Your Image Description Your Image Description

ആലപ്പുഴ: കുംഭമേളയ്ക്ക് പോയ ആളെ കാണാനില്ലെന്ന് പരാതി. ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ സ്വദേശി മേലേതില്‍ വീട്ടില്‍ ജോജു ജോര്‍ജിനെയാണ് കാണാതായത്. ഫെബ്രുവരി ഒന്‍പതിന് ഉച്ചയ്ക്ക് 2.30 ന് അയല്‍വാസിയും സുഹൃത്തുമായ ഷിജുവിനൊപ്പം ട്രെയിന്‍ മാര്‍ഗം കുംഭമേളയ്ക്ക് പോയതായിരുന്നു ജോജു. ദിവസങ്ങള്‍ക്കിപ്പുറം ജോജുവിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് കുടുംബം പറയുന്നത്.

പന്ത്രണ്ടാം തീയതി ജോജു മറ്റൊരു ഫോണില്‍ നിന്ന് വീട്ടിലേക്ക് വിളിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു. തന്റെ ഫോണ്‍ തറയില്‍ വീണ് പൊട്ടിയെന്നും ഒപ്പമുള്ള സുഹൃത്തിന്റെ ഫോണില്‍ നിന്നാണ് വിളിക്കുന്നതെന്നുമായിരുന്നു ജോജു വീട്ടുകാരോട് പറഞ്ഞത്. പതിനാലാം തീയതി നാട്ടില്‍ തിരിച്ചെത്തുമെന്നും ജോജു അറിയിച്ചിരുന്നു. പതിനാലാം തീയതി ജോജുവിനൊപ്പം പോയ ഷിജു തിരികെയെത്തിയെങ്കിലും ജോജുവിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും വീട്ടുകാര്‍ പറയുന്നു.

സംഭവത്തില്‍ ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയതായും വീട്ടുകാര്‍ പറഞ്ഞു. ജോജുവിനൊപ്പം പോയ ഷിജു പറയുന്നത് വിശ്വാസയോഗ്യമല്ല. അയാള്‍ പലരോടും പലതാണ് പറയുന്നത്. പൊലീസ് വിളിപ്പിച്ചിട്ടും അയാള്‍ പോകാനോ മൊഴി നല്‍കാനോ തയ്യാറായിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടു. അതിനിടെ ജോജു പ്രയാഗ് രാജില്‍ എത്തിയതിനുള്ള തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. അവിടെ നദിയില്‍ ജോജു സ്‌നാനം ചെയ്യുന്ന വീഡിയോയാണ് ലഭിച്ചിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *