Your Image Description Your Image Description

ഓഹരി വിപണിയിലെ അനിശ്ചിതത്വമേറിയതോടെ കേരളത്തിലെ പത്ത് മുൻനിര കമ്പനികളുടെ വിപണി മൂല്യം റെക്കാഡ് ഉയരത്തിൽ നിന്ന് 1 ലക്ഷം കോടിയിലധികം രൂപ ഇടിഞ്ഞു. ആഗോള, ആഭ്യന്തര മേഖലയിലെ പ്രതികൂല സാഹചര്യങ്ങളിൽ ഓഹരി വില കുത്തനെ താഴ്‌ന്നതോടെ കൊച്ചിൻ ഷിപ്പ്‌യാർഡ്, കല്യാൺ ജുവലേഴ്‌സ്, ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് , വിഗാർഡ്, സി.എസ്.ബി ബാങ്ക് എന്നിവയുടെ വിപണി മൂല്യം പകുതിയ്ക്കടുത്ത് ഇടിഞ്ഞു.

മുത്തൂറ്റ് ഫിനാൻസ്, ഫെഡറൽ ബാങ്ക് എന്നിവയാണ് കലുഷിതമായ സാഹചര്യത്തിലും അടിതെറ്റാതെ പിടിച്ചുനിന്നത്. കഴിഞ്ഞ വർഷം ജൂലായ് 11ന് 78,333 കോടി രൂപ വരെ ,ഉയർന്ന് റെക്കാഡിട്ട ഷിപ്പ്‌യാർഡിന്റെ വിപണി മൂല്യം 38,831 കോടി രൂപയിലേക്ക് മൂക്കുകുത്തി.

ഇക്കാലയളവിൽ ഷിപ്പ്‌യാർഡിന്റെ ഓഹരി വില 2,979 രൂപയിൽ നിന്ന് 1,324 രൂപയിലേക്കാണ് ഇടിഞ്ഞത്. കല്യാൺ ജുവലേഴ്‌സിന്റെ വിപണി മൂല്യം റെക്കാഡ് ഉയരമായ 82,400 കോടി രൂപയിൽ നിന്ന് 50,050 കോടി രൂപയിലേക്ക് താഴ്ന്നു. ഫാക്‌ടിന്റെ വിപണി മൂല്യത്തിൽ 31,000 കോടി രൂപയുടെ ഇടിവുണ്ടായി.

ഇത്രയൊക്കെ ഇടിവുണ്ടായിട്ടും കേരളത്തിലെ കമ്പനികളിൽ 88,807 കോടി രൂപയുടെ വിപണി മൂല്യവുമായി മുത്തൂറ്റ് ഫിനാൻസാണ് മുൻനിരയിൽ തന്നെ നിലയുറപ്പിച്ചു . സ്വർണ വിലയിലെ കുതിപ്പാണ് പ്രതികൂല സാഹചര്യത്തിലും ഉയർന്ന മൂല്യം നിലനിറുത്താൻ മുത്തൂറ്റിന് സഹായകമായത്.

നിലവിൽ കമ്പനിയുടെ ഓഹരി വില റെക്കാഡ് ഉയരത്തിനടുത്താണ്. നിലവിൽ മുത്തൂറ്റ് ഫിനാൻസിനും കല്യാൺ ജുവലേഴ്‌സിനും മാത്രമാണ് കേരളത്തിൽ അര ലക്ഷം കോടി രൂപയിലധികം മൂല്യമുള്ളത്.
ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടെ കൂടുതല്‍ റിസ്‌ക് ഉള്ള ആസ്തികളില്‍നിന്ന് നിക്ഷേപകര്‍ പിന്മാറുന്നതാണ് സ്വര്‍ണത്തിന്റെ കുതിപ്പിന് പിന്നിലെ ഘടകം .

സ്വർണ്ണത്തിന്റെ വില കുതിയ്ക്കുകയാണ് , ഇപ്പോഴെങ്ങും അത് താഴാനിടയില്ല . സാധാരണക്കാരന്റെ നെഞ്ചിലാണ് തീയാളുന്നത് , പ്രത്യേകിച്ച് പെൺകുട്ടികളെ വിവാഹം ചെയ്തയക്കാൻ തയ്യാറെടുക്കുന്ന മാതാപിതാക്കൾക്കാണ് നെഞ്ചിടിപ്പ് കൂടുന്നത് .

Leave a Reply

Your email address will not be published. Required fields are marked *