Your Image Description Your Image Description

അവിഹിതത്തിന് ആൺ പെൺ ഭേദമുണ്ടോ? ഉണ്ടെന്നാണ് എന്റെ പക്ഷം .വിവാഹേതരബന്ധം ഒരു വാക്ക് കേൾക്കുമ്പോൾ 90% പേരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് സ്ത്രീ മുഖങ്ങൾ ആണ്. കാരണം ഏതൊരു വിവാഹേതര ബന്ധത്തിലും അല്ലാതെയും സ്ത്രീ തന്നെയാണ് കുറ്റവാളി ആകുന്നത്. അഴുക്ക് കണ്ടാൽ ചവിട്ടും വെള്ളം കണ്ടാൽ കഴുകും ഇതൊരു ആൺ ചൊല്ലാണ്. പെണ്ണിന് ഇത് ബാധകമല്ല.പ്രണയമോ സ്നേഹമോ നടിച്ച് വരുന്ന പുരുഷന്മാരെ സ്ത്രീകൾ സൂക്ഷിക്കുക.കല്യാണം കഴിച്ച് സ്ത്രീയോട് കാണിക്കുന്ന “പ്രണയവും സ്നേഹവും”,കാമം തീർക്കാനുള്ള ഉപാധിമാത്രമാണ്.അതൊന്നും മനസ്സിലാക്കാത്ത ബുദ്ധിയില്ലാത്ത സ്ത്രീകൾ ചാടിക്കേറി ഓടി പോകുന്നത്.വഴിയിൽ ആ ബന്ധം തീരും.രാവിലെ വായിച്ച ഒരു ലേഖനത്തിലെ വരികൾ തുടങ്ങുന്നത് ഇങ്ങനെയാണ്. അതോടൊപ്പം കുടുംബവും വഴിയാധാരമാകും.പറഞ്ഞതിൽ പാതി സത്യമാണ് പാതി പതിരും .എന്നാലും തീരെ യോജിക്കാൻ കഴിയാത്തത് അതിന്റെ തലക്കെട്ടിനോടാണ് വേലി ചാടുന്നവർ. വേലി ചാടുന്നത് പെണ്ണാണ് . എന്തുകൊണ്ടാണ് പെണ്ണിന് മാത്രം അങ്ങനെ ഒരു പേര് .ആര് ,എങ്ങനെ ,ആരുടെ കൂടെ, എവിടെ ജീവിക്കണം എന്നുള്ളതൊക്കെ വ്യക്തിസ്വാതന്ത്ര്യം ആണ്. പക്ഷേ ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ ആ സമൂഹത്തിന്റെ ചട്ടങ്ങളും നിയമങ്ങളും മാമൂലുകളും കുറച്ചൊക്കെ അനുസരിച്ച് മുന്നോട്ട് പോയേ മതിയാകൂ. എന്ന് കരുതി മാമൂലുകൾ എല്ലാം സ്ത്രീകൾക്ക് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതല്ല എന്നൊരു തിരുത്തുകൂടി ആവശ്യമാണ്.ജീവിതത്തിന്റെ ഒരു കാലഘട്ടത്തിനുശേഷം പ്രണയബന്ധങ്ങളിൽ പെട്ടുപോകുന്ന പലരുടെയും ജീവിതകഥകൾ ഇന്ന് കേൾക്കുന്നുണ്ട് അതിൽ പലതും പൂർവ വിദ്യാർത്ഥി സംഗമ വേദികളിൽ നിന്നാണ് മുള പൊട്ടുന്നത് എന്നുള്ളതുകൊണ്ടുതന്നെ പൂർവ വിദ്യാർത്ഥി സംഗമ വേദികളെല്ലാം വിവാഹേതര ബന്ധങ്ങളുടെ വിളനിലം ആണെന്ന് ഒരു വയ്പ്പ് തന്നെയുണ്ട്. കുടുംബ ജീവിതത്തിൽ ഭർത്താവും മക്കളും വലിയ വീടും കാറും ബാങ്ക് ബാലൻസ് ജോലിയും ഒക്കെ ഉണ്ടായിട്ടും സ്ത്രീ ഇത്തരം പ്രണയബന്ധങ്ങളിൽ വീണുപോകുന്നു പലരും ആ ചതിക്കുഴികളുടെ ഇരയായി ആത്മഹത്യ ചെയ്യുന്നു മറ്റു ചിലർ വിഷാദരോഗതിയിലേക്ക് കൂപ്പു കുത്തുന്നു ഇനിയൊരു വിഭാഗം വലിയൊരു കുറ്റബോധം പേറി ജീവിച്ചു തീർക്കുന്നു. ഇതൊക്കെയാണ് അടുത്തിടയായി സദാചാരവാദികളുടെ വാദം.ഇക്കരെ നിൽക്കുമ്പോൾ അക്കരപ്പച്ച എന്ന് തോന്നുന്ന ഒരു വലിയ വിഭാഗമുണ്ട്. ഒരു ഇണയിലും തനിക്കുള്ള സമ്പത്തിലും സുഖസൗകര്യങ്ങളിലും ഒന്നും തൃപ്തിയില്ലാതെ മറ്റു ബന്ധങ്ങൾ തേടി പോകുന്ന പുരുഷനും സ്ത്രീയും ഉണ്ട്. സ്വന്തം ഇണയെ വഞ്ചിച്ച് കുട്ടികളെയും കുടുംബത്തിനെയും അനാഥമാക്കി മറ്റു സുഖസൗകര്യങ്ങളിൽ ഭ്രമിച്ച് ഇറങ്ങിപ്പോകുന്നവരെ ഒരു ന്യായീകരണം കൊണ്ടും ശുദ്ധീകരിക്കാൻ കഴിയില്ല.പെട്ടെന്നുള്ള തോന്നലിന്റെ പുറത്ത് മറ്റ് ബന്ധങ്ങളിലേക്ക് എടുത്ത് ചാടുമ്പോൾ ഇരുന്നതുമില്ല പിടിച്ചതുമില്ല എന്ന അവസ്ഥയാകരുത്. ഒരിടത്തു ചാടലിന് സൃഷ്ടിക്കേണ്ട ഒന്നല്ല ജീവിതകാലം മുഴുവൻ നിലനിർത്താൻ ആഗ്രഹിക്കുന്ന ഒരു ബന്ധം. ചൂടുവെള്ളത്തിൽ വീണ പൂച്ചയുടെ കരുതലാണ് ഏത് പച്ചവെള്ളം കാണുമ്പോഴും ഉണ്ടാകേണ്ടത്. അല്ലാതെ ഒന്നിൽ നിന്ന് രക്ഷപ്പെടാൻ മറ്റൊന്ന് എന്നോ അല്ലെങ്കിൽ ഇതിനേക്കാൾ സുഖമുള്ള മറ്റെന്നെന്നോ ചിന്തിക്കുന്നത് പക്വതയില്ലായ്മയാണ്. നല്ല കുടുംബ ബന്ധങ്ങൾ ശിഥിലമാക്കി കൊണ്ട് സ്വാർത്ഥത കാണിക്കുന്നത് പലപ്പോഴും വലിയ അബദ്ധങ്ങൾ ആയാണ് മാറാറ്. അങ്ങനെ ആത്മഹത്യയിൽ അഭയം തേടിയ ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും. ഇതേ സമയം മറ്റ് സുഖസൗകര്യങ്ങൾ ഒക്കെയുണ്ട് പക്ഷേ ഇണക്ക് സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ല, നല്ലൊരു വാക്കു പോലും പറയാറില്ല ഒന്നും ചേർത്തു പിടിക്കുകയോ ആശ്വസിപ്പിക്കുകയോ പരസ്പരം പങ്കാളികൾ എന്താണ് എന്നുള്ള തിരിച്ചറിവോ ഒന്നുമില്ല എന്ന് പറയുന്ന സ്ത്രീകളും പുരുഷന്മാരും ഉണ്ട്. ഇതൊരു വലിയ കാര്യമാണോ എന്നാണ് സദാചാരവാദികളുടെ ചോദ്യം. ഇതൊരു വലിയ കാര്യമാണ്. പണത്തിനും അധികാരത്തിനും വില കൊടുത്തു വാങ്ങാൻ കഴിയാത്ത ചില കാര്യങ്ങളുണ്ട്. പലപ്പോഴും ജോലി തിരക്കുകളും ഉത്തരവാദിത്വ ഭാണ്ഡവും കാരണം ഇണകൾ തമ്മിലുള്ള സംഭാഷണം നിന്നു പോകാറുണ്ട്. അവർക്ക് കുട്ടികളെ പറ്റിയും ലോണിനെ പറ്റിയും വീട്ടുസാധനങ്ങളെ പറ്റിയും അല്ലാതൊന്നും പങ്കുവക്കാനില്ലാത്ത അവസ്ഥ. എപ്പോഴും സ്നേഹിച്ചു കൊണ്ടിരിക്കാൻ പറ്റുമോ, സ്നേഹം കലത്തിൽ ഇട്ടാൽ വേവുമോ എന്നാണ് ഇതിന്റെ ന്യായം. പക്ഷേ സ്നേഹം വേവാത്ത കലത്തിൽ സമാധാനത്തിന്റെ രുചി ഉണ്ടാകില്ല എന്നത് വാസ്തവം.അവിഹിതത്തിനെ ന്യായീകരിക്കുകയല്ല. പക്ഷേ ഒരു ചെടിക്ക് വളരാൻ വെള്ളം വളവും കാർബൺഡയോക്സൈഡും സൂര്യപ്രകാശവും ഒക്കെ കൃത്യമായ അളവിൽ വേണമെന്നതുപോലെ ഏതൊരു മനുഷ്യനും സ്നേഹവും സന്തോഷവും കരുതലും ബഹുമാനവും ഒക്കെ ഒരു ബന്ധത്തിൽ ആവശ്യമുണ്ട്. ഒരു ചെടിയെ പോലും ഒരല്പം സ്നേഹത്തോടെ തൊട്ടും തലോടിയും പരിചരിച്ചാൽ അത് ഒരു പൂക്കാലം സൃഷ്ടിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ് അപ്പോൾ മനുഷ്യന്റെ കാര്യം മാത്രം എങ്ങനെയാണ് ഇതിൽനിന്ന് വിഭിന്നമാകുന്നത്. അതുകൊണ്ട് മറ്റു ബന്ധങ്ങൾ തേടി പോകണമെന്നല്ല പക്ഷേ ഈ സത്യം ഇണകൾ തിരിച്ചറിയുകയും ഏത് കാലത്തിലും പരസ്പരം സ്നേഹം പങ്കുവയ്ക്കാൻ സമയവും സാഹചര്യങ്ങളും സൃഷ്ടിക്കേണ്ടതുമുണ്ട്. അതേ പക്ഷം ടോക്സിക് ബന്ധങ്ങളിൽ ഒരു മാമൂലുകളുടെയും സദാചാരത്തിന്റെയും പേരിൽ പെട്ടു കിടക്കേണ്ട ആവശ്യവുമില്ല. മനസ്സുകൊണ്ട് ഉൾക്കൊള്ളാൻ പറ്റാത്ത ഏതൊരു ബന്ധത്തിൽ നിന്നും ഇറങ്ങിപ്പോകാനും ഇറക്കി വിടാനും കഴിയണം. അതൊരു നല്ല സൗഹൃദം നിലനിർത്തിക്കൊണ്ടാകുമ്പോൾ എത്ര മനോഹരമാകും ബന്ധങ്ങൾ. ശ്രുതി നന്നായിരിക്കുമ്പോൾ പാട്ട് നിർത്തണമെന്ന് ബന്ധങ്ങളിലും ബാധകമാണ്. ഒരു ബന്ധം വേണ്ട എന്ന് വച്ചവരെ സദാചാരത്തിന്റെ കോടതിയിൽ നിർത്തേണ്ട കാര്യവുമില്ല.അതിനുള്ള സമാധാനപൂർണമായ സാഹചര്യം അവർക്ക് അനുവദിച്ചു കൊടുക്കുക. ഓരോരുത്തരുടെയും ജീവിതം അവരവർക്ക് മാത്രം അവകാശപ്പെട്ടതാണ് അതിന്റെ നല്ലതും ചീത്തയും അനുഭവിക്കേണ്ടത് അവരവർ തന്നെയാണ്.അവർ നടന്ന വഴികളുടെ ചൂടും വേവും അത് അനുഭവിച്ച അവർക്ക് മാത്രമേ അറിയൂ .സ്ത്രീകളുടെ നിസ്സഹായതയെ ചൂഷണം ചെയ്യുന്ന കഴുകൻ കണ്ണുകളെയാണ് കരുതിയിരിക്കേണ്ടത് .അതിനെ തിരിച്ചറിയാനുള്ള ബോധം ഓരോ സ്ത്രീക്കും ഉണ്ടാവേണ്ടതുണ്ട്. നല്ലതും ചീത്തയും തിരിച്ചറിയാനുള്ള ബോധം അവനവൻ ആർജിക്കേണ്ടതാണ്.മറ്റൊരു ബന്ധത്തിലേക്ക് പോയ എല്ലാ സ്ത്രീകളും വഴിപിഴച്ചവരല്ല കുടുംബത്തിൽ മാത്രം ഒതുങ്ങി കൂടുന്ന എല്ലാ സ്ത്രീകളും കുല സ്ത്രീകളും അല്ല. ഒരാളെയും വഞ്ചിച്ചുകൊണ്ടും ഒരാളുടെയും കണ്ണുനീര് വീഴ്ത്തിക്കൊണ്ടും ഒന്നും നേടാതിരുന്നാൽ കുറ്റബോധത്തിന്റെ കാര്യവുമില്ല. ഒരു ബന്ധം എന്ത് കാരണം കൊണ്ടാണെങ്കിലും ഉൾക്കൊള്ളാൻ കഴിയാത്തതാണ് എന്ന് തോന്നിയാൽ മാന്യമായി നിയമപരമായി അത് അവസാനിപ്പിച്ച് ഇറങ്ങിപ്പോരണം. ഒരു ബന്ധത്തിൽ ഇരുന്നുകൊണ്ട് മറ്റൊന്നിലേക്ക് ചായുന്നിടത്താണ് അന്യായം. ബന്ധങ്ങൾ ഊഷ്മളമാകണം ചേർത്തു പിടിക്കലുകൾ മനോഹരമാകണം. ഇതൊരു തിരിച്ചറിവിന്റെയും പക്വതയോടെയുള്ള തീരുമാനങ്ങളുടെയും കാര്യമാണ്. കരുതിയിരുന്ന് കരുതലോടെ തീരുമാനങ്ങൾ എടുക്കുക അത് മാത്രമാണ് പറയാനുള്ളത്.ഈ പറഞ്ഞതൊന്നും പെണ്ണിന്റെ മാത്രം കാര്യമല്ല ആൺ പെൺ ഭേദമില്ലാതെ ഇത്എല്ലാവർക്കും ബാധകമാണ് .

Leave a Reply

Your email address will not be published. Required fields are marked *