Your Image Description Your Image Description

യുക്രെയ്ൻ സന്ദർശന വേളയിൽ തന്റെ ട്രഷറി സെക്രട്ടറിയോട് വ്ലാഡിമിർ സെലൻസ്‌കി ‘പരുഷമായി’ പെരുമാറിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സെലൻസ്‌കി ‘ഉറങ്ങുകയാണ്’ എന്നും ഒരു കരാറിലെത്തുന്നതിൽ പരാജയപ്പെട്ടുവെന്നും ട്രംപ് ആരോപിക്കുന്നു. സുരക്ഷാ പിന്തുണയ്ക്ക് പകരമായി അമേരിക്കയ്ക്ക് അപൂർവ ഭൂമി ധാതുക്കൾ അനുവദിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ അമേരിക്കൻ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് യുക്രെയ്ൻ തലസ്ഥാനമായ കീവിൽ എത്തി സെലൻസ്‌കിയെ കണ്ടിരുന്നു. ബെസെന്റ് ‘ട്രെയിനിൽ മണിക്കൂറുകളോളം സഞ്ചരിച്ചാണ് കീവിലെത്തിയതെന്നും അതൊരു അപകടകരമായ യാത്രയാണെന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു. ഏറ്റവും പ്രധാനമായ ‘ഒരു രേഖയിൽ ഒപ്പിടാൻ വേണ്ടിയാണ് ട്രഷറി സെക്രട്ടറി അവിടെ പോയത്. എന്നാൽ യുക്രെയ്ൻ നേതാവ് ഒപ്പുവയ്ക്കാൻ തയ്യാറായില്ലെന്നും ട്രംപ് ആരോപിക്കുന്നു.

യുക്രെയ്ൻ പ്രസിഡന്റിനെ തിരഞ്ഞെടുപ്പ് നടത്താൻ വിസമ്മതിക്കുന്ന ‘സ്വേച്ഛാധിപതി’ എന്ന് പറഞ്ഞതിന് ശേഷമാണ് ട്രംപിന്റെ ഈ പരാമർശങ്ങൾ വന്നത്. ‘തിരഞ്ഞെടുപ്പ് നടത്താത്ത ഒരു സ്വേച്ഛാധിപതി, സെലൻസ്‌കി അധികാരത്തിൽ നിന്ന് വേഗത്തിൽ നീങ്ങുന്നതാണ് നല്ലത്, അല്ലെങ്കിൽ അദ്ദേഹത്തിന് ഒരു രാജ്യവും അവശേഷിക്കില്ല’ ഇങ്ങനെയായിരുന്നു ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ സെലൻസ്‌കിയെ കുറിച്ചെഴുതിയത്.
റഷ്യ, യുക്രെയ്ൻ ആക്രമിച്ചതിനുശേഷം അമേരിക്കൻ സൈനിക ധനസഹായം നൽകുന്നതിനെ ട്രംപ് വിമർശിച്ചു. 2019 ൽ അഞ്ച് വർഷത്തെ കാലാവധിക്ക് സെലെൻസ്‌കി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 2022 ഫെബ്രുവരിയിലെ റഷ്യൻ അധിനിവേശത്തെത്തുടർന്ന് ഏർപ്പെടുത്തിയ പട്ടാള നിയമപ്രകാരം അദ്ദേഹം നേതാവായി തുടരുന്നു. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ കീഴിൽ, യുക്രെയ്ൻ റഷ്യൻ സൈന്യത്തിന്റെ മുന്നേറ്റത്തിനെതിരെ പോരാടിയപ്പോൾ അമേരിക്ക സെലൻസ്‌കിയെ ഒരു നായകനായി വാഴ്ത്തുകയും റഷ്യയ്ക്കെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *