Your Image Description Your Image Description

യുഎസ്: ട്രാന്‍സ്ജെന്‍ഡരായ സൈനികരെ സൈനിക സേവനത്തിൽ നിന്നും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ച് യുഎസ്. പെന്റഗൺ ഇത് സംബന്ധിച്ച മെമ്മോ പുറത്തിറക്കി. സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ചില്ലെങ്കിൽ 30 ദിവസത്തിനുള്ളിൽ ട്രാന്‍സ്ജെന്‍ഡര്‍ സൈനികരെ പിരിച്ചുവിടുമെന്നാണ് ഉത്തരവിലുള്ളത്. അതേസമയം, യുദ്ധം ചെയ്യാനുള്ള കഴിവുകളുള്ളവർക്ക് ഇളവുകൾ ലഭിച്ചേക്കാം. അല്ലാത്തവർക്ക് സൈന്യത്തിൽ തുടരാനുള്ള യോ​ഗ്യത ഉണ്ടായിരിക്കില്ലെന്നും പെന്റ​ഗൺ ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി.

ഈ അളവിന് അർഹത ലഭിക്കണമെങ്കിൽ സാമൂഹികമോ തൊഴിൽപരമോ ആയ ബുദ്ധിമുട്ടുകളില്ലെന്ന് തെളിക്കുന്നതോടൊപ്പം ലൈം​ഗികതയിൽ തുടർച്ചയായ 36 മാസത്തെ സ്ഥിരത പ്രകടിപ്പിക്കുകയും വേണമെന്നാണ് ഉത്തരവിൽ പറയുന്നത്. സൈനിക റിക്രൂട്ട്മെന്റിലെ നിര്‍ണായക ഘടകമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ‘അയോഗ്യത’ രേഖപ്പെടുത്തി മെഡിക്കല്‍ ഫിറ്റ്‌നസില്‍ പരാജയപ്പെടുത്തി ട്രാന്‍സ്ജെന്‍ഡറായ സൈനികരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാനാണ് പദ്ധതി എന്ന റിപ്പോർട്ട് നേരത്തേ പുറത്തുവന്നിരുന്നു.

ട്രാൻസ്ജെൻഡർമാരെ രാജ്യത്തിന്റെ സൈനിക സേവനങ്ങളിൽനിന്ന് മാറ്റിനിർത്തുന്നതിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജനുവരി അവസാനം ഉത്തരവിട്ടിരുന്നു. നിലവിലുള്ള ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് സര്‍വീസില്‍ തുടരാമെന്നും എല്‍.ജി.ബി.ടി.ക്യു വിഭാഗത്തില്‍പ്പെട്ടവരെ സൈന്യത്തിലേക്ക് പുതുതായി റിക്രൂട്ട് ചെയ്യേണ്ടതില്ലെന്നുമായിരുന്നു ഉത്തരവ്. 2016-ൽ അന്നത്തെ പ്രസിഡന്റായ ബരാക് ഒബാമയാണ് ട്രാന്‍സ്ജെന്‍ഡർമാർക്ക് സൈന്യത്തിൽ ചേരുന്നതിനുള്ള വിലക്ക് നീക്കിയത്. ഇത് സൈന്യത്തിലേക്ക് പുതിയ ട്രാന്‍സ്ജെന്‍ഡർ നിയമനങ്ങൾക്ക് തുടക്കമിട്ടു. എന്നാൽ 2019-ൽ ആദ്യ ട്രംപ് ഭരണകൂടം ഇതിൽ നിയന്ത്രണം ഏർപ്പെടുത്തി.

പിന്നീട് 2021-ൽ ജോ ബൈഡൻ ഈ നിയന്ത്രണങ്ങൾ ഇല്ലാതാക്കുകയും യോ​ഗ്യതയുള്ള എല്ലാ അമേരിക്കക്കാർക്കും രാജ്യത്തെ സേവിക്കാനുള്ള അവസരം ഉണ്ടാകണമെന്ന് വാദിക്കുകയും ചെയ്തു. രണ്ടാം ട്രംപ് ഭരണകൂടം അധികാരത്തിലേറിയതോടെയുള്ള ഇപ്പോഴത്തെ തീരുമാനം യു.എസ് സൈന്യത്തില്‍ ജോലി ചെയ്യുന്ന ട്രാന്‍സ് സൈനികരുടെ ഭാവി അനിശ്ചിതത്വത്തില്‍ ആക്കിയിരിക്കുകയാണ്. നിലവില്‍ 15000 ട്രാന്‍സ് സൈനികരാണ് യു.എസ് സൈന്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *