Your Image Description Your Image Description

കൽപറ്റ: ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതരുടെ പ്രതിഷേധത്തിൽ വൻ സംഘർഷം. ചൂരൽമല ദുരന്തഭൂമിയിൽ കുടിൽകെട്ടി സമരം നടത്താനുള്ള നീക്കം പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം രൂക്ഷമായത്. സമരക്കാരും പോലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പുനരധിവാസം വൈകുന്നുവെന്നതടക്കം ആരോപിച്ചാണ് ദുരന്ത ബാധിതർ പ്രതിഷേധിക്കുന്നത്. എന്നാൽ, സമരക്കാരെ ബെയ്ലി പാലം കടക്കാൻ അനുവദിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. തങ്ങളുടെ പേരിലുള്ള സ്ഥലത്തേയ്ക്ക് പോകണമെന്ന വാദത്തിലാണ് സമരക്കാർ. പുനരധിവാസം വൈകുന്നതില്‍ പ്രധിഷേധിച്ചാണ്‌ മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതരുടെ സമരം. ദുരന്തം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും പലർക്കും കിട്ടേണ്ട ആനുകൂല്യങ്ങൾ പോലും ലഭിച്ചിട്ടില്ലെന്നാണ് ആക്ഷേപം.

രാവിലെ 9 മണിയോടെ ദുരന്തബാധിതരായ ആളുകള്‍ തങ്ങളുടെ ഭൂമിയില്‍ കുടില്‍കെട്ടി പ്രതിഷേധിക്കാനെത്തിയപ്പോഴാണ് വൻ പോലീസ് സന്നാഹം ഇവരെ നേരിട്ടത്. ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ദുരന്തബാധിതർ സമരത്തിനെത്തിയത്. ദുരന്തം ഉണ്ടായി ഏഴു മാസം പിന്നിടുമ്പോൾ സർക്കാരിന്റെ ഭാഗത്തു നിന്നും നടപടികൾ വേഗത്തിലാക്കുന്നില്ല. യാഥാർത്ഥ്യബോധത്തോടെയല്ല പുനരധിവസിപ്പിക്കേണ്ടവരുടെ ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചത്. അർഹതപ്പെട്ട പലരെയും പട്ടികയിൽ തഴഞ്ഞു. ഉദ്യോഗസ്ഥർ വീട്ടിലിരുന്ന് തയാറാക്കിയതാണ് ഈ പട്ടികയെന്നും പ്രതിഷേധക്കാർ പറഞ്ഞു. പുത്തുമല പച്ചിലക്കാടില്‍ ലഭ്യമാകാത്ത വൈദ്യുതി കണക്ഷന്‍ മുണ്ടക്കൈയില്‍ ലഭ്യമാക്കിയതിന് പിന്നില്‍ സാമ്പത്തിക, വാണിജ്യ താത്പര്യങ്ങളാണെന്ന് സംശയിക്കുന്നുവെന്നും അവര്‍ ആരോപിച്ചു.

പുനരധിവസിപ്പിക്കേണ്ടവരുടെ ലിസ്റ്റ് പൂര്‍ണമായും ഉടന്‍ പ്രസിദ്ധീകരിക്കുക, വീടുകളുടെ നിര്‍മാണമാരംഭിക്കുക, അഞ്ച് സെന്റിന് പകരം മുന്‍ വാഗ്ദാനമായ 10 സെന്റ് ഭൂമി നല്കുക, പുനരധിവസിപ്പിക്കേണ്ടവരുടെ എണ്ണം വെട്ടിച്ചുരുക്കാനുള്ള നീക്കം ഉപേക്ഷിക്കുക, കെട്ടിട ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്കുക, 10, 11, 12 വാര്‍ഡുകളിലെ മുഴുവന്‍ ആളുകളുടെയും ലോണ്‍ എഴുതിത്തള്ളുക, ദുരന്തത്തില്‍ ഒറ്റപ്പെട്ട 15 പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്കുമെന്ന വാഗ്ദാനം പാലിക്കുക, സ്വന്തം നിലയ്‌ക്ക് പുനരധിവാസം കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടൗണ്‍ഷിപ്പില്‍ ഒരു കുടുംബത്തിന് ചെലവഴിക്കുന്ന തുക നല്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

Leave a Reply

Your email address will not be published. Required fields are marked *