Your Image Description Your Image Description

ടെൽ അവീവ്: ഇസ്രയേലിൽ സ്ഫോടന പരമ്പര. ടെൽ അവീവിന് സമീപമുള്ള ബാറ്റ്‌യാം നഗരത്തിലാണ് സ്ഫോടനങ്ങളുണ്ടായത്. ബാറ്റ്‌യാം നഗരത്തിൽ വിവിധ ഇടങ്ങളിലായി നിർത്തിയിട്ടിരുന്ന മൂന്ന് ബസുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനങ്ങളിൽ ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഭീകരാക്രമണ സാധ്യത അധികൃതർ തള്ളിക്കളയുന്നില്ല. സംഭവത്തിന് പിന്നാലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടിയന്തര സുരക്ഷാ യോഗം വിളിച്ചു.

രണ്ടുബസുകളിൽ നിന്ന് കണ്ടെത്തിയ ബോംബുകൾ സുരക്ഷാ ഉദ്യോഗസ്ഥർ നിർവീര്യമാക്കി. ഇതിനെ തുടർന്ന് ജനങ്ങളോട് ജാഗ്രതപാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മൂന്നു ബസുകളിൽ പൊട്ടിത്തെറിച്ചതും നിർവീര്യമാക്കിയതും ഉൾപ്പെടെ അഞ്ച് ബോംബുകളാണ് നിലവിൽ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവ അഞ്ചും സമാനമാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. സ്‌ഫോടനത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. എന്നാൽ,സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചു എന്ന് സംശയിക്കുന്നയാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. രാജ്യത്ത് ഉടനീളം പരിശോധനയും അന്വേഷണവും നടക്കുമെന്നാണ് വിവരം.

അതേസമയം കണ്ടെടുത്ത സ്‌ഫോടകവസ്തുക്കൾക്ക് വെസ്റ്റ്ബാങ്കിൽ നിന്ന് പലതവണ കണ്ടെടുത്തിട്ടുള്ള സ്‌ഫോടകവസ്തുക്കളുമായി സാമ്യമുണ്ടെന്നാണ് പോലീസ് വക്താവ് ഹെയിം സർഗോഫ് പറഞ്ഞു. എന്നാൽ കൂടുതൽ വിശദീകരണങ്ങൾ നൽകാൻ ഇദ്ദേഹം വിസമ്മതിച്ചു. 2023 ഒക്ടോബർ എഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഗാസയിൽ ഇസ്രയേൽ സൈനിക നടപടി തുടങ്ങിയിരുന്നു. ഇതിനൊപ്പം വെസ്റ്റ് ബാങ്കിലെ പലസ്തീനിയൻ സെറ്റിൽമെന്റുകളിൽ കർശന നിയന്ത്രണങ്ങളും പരിശോധനകളുമാണ് ഇസ്രയേൽ നടത്തിയിരുന്നത്. ഹമാസുമായി വെടിനിർത്തൽ വന്നതിന് പിന്നാലെ വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ സൈന്യം ഭീകരവിരുദ്ധ നടപടികളുമായി മുന്നോട്ടുപോയിരുന്നു.

ഹമാസ് ബന്ദികളാക്കിയവരിൽ മരിച്ച നാലുപേരുടെ മൃതദേഹങ്ങൾ വിട്ടുകൊടുത്ത് മണിക്കൂറുകൾക്കകമാണ് സ്‌ഫോടനങ്ങൾ നടന്നത്. തെക്കൻ ഇസ്രായേലിലെ കിബ്ബറ്റ്സ് നിർ ഓസിലെ വീട്ടിൽ നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയ 32 കാരിയായ ഷിരി ബിബാസ്, മക്കളായ 4 വയസ്സുകാരി ഏരിയൽ, 9 മാസം പ്രായമുള്ള ഖിഫിർ എന്നിവരുടെ മൃതദേഹങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നാലാമത്തെ മൃതദേഹം 83കാരനായ ഓഡെഡ് ലിഫ്ഷിറ്റ്സിന്റേതാണെന്ന് സൂചന.

മൃതദേഹങ്ങൾ ആദ്യം റെഡ് ക്രോസിന് കൈമാറി. തുടർന്ന് ഇസ്രായേൽ സൈന്യത്തിന് കൈമാറി. മൃതദേഹങ്ങളെ വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹത്തെ പ്രതീക്ഷിച്ച് നിരവധി ആളുകളാണ് റോഡിൽ കാത്തുനിന്നത്. മൃതദേഹങ്ങൾ ടെൽ അവീവിലെ അബു കബീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് മെഡിസിനിലേക്ക് ഫോറൻസിക് പരിശോധനയ്ക്കായി കൊണ്ടുപോയി.

2023 നവംബറിൽ ബിബാസിന്റെ കുട്ടികളും അവരുടെ അമ്മയും ഇസ്രായേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് ഹമാസ് ആരോപിച്ചിരുന്നു. എന്നാൽ ഒരു തെളിവും ഹാജരാക്കിയില്ല. അവരുടെ മരണം ഇസ്രായേലും സ്ഥിരീകരിച്ചിട്ടില്ല. പിതാവ് യാർഡൻ ബിബാസിനെ 484 ദിവസത്തെ തടവിനുശേഷം ഈ മാസം ആദ്യം ഹമാസ് മോചിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *