Your Image Description Your Image Description

ഇന്ത്യന്‍ ക്രിക്കറ്റ് താരമായ യുസ്‌വേന്ദ്ര ചഹലും, നര്‍ത്തകിയും നടിയുമായ ധനശ്രീ വര്‍മയും വിവാഹബന്ധം വേർപെടുത്തി. ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് വ്യാഴാഴ്ച ബാന്ദ്രയിലെ കുടുംബ കോടതിയില്‍ ഹാജരായി ഇരുവരും ഔദ്യോഗികമായി തന്നെ വിവാഹമോചിതരായത്. ലോക്ക്ഡൗൺ കാലത്ത് ആരംഭിച്ച പ്രണയവും വിവാഹ ജീവിതവുമാണ് നാല് വര്‍ഷത്തിനിപ്പുറം അവസാനിപ്പിച്ചത്. കുടുംബകോടതിയിൽ 45 മിനിറ്റോളം നീണ്ട കൗണ്‍സിലിങ്ങിനൊടുവിൽ വേര്‍പിരിയാനുള്ള തീരുമാനത്തില്‍ ഇരുവരും ഉറച്ചുനിൽക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ദാമ്പത്യ ജീവിതത്തിൽ പൊരുത്തക്കേടുകൾ മാത്രമാണ് ഉണ്ടാകുന്നതെന്നും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്നുമാണ് വിവാഹമോചനത്തിനുള്ള കാരണമായി ചഹലും ധനശ്രീയും കോടതിയിൽ പറഞ്ഞത്. തുടര്‍ന്ന് വൈകിട്ട് 4.30ഓടെ ജഡ്ജി വിവാഹമോചനം അനുവദിച്ചു. ജീവനാംശമായി ചഹല്‍ ധനശ്രീക്ക് 60 കോടി രൂപ നല്‍കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറികളും ആരാധകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായിരുന്നു.

ഒന്നുകില്‍ നിങ്ങള്‍ക്ക് വിഷമിച്ചിരിക്കാമെന്നും അതല്ലെങ്കില്‍ എല്ലാം ദൈവത്തില്‍ അര്‍പ്പിച്ച് പ്രാര്‍ഥിച്ച് സമാധാനം കണ്ടെത്താം എന്നുമായിരുന്നു ധനശ്രീയുടെ സ്റ്റോറി. എപ്പോഴും താന്‍പോലും അറിയാതെ കൂടെ നില്‍ക്കുന്നതിന് ദൈവത്തിന് നന്ദി പറഞ്ഞുള്ളതായിരുന്നു ചഹലിന്റെ പോസ്റ്റ്. കഴിഞ്ഞ 18 മാസമായി ചഹലും ധനശ്രീയും വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോയും ചെയ്തിരുന്നു. ധനശ്രീക്കൊപ്പമുള്ള എല്ലാ ചിത്രങ്ങളും ചഹല്‍ നീക്കം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ ഇരുവരും വേര്‍പിരിയുകയാണെന്ന അഭ്യൂഹം ഏറെ ശക്തമായി.

ലോക്ക്ഡൗണ്‍ കാലത്ത് ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കാതിരുന്ന സമയത്ത് ചഹല്‍ ഓണ്‍ലൈനിൽ നൃത്തം പഠിച്ചിരുന്നു. അക്കാലത്ത് ധനശ്രീയായിരുന്നു അധ്യാപിക. അന്ന് തുടങ്ങിയ സൗഹൃദം പ്രണയത്തിലും പിന്നീട് വിവാഹത്തിലുമെത്തുകയായിരുന്നു. വിവാഹമോചനം സംബന്ധിച്ച് മറ്റ് പ്രതികരണങ്ങളൊന്നും ഇതുവരെ ഇരുവരും നടത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *