Your Image Description Your Image Description

ന്യൂഡൽഹി: നിലവിൽ ഗോതമ്പ് വില കുറയാത്ത സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. വ്യാപാരികള്‍ക്ക് സൂക്ഷിക്കാവുന്ന ഗോതമ്പിന്‍റെ സ്റ്റോക്ക് പരിധി കുറച്ചു. മാര്‍ച്ച് അവസാനം മുതല്‍ പുതിയ വിളയുടെ വിളവെടുപ്പ് ആരംഭിക്കുന്നത് വരെയാണ് ഉത്തരവിന് പ്രാബല്യം. 2025 മാര്‍ച്ച് 31 വരെ ഒരു വ്യാപാരിക്കോ മൊത്തക്കച്ചവടക്കാരനോ 250 ടണ്‍ ഗോതമ്പ് മാത്രമേ പരമാവധി കൈവശം വയ്ക്കാന്‍ കഴിയൂ. മുമ്പ് ഇത് 1,000 ടണ്‍ ആയിരുന്നു. ചില്ലറ വില്‍പ്പന കേന്ദ്രങ്ങളിൽ 4 ടണ്‍ വരെ ഗോതമ്പ് സൂക്ഷിക്കാൻ അനുമതി നൽകി.

അവശ്യവസ്തു നിയമപ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ ഗോതമ്പ് സംഭരണ സ്ഥാപനങ്ങളും ഗോതമ്പ് സ്റ്റോക്ക് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും എല്ലാ വെള്ളിയാഴ്ചയും സ്റ്റോക്കിന്‍റെ അളവ് പുതുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്തതോ സ്റ്റോക്ക് പരിധി ലംഘിക്കുന്നതോ ആയ സ്ഥാപനങ്ങള്‍ക്കെതിരെ 1955 ലെ അവശ്യവസ്തു നിയമത്തിലെ സെക്ഷന്‍ 6, 7 പ്രകാരം കേസെടുക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

വിജ്ഞാപനം പുറപ്പെടുവിച്ച് 15 ദിവസത്തിനുള്ളില്‍, ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ അവരുടെ സ്റ്റോക്ക് നിശ്ചിത പരിധിക്കുള്ളില്‍ കൊണ്ടുവരേണ്ടതാണ്. ഗോതമ്പ് വില നിയന്ത്രിക്കുന്നതിനും രാജ്യത്ത് സുഗമമായ ലഭ്യത ഉറപ്പാക്കുന്നതിനുമായി സ്റ്റോക്ക് സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *