Your Image Description Your Image Description

ബീജിംഗ്: ചൈനയിൽ വവ്വാലുകളിൽ നിന്ന് പടർന്നുപിടിക്കാൻ സാദ്ധ്യതയുളള കൊവിഡിന്റെ പുതിയ വകഭേദം HKU5-CoV-2 കണ്ടെത്തി. ഈ വൈറസിന് കൊവിഡിന് കാരണമായ SARS-CoV-2ന്റെ അതേശേഷിയുണ്ട്. കോശ ഉപരിതല പ്രോട്ടീൻ കോശങ്ങളിലേക്ക് നുഴഞ്ഞു കയറാൻ ശേഷിയുളള ഇവ മനുഷ്യരിൽ അണുബാധയുണ്ടാക്കാൻ സാദ്ധ്യതയുണ്ട്. ബാ​റ്റ് വുമൺ എന്നറിയപ്പെടുന്ന ചൈനീസ് വൈറോളജിസ്​റ്റായ ഷി ഷെംഗ്‌ലിയാണ് ഗ്വാംഗ്‌ഷോ ലബോറട്ടറിയിൽ ഇതിന്റെ ഗവേഷണങ്ങൾ നടത്തിയത്.

പുതിയ വൈറസിന് മനുഷ്യരിലേക്ക് രോഗം വ്യാപിപ്പിക്കാനുളള ശേഷിയുണ്ടെങ്കിലും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നതുമായി ബന്ധപ്പെട്ടുളള കൂടുതൽ ഗവേഷണം നടന്നുവരികയാണ്. ഇതിനകം തന്നെ കൊവിഡിന്റെ നിരവധി വകഭേദങ്ങൾ കണ്ടെത്തിയെങ്കിലും അവയിൽ ചിലത് മാത്രമേ മനുഷ്യരിലേക്ക് വ്യാപിക്കുന്നുളളൂ. ഹോങ്കോംഗിലെ ജാപ്പനീസ് പെപ്പിസ്‌ട്രെൽ വവ്വാലിൽ നിന്ന് തിരിച്ചറിഞ്ഞ HKU5 എന്ന കൊവിഡിന്റെ നിന്നുളള വകഭേദമാണ് ഇത്. മിഡിൽ ഈസ്​റ്റ് റെസ്പിറേ​റ്ററി സിൻഡ്രോമിന് കാരണമാകുന്ന വൈറസും ഇതിൽ ഉൾപ്പെടുന്നു. ചൈനീസ് ജേർണലായ സെൽ സയന്റിഫിക്കിലാണ് പുതിയ വൈറസിനെക്കുറിച്ചുളള വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. SARS-CoV-2പോലെ ഇതിലും ഫ്യൂറിൻ ക്ലീവേജ് സെ​റ്റ് എന്നറിയപ്പെടുന്ന ഒരു സവിശേഷത അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകർ പറയുന്നു. ഇത് കോശ പ്രതലങ്ങളിലെ ACE2 റിസപ്​റ്റർ പ്രോട്ടീൻ വഴി കോശങ്ങളിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്നു. പ്രധാനമായും ഈ വൈറസ് മനുഷ്യന്റെ കുടലുകളെയും ശ്വാസനാളത്തെയുമായിരിക്കും ബാധിക്കുക. ഇതിന് വ്യാപനശേഷി കുറവാണ്.

2019 കാലഘട്ടത്തെ അപേക്ഷിച്ച് SARS വൈറസുകളെ പ്രതിരോധിക്കാൻ ജനങ്ങൾക്ക് പ്രതിരോധശേഷി കൂടുതലായി ഉണ്ടെന്നും വലിയ ദുരന്തം ഉണ്ടാകില്ലെന്നുമാണ് മിനിസോട്ട സർവകലാശാലയിലെ പകർച്ചവ്യാധി വിദഗ്ദനായ മൈക്കൽ ഓസ്​റ്റർഹോം പറയുന്നത്. 2019 ഡിസംബറിലാണ് ചൈനയിൽ ആദ്യമായി നോവൽ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്. 2025 ഫെബ്രുവരിയിൽ പുറത്തുവന്ന കണക്കുപ്രകാരം കൊവിഡ് മൂലം 7,087,178 പേർ മരിക്കുകയും ഇത് ചരിത്രത്തിലെ അഞ്ചാമത്തെ ഏ​റ്റവും വലിയ മഹാമാരിയായി മാറുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *