യാത്രകൾ ഏറെ ഇഷ്ടപ്പെടുന്നവരാകും നമ്മളിൽ ഭൂരിഭാഗം ആളുകളും. എന്നാൽ നല്ലൊരു തുക പലപ്പോഴും ബജറ്റിനായി നീക്കി വെക്കേണ്ടതിനാൽ നമ്മൾ പലപ്പോഴും യാത്രകൾ എന്ന സ്വപനം മാറ്റിവെക്കാറാണ് പതിവ്. ഇനി അത്തരം ആശങ്കകൾ ഒന്നും വേണ്ട, ചെലവ് ചുരുക്കി യാത്ര ചെയ്യാനാകുന്ന മനോഹരമായ ചില സ്ഥലങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്താം. ഏറ്റവും വലിയ മറ്റൊരു പ്രത്യേകതയെന്തെന്നാൽ ഈ സ്ഥലങ്ങൾ നമ്മുടെ സ്വന്തം രാജ്യത്ത് തന്നെയെന്നതുമാണ്. ഇത് മാത്രമല്ല സാധാരണക്കാർക്ക് പോലും പോക്കറ്റ് കാലിയാവാതെ ഈ പ്രദേശങ്ങളുടെ ഭംഗി ചുരുങ്ങിയ ചിലവിൽ ആസ്വദിക്കാൻ കഴിയും. അത്തരത്തിൽ നിങ്ങൾക്കിഷ്ടപ്പെട്ടേക്കാവുന്ന ചില സ്ഥലങ്ങൾ ഇതാ.
1. ഗോവ
കൈയിലുള്ള പണം ബുദ്ധിപൂർവം ചെലവഴിച്ചാൽ, കീശ കാലിയാകാതെ തന്നെ മടങ്ങാൻ കഴിയുന്ന നാടാണ് ഗോവ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന, സുന്ദരമായ ബീച്ചുകളുള്ള, ആഘോഷത്തിനു പരിധികളൊന്നുമില്ലാത്ത ഗോവ കാണാൻ ആർക്കാണ് മോഹമുണ്ടാകാത്തത്? ഗോവയുടെ സൗന്ദര്യം ആസ്വദിക്കാൻ ഏറ്റവും സമർഥമായ വഴി ഒരു സ്കൂട്ടർ ദിവസവാടകയ്ക്കു എടുക്കുക എന്നതാണ്.
യാത്ര പുറപ്പെടുമ്പോൾ തന്നെ, കൈയിലൊതുങ്ങുന്ന പണത്തിനുള്ള താമസസ്ഥലം കണ്ടുവെയ്ക്കുന്നതായിരിക്കും നല്ലത്. 500 രൂപ മുതൽ മുകളിലേക്കു വാടകയുള്ള മുറികൾ താമസത്തിനു ലഭിക്കും. കൈയിലുള്ള പണത്തിനനുസരിച്ചു അവ തെരഞ്ഞെടുക്കാവുന്നതാണ്. കുറഞ്ഞ ചെലവിൽ ഭക്ഷണം ലഭിക്കുന്നയിടങ്ങളായ ആനന്ദാശ്രമം, അഞ്ജുന ബിരിയാണി പാലസ് എന്നീ റെസ്റ്റോറന്റുകളെ ഭക്ഷണത്തിനായി തെരഞ്ഞെടുക്കാം.
2. പോണ്ടിച്ചേരി
ഫ്രഞ്ച് വാസ്തുവിദ്യയുടെ മനോഹരമായ കാഴ്ചകൾ സഞ്ചാരികൾക്കു സമ്മാനിക്കും പോണ്ടിച്ചേരി. ആ നാടിന്റെ കാഴ്ചകൾ കാണാനിറങ്ങുമ്പോൾ സൈക്കിൾ സവാരിയായിരിക്കും ഉചിതം. സൈക്കിളുകൾ വാടകയ്ക്ക് ലഭിക്കും. പോണ്ടിച്ചേരിയുടെ സൗന്ദര്യം കാണാൻ സൈക്കിളിൽ കറങ്ങുന്നതാണ് പണച്ചെലവ് കുറയ്ക്കാൻ പറ്റിയ മാർഗം. താമസത്തിനും ഭക്ഷണത്തിനും മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ചു കൂടുതൽ പണം മുടക്കേണ്ടി വരുമെങ്കിലും ബുദ്ധിപൂർവം ചെലവാക്കിയാൽ പണം മിച്ചം പിടിക്കാവുന്നതാണ്. അരബിന്ദോ ആശ്രമവും ബീച്ചും ഓറോവില്ലേയുമൊക്കെ സഞ്ചാരികൾക്കു മികച്ച കാഴ്ചാനുഭവങ്ങൾ സമ്മാനിക്കുന്ന പോണ്ടിച്ചേരിയിലെ സുന്ദര ദൃശ്യങ്ങളാണ്. ലെ കഫെയും സീഗൾസ് റെസ്റ്റോറന്റും ഡെയ്ലി ബ്രെഡുമൊക്കെ ഭക്ഷണം കഴിക്കാനായി തെരെഞ്ഞെടുക്കാവുന്ന റെസ്റ്റോറന്റുകളാണ്.
3. മൂന്നാർ
കേരളത്തിലെ മനോഹരമായ ഹിൽ സ്റ്റേഷനാണ് മൂന്നാർ. തേയില തോട്ടങ്ങളും കോടമഞ്ഞും കുളിർകാറ്റുമെല്ലാം മൂന്നാറിന്റെ സവിശേഷതകളാണ്. ഇവിടെ മൂന്ന് പകലും രണ്ട് രാത്രികളുമടങ്ങുന്ന ട്രിപ്പ് പ്ലാൻ ചെയ്താൽ ചെലവ് 10,000 രൂപയിൽ താഴെ നിൽക്കും.
4. കശ്മീർ
ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഡെസ്റ്റിനേഷൻ. മഞ്ഞുപുതച്ച പർവതങ്ങളും പച്ചപ്പുൽ വിരിച്ച താഴ്വാരങ്ങളുമെല്ലാം നിറഞ്ഞ നാട്. അശാന്തിക്ക് നടുവിലും അതിഥികളെ സ്നേഹത്തോടെ സ്വീകരിക്കുന്ന ജനം. എണ്ണിയാലൊതുങ്ങാത്ത വിശേഷങ്ങളും കാഴ്ചകളുമുള്ള ഭൂമിയിലെ സ്വർഗം എന്നാണ് കശ്മീർ വിശേഷിപ്പിക്കപ്പെടുന്നത്. 600 രൂപ മുതൽ ബസ് സർവിസുകൾ ലഭ്യമാണ്. അതുപോലെ ഷെയർ ടാക്സികളും സർവിസ് നടത്തുന്നുണ്ട്. 800 രൂപ മുതലാണ് നിരക്ക്. ഏകദേശം 10,000 രൂപ മുതലാണ് കേരളത്തിൽ നിന്ന് ശ്രീനഗറിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക്
5. കൊടൈക്കനാൽ
വേനൽ ചൂടിനെ തടുത്തുനിർത്തി പശ്ചിമഘട്ടം തീർക്കുന്ന കുളിരാണ് കൊടൈക്കനാൽ. തമിഴ്നാട്ടിലെ ജനപ്രിയ ഡെസ്റ്റിനേഷനുകളിലൊന്ന്. ഹിൽ സ്റ്റേഷനുകളുടെ രാജകുമാരിയെന്നാണ് വിശേഷണം.എറണാകുളത്തു നിന്ന് തേനി വഴി 280 കിലോമീറ്റർ ദൂരമുണ്ട് കൊടൈക്കനാലിലേക്ക്. പൊള്ളാച്ചി വഴിയാണെങ്കിൽ 300 കിലോമീറ്റർ വരും. സ്വന്തമായി ഡ്രൈവ് ചെയ്ത് പോകാൻ പറ്റിയ മനോഹരമായ വഴികളാണ് രണ്ടും. എറണാകുളത്തു നിന്ന് തേനിയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് ലഭിക്കും. 295 രൂപയാണ് നിരക്ക്. അതുപോലെ പളനിയിലേക്കും ബസുണ്ട്. ഇവിടെനിന്നെല്ലാം കൊടൈക്കനാലിലേക്ക് കുറഞ്ഞ ചെലവിൽ തമിഴ്നാടിന്റെ ബസ് സർവീസുണ്ട്.