email address will not be published. Required fields are marked *