Your Image Description Your Image Description

കലബുറഗി: കർണാടകയിലെ ക​ല​ബു​റ​ഗി​യി​ൽ വൈ​ദ്യു​തി ഓ​ഫി​സി​ന് മുന്നിൽ കർഷകർ നടത്തിയ പ്രതിഷേധത്തിൽ മുതലയും പങ്കെടുത്തു. കൃ​ഷി​യി​ട​ത്തി​ൽ​ നി​ന്ന് പി​ടി​കൂ​ടി​യ മു​ത​ല​യെയാണ് കെ​ട്ടി​വ​രി​ഞ്ഞ് ക​ർ​ഷ​ക​ർ വൈ​ദ്യു​തി ഓ​ഫി​സി​ന് മു​ന്നി​ലെ​ത്തിച്ച് പ്രതിഷേധം നടത്തിയത്. ജ​ല​സേ​ച​ന പ​മ്പ് സെ​റ്റു​ക​ളു​ടെ വൈ​ദ്യു​തി വി​ത​ര​ണ സമയം മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യിരുന്നു പ്രതിഷേധം. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ വ​യ​ലു​ക​ളി​ൽ ജോ​ലി ചെ​യ്യു​മ്പോ​ൾ നേ​രി​ടു​ന്ന അ​പ​ക​ട​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​ണ് ഗൊ​ബ്ബൂ​ർ ഗ്രാ​മ​ത്തി​ലെ കൃ​ഷി​യി​ട​ത്തി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ മു​ത​ല​യു​മാ​യി ക​ർ​ഷ​ക​ർ എ​ത്തി​യ​ത്.

വയലിൽ വി​ള​ക​ൾ ന​ന​ക്കു​ന്ന​തി​നി​ട​യി​ൽ ല​ക്ഷ്മ​ൺ പൂ​ജാ​രി എ​ന്ന ക​ർ​ഷ​ക​നാ​ണ് മു​ത​ല​യെ ക​ണ്ട​ത്. ഉ​ട​ൻ മ​റ്റു ക​ർ​ഷ​ക​രെ അ​റി​യി​ച്ചു. എ​ല്ലാ​വ​രും ചേ​ർ​ന്ന് മു​ത​ല​യെ പി​ടി​കൂ​ടി, ക​യ​ർ​കൊ​ണ്ട് കെ​ട്ടി, ഒ​രു കാ​ള​വ​ണ്ടി​യി​ൽ ഗെ​സ്‌​കോം ഓ​ഫി​സി​ലേ​ക്ക് കൊ​ണ്ടു​പോ​യി. രാ​ത്രി​യി​ൽ ജോ​ലി ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ​തി​നാ​ൽ മു​ത​ല​ക​ളും പാ​മ്പു​ക​ളും ത​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്നു​ണ്ടെ​ന്ന് ക​ർ​ഷ​ക​ർ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ഗെ​സ്‌​കോം ത്രീ-​ഫേ​സി​ൽ രാ​ത്രി​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് വൈ​ദ്യു​തി വി​ത​ര​ണം ചെ​യ്യു​ന്ന​ത്. രാ​വി​ലെ ആ​റു മു​ത​ൽ വൈ​ദ്യു​തി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. ദേ​വാ​ല ഗ​ണാ​ഗാ​പൂ​ർ സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ രാ​ഹു​ൽ പ​വാ​ഡെ ഇ​ട​പെ​ട്ട് മു​ത​ല​യെ വ​നം അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. പിന്നീട് കലബുറഗിയിലെ മൃഗശാലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ മുതലയെ എത്തിച്ചു. മുതലയ്ക്ക് 10 വയസ്സ് പ്രായമുണ്ടെന്നും ആരോഗ്യവാനാണെന്നും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സഞ്ജീവ് കുമാർ ചവാൻ പറഞ്ഞു. കർഷകർ മുതലയെ ഉപദ്രവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *