Your Image Description Your Image Description

കൊല്ലം: ഡ്യൂട്ടിക്കെത്തുന്ന ലോക്കോ പൈലറ്റുമാര്‍ കരിക്കിന്‍ വെള്ളവും ഹോമിയോ മരുന്നും കഴിക്കരുതെന്ന തിരുവനന്തപുരം ഡിവിഷനിലെ സീനിയര്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറുടെ വിവാദ ഉത്തരവ് ഒടുവിൽ റെയില്‍വേ പിന്‍വലിച്ചു. ഉത്തരവ് വന്നതിന് പിന്നാലെ ജീവനക്കാർ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. കരിക്കിന്‍ വെള്ളം, ഹോമിയോ മരുന്ന് തുടങ്ങിയവ കൂടാതെ ചില തരം വാഴപ്പഴങ്ങള്‍, ചുമയ്ക്കുള്ള സിറപ്പുകള്‍, ലഘു പാനീയങ്ങള്‍, മൗത്ത് വാഷ് എന്നിവയും ഉപയോഗിക്കരുതെന്നായിരുന്നു നിര്‍ദേശം. ഇവ ഉപയോഗിച്ചാൽ ബ്രെത്തലൈസറില്‍ സൈന്‍ ഇന്‍, സൈന്‍ ഓഫ് എന്നിവ ചെയ്യുമ്പോള്‍ ആല്‍ക്കഹോളിന്റെ അംശം രേഖപ്പെടുത്തുന്നുവെന്നതാണ് കാരണമായി പറഞ്ഞിരുന്നത്.

ജീവനക്കാർ ജോലിക്ക് കയറും മുന്‍പും ഇറങ്ങിയ ശേഷവും ബ്രെത്തലൈസറില്‍ ചെക്ക് ചെയ്യാറുണ്ട്. എന്നാല്‍ സര്‍ക്കാര്‍ അംഗീകൃത ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ രക്തത്തില്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്താനുമായിരുന്നില്ല. അതിനാല്‍ ബ്രെത്തലൈസറിന്റെ തകരാറാകാം ആല്‍ക്കഹോളിന്റെ അംശം സ്ഥിരീകരിക്കുന്നതിന്റെ കാരണമെന്നാണ് ആരോപണം. യന്ത്രം മാറ്റുന്നതിന് പകരം വിവാദ ഉത്തരവ് ഇറക്കിയതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. റെയില്‍വേ ലോക്കോ പൈലറ്റുമാരുടെ സംഘടനയായ ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്റേതുള്‍പ്പെടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഒടുവിൽ റെയിൽവേ വഴങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *