Your Image Description Your Image Description

അതീവ ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തി സൈബർ ലോകത്ത് വൈറലായ താരമാണ് നിള നമ്പ്യാർ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന നിള നമ്പ്യാർ അഡൽട്ട് വെബ് സീരിസ് സംവിധാനം ചെയ്യുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ‘ലോല കോട്ടേജ്’ എന്ന പേരിലാണ് വെബ് സീരിസ് ഒരുക്കുന്നത്. നിള നമ്പ്യാർ സംവിധാനവും നിർമാണവും നിർവഹിക്കുന്ന വെബ് സീരീസിൽ അലൻസിയർ പ്രധാന വേഷം അവതരിപ്പിക്കും.

കുട്ടിക്കാനത്ത് ചിത്രീകരണം പുരോഗമിക്കുന്ന വെബ് സീരിസിന്റെ ഷൂട്ടിങ് വിവരങ്ങൾ നടി പങ്കുവയ്ക്കുന്നുണ്ട്. മോഡൽ ബ്ലെസി സിൽവസ്റ്റർ ആണ് വെബ് സീരിസിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഉടൻ തന്നെ ചിത്രീകരണം പൂർത്തിയാക്കാനാണ് താരം പദ്ധതിയിടുന്നത്. നിള നമ്പ്യാർ ഒഫീഷ്യൽ എന്ന യൂട്യൂബ് ചാനലിലൂടെ വെബ് സീരിസ് പുറത്തിറക്കാനാണ് നടി പദ്ധതിയിടുന്നത്.

ന്യൂഡ് ഫോട്ടോഷൂട്ട് നടത്തിയും ഗ്ലാമർ മോഡലായിട്ടുമൊക്കെയായി മലയാളികൾക്ക് പരിചിതയായ നിള നമ്പ്യാർ മുസ്ലീം കുടുംബത്തിലാണ് ജനിച്ചത്. ​ഗ്ലാമർ ഫോട്ടോ ഷൂട്ട് നടത്തിയതിന്റെ പേരിൽ തന്നെ സമുദായത്തിൽ നിന്നും പുറത്താക്കിയെന്ന് താരം ഒരു അഭിമുഖത്തിൽ നേരത്തേ വ്യക്തമാക്കിയിരുന്നു. സിനിമ ലക്ഷ്യം വെച്ച് തുടങ്ങിയ യാത്രയാണെന്നും താരം പറഞ്ഞിരുന്നു.

താരം അന്ന് പറഞ്ഞത് ഇങ്ങനെ…

ജനിച്ചത് മുസ്ലിം കമ്യൂണിറ്റിയിലായിരുന്നു. പക്ഷേ ടീഷർട്ടും ഷോർട്ട്‌സും ധരിച്ചുള്ള ഫോട്ടോഷൂട്ട് നടത്തിയതിന്റെ പേരിൽ എന്നെ കമ്യൂണിറ്റിയിൽ നിന്നും പുറത്താക്കി. അതിന് ശേഷമാണ് ഈ മേഖലയിൽ സജീവമാകുന്നത്. വയറ് കാണിച്ച് അഭിനയിച്ചതിന്റെ പേരിലാണ് നടി അൻസിബ ഹാസനെ കമ്യൂണിറ്റി പുറത്താക്കുന്നത്. നാട്ടിലേക്ക് പോകാൻ പറ്റാതെ വന്നു. അങ്ങനെയുള്ള അവസ്ഥയിലാണ് ഈയൊരു ഫീൽഡ് തിരഞ്ഞെടുത്തത്. ആദ്യം ഒരു ഫോട്ടോഗ്രാഫർ വിളിച്ചിട്ട് കുറച്ച് ഗ്ലാമർ ഫോട്ടോസ് എടുത്തോട്ടെ എന്ന് ചോദിച്ചു. ആദ്യം ഞാനതിന് സമ്മതിച്ചില്ല. പിന്നെ നാടൻ വേഷത്തിലുള്ള ഫോട്ടോസാണ് ആദ്യം എടുക്കുന്നത്.

എനിക്ക് കുട്ടികളും ഭർത്താവുമടങ്ങുന്ന ഫാമിലിയൊക്കെ ഉണ്ട്. ഇൻസ്റ്റാഗ്രാമിൽ ഹാപ്പിലി ഡിവോഴ്‌സ്ഡ് എന്ന് കൊടുത്തത് ഒരു തമാശയ്ക്ക് വേണ്ടി ചെയ്തതാണ്. അല്ലാതെ താൻ ഡിവോഴ്‌സ് അല്ല. എല്ലാത്തിനും സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കുന്നത് ഭർത്താവാണ്. കുട്ടികളുടെയും വീടിന്റെ കാര്യവും നോക്കുന്നത് ഭർത്താവാണ്. അവർക്കൊപ്പം പുറത്ത് പോകുമ്പോൾ ഞാൻ മാസ്‌ക് ധരിക്കാറുണ്ട്. അതൊരു വിഷമം ഉള്ള കാര്യമാണ്.പിന്നെ അവർക്ക് വേണ്ടിയാണ് ഞാനിത് ചെയ്യുന്നതെന്ന് ഓർക്കുമ്പോൾ വിഷമമില്ല. മുന്നോട്ടുള്ള ജീവിതത്തിൽ ഈ ജോലി ചെയ്യുന്നത് എന്തിനാണെന്ന് പിള്ളേർ ചോദിക്കുമോ എന്നൊരു പേടിയുണ്ട്. പക്ഷേ അവർക്കിത് ഏറെ കുറേ അറിയാം. മക്കൾക്ക് കുഴപ്പമൊന്നുമില്ല. അവരോട് പറഞ്ഞിട്ടാണ് ഞാനീ ഷൂട്ടിന് ഇറങ്ങിയത്.

സമൂഹം എന്നെ നല്ല രീതിയിലാണോ മോശം രീതിയിലാണോ നോക്കി കാണുന്നത് എന്നൊന്നും എനിക്കറിയില്ല. നല്ല രീതിയിൽ മെസേജ് അയക്കുന്നവരും ഉണ്ട്. പിന്നെ പുറത്ത് ഷൂട്ടിനൊക്കെ പോകുമ്പോൾ ആൺകുട്ടികളും പെൺകുട്ടികളുമൊക്കെ എന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാറുണ്ട്. അൻപതും അറുപത് വയസിനുമൊക്കെ മുകളിലോട്ട് ഉള്ളവരൊക്കെ വന്ന് സംസാരിക്കുന്നതൊക്കെ വളരെ മോശമായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്.ചെറുപ്പക്കാർക്ക് ഞാൻ എന്താണെന്ന് അറിയാം. സെലിബ്രിറ്റികളെ കാണുമ്പോൾ ഫോട്ടോ എടുക്കാൻ വരുന്നത് പോലെ പെൺകുട്ടികളാണ് കൂടുതലും വരാറുള്ളത്. അവരത് പോസ്റ്റ് ചെയ്യാറുമുണ്ട്.

നീയൊരു വേശ്യ അല്ലേ എന്ന ചോദ്യം ഇതുവരെ എവിടെ നിന്നും കേൾക്കേണ്ടതായി വന്നിട്ടില്ല. മെസേജ് അയച്ച് പോലും ആളുകൾ ചോദിച്ചിട്ടില്ല. എല്ലാവർക്കും വിവരം വെച്ചു. ഇതുമൊരു പ്രൊഫഷനാണെന്ന് ആളുകൾ മനസിലാക്കി തുടങ്ങി. മാത്രമല്ല ഞാനാർക്കും റിപ്ലേ കൊടുക്കാത്തത് കൊണ്ട് ചേച്ചിയെ കിട്ടത്തില്ലെന്ന് ഇൻസ്റ്റാഗ്രാമിൽ ചിലർ പറയുകയും ചെയ്തിരുന്നു. സിനിമയിൽ നല്ലൊരു അവസരം കിട്ടിയാൽ അഭിനയിക്കും എന്നേയുള്ളു. അതുവരെ ഈയൊരു മേഖലയിൽ നിന്ന് മാറാൻ താൻ ഉദ്ദേശിക്കുന്നില്ല. ഇതിലേക്ക് വന്നതിനെ ഓർത്ത് ഒരിക്കലും വിഷമിക്കേണ്ടതായിട്ടോ സങ്കടമോ ഇതുവരെ തോന്നിയിട്ടില്ല. കാരണം അത്രത്തോളം ആലോചിച്ചിട്ടാണ് ഇതിലേക്ക് എത്തിയത്.

ഇടയ്ക്ക് ഞാനും ഭർത്താവും കൂടെ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. മക്കൾ ആയതിന് ശേഷമാണ്. കമ്യൂണിറ്റിയിലും മറ്റുമൊക്കെ പ്രശ്‌നം ഞങ്ങളോട് മാത്രമായിരുന്നല്ലോ. പിള്ളേരെ അവർ വന്ന് കൊണ്ട് പോയിക്കൊള്ളുമല്ലോ എന്നേ ചിന്തിച്ചിരുന്നുള്ളു. പക്ഷേ ഇളയമകൻ വന്ന് അമ്മേ എന്ന് വിളിച്ചതോടെ ആ തീരുമാനത്തിൽ നിന്നും പിന്മാറി. ഞാൻ കുറച്ച് ഫോട്ടോസൊക്കെ ഇട്ടതിന് ശേഷമാണ് നാട്ടിലേക്ക് പോകാൻ പോലും പറ്റാതെ വന്നത്. ഉള്ള ജോലി കൊണ്ട് ജീവിക്കാനും പറ്റില്ലെന്ന അവസ്ഥയായി. ആ സമയത്ത് വീട്ടിൽ വിളിച്ചാൽ ഭർത്താവിന്റെ ഉമ്മ ഫോൺ എടുക്കും. എന്റെ ഉമ്മയും ഉപ്പയും ഫോൺ ബ്ലോക്ക് ആക്കി.

എല്ലാം നിർത്തി, ഇനി നാട്ടിലേക്ക് പോകാമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് വിളിച്ച് നോക്കുന്നത്. പക്ഷേ ഫോൺ എടുക്കാതെ വന്നു. ഇതോടെ ഞാനും ഭർത്താവും ഒരുമിച്ചിരുന്ന് സംസാരക്കുമ്പോൾ ഇനി മതി, നിർത്തിയിട്ട് അങ്ങ് മരിച്ചാലോ? പിള്ളേരെ ഇഷ്ടമുള്ളത് കൊണ്ട് അവർ നോക്കിക്കൊള്ളും, എന്ന് ചിന്തിച്ചു. നിനക്ക് എന്ത് പറ്റി ധൈര്യമൊക്കെ ചോർന്ന് പോയോ എന്നാണ് ആദ്യം പുള്ളി ചോദിച്ചത്. ധൈര്യമില്ലാത്തതല്ല, അതാവും നല്ലതെന്ന് തോന്നിയെന്ന് ഞാനും പറഞ്ഞു. മരിക്കാമെന്നത് എന്റെ തീരുമാനമായിരുന്നു. ആദ്യമൊക്കെ ഓരോരുത്തർ ആത്മഹത്യ ചെയ്തു എന്ന വാർത്ത കേൾക്കുമ്പോൾ ഇങ്ങനെ മണ്ടത്തരം ആരെങ്കിലും കാണിക്കുമോ എന്നൊക്കെ ചിന്തിച്ചു. പക്ഷേ സ്വന്തം ജീവിതം വന്നപ്പോഴാണ് മരിക്കാൻ വളരെ എളുപ്പമാണെന്നും ജീവിക്കാനാണ് ബുദ്ധിമുട്ടെന്ന് മനസിലാക്കുന്നത്.

ഞങ്ങൾ മരിച്ചത് എല്ലാവരും അറിയണമല്ലോ എന്ന് കരുതി വാതിൽ തുറന്നിട്ടു. പിള്ളേർ ഉറങ്ങിയെന്നാണ് കരുതിയതെങ്കിലും ഇളയമകൻ വന്ന് വിളിച്ചു. ഇതോടെ ശരിക്കുമൊരു ധൈര്യം തിരികെ കിട്ടിയത് പോലെയായി. അന്ന് മരിച്ചിരുന്നെങ്കിൽ അവൾ സിനിമയിൽ അഭിനയിക്കാൻ പോയിട്ട് അവസാനം ഈ ഗതിയിലെത്തി എന്നേ എല്ലാവരും പറയുകയുള്ളു. എങ്കിൽ പിന്നെ ഇഷ്ടമുള്ളത് പോലെ ജീവിക്കാമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ഈ മേഖലയിൽ സജീവമായത്.

Leave a Reply

Your email address will not be published. Required fields are marked *