Your Image Description Your Image Description

തൊഴിലാളികളെ പല വിധത്തിൽ ചൂഷണം ചെയ്യുന്നവരാണ് സ്വകാര്യ കമ്പനികൾ. ജോലി സമയം വർധിപ്പിച്ചും ആനുകൂല്യങ്ങൾ നൽകാതെയും കമ്പനികൾ ജീവനക്കാരോട് ക്രൂരത കാണിക്കാറുണ്ട്. എന്നാൽ, ചില വിചിത്ര നിയമങ്ങൾ നടപ്പിലാക്കി വിമർശനങ്ങൾ നേരിടുകയാണ് ചൈനയിൽ നിന്നുള്ള ഒരു കമ്പനി. ടോയ്‍ലെറ്റ് ഉപയോ​ഗിക്കുന്നതുമായി ബന്ധപ്പെട്ട് പ്രസ്തുത കമ്പനി കൊണ്ടുവന്ന പുതിയ നിയമമാണ് വിമർശനങ്ങൾക്ക് കാരണമായി തീർന്നത്. ഫെബ്രുവരി 11 മുതലാണ് ഈ നയങ്ങൾ നിലവിൽ വന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ പുതിയ നിയമമനുസരിച്ച് ഇവിടുത്ത ജീവനക്കാർക്ക് നിർദ്ദേശിച്ചിരിക്കുന്ന സമയത്ത് മാത്രമേ ടോയ്‍ലെറ്റ് ഉപയോ​ഗിക്കാനുള്ള അനുമതി ഉള്ളൂ. അത് മാത്രമല്ല, രണ്ട് മിനിറ്റാണ് ടോയ്‍ലെറ്റിൽ പോകാൻ അനുവദിച്ചിരിക്കുന്ന സമയം. ഈ രണ്ട് മിനിറ്റ് കൊണ്ട് ടോയ്‍ലെറ്റിൽ പോയി തിരികെ വന്ന് ജോലി ആരംഭിച്ചിരിക്കണം. ​ഗ്വാങ്ഡോങ്ങിലെ ഫോഷനിലുള്ള ത്രീ ബ്രദേഴ്സ് മെഷീൻ മാനുഫാക്ചറിം​ഗ് കമ്പനിയാണ് ഈ തൊഴിലാളി വിരുദ്ധ നയത്തിന്റെ പേരിൽ വിമർശിക്കപ്പെടുന്നത്.

ജീവനക്കാരുടെ തൊഴിൽസ്ഥലത്തെ അച്ചടക്കവും പെരുമാറ്റവും ഒക്കെ മെച്ചപ്പെടുത്താനാണ് പുതിയ നിയമമെന്നാണ് കമ്പനിയുടെ വാദം. ഇത് പ്രകാരം ടോയ്‍ലെറ്റ് ഉപയോ​ഗിക്കാൻ ജീവനക്കാർക്ക് അനുവദിച്ചിരിക്കുന്ന സമയം ഇങ്ങനെയാണ്. രാവിലെ എട്ട് മണിക്ക് മുമ്പ്. രാവിലെ 10.30 മുതൽ 10.40 വരെ. ഉച്ചയ്ക്ക് 12 മണിക്കും 1.30 നും ഇടയിൽ. വൈകുന്നേരം 3.30 മുതൽ 3.40 വരെ. 5.30 മുതൽ 6 മണി വരെ. അടിയന്തര ആവശ്യമാണെങ്കിൽ സമയം തരും. അതും രണ്ട് മിനിറ്റ് മാത്രമേ ഉപയോ​ഗിക്കാവൂ എന്നും സൗത്ത് ചൈന മോർണിം​ഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. കമ്പനിയിലെ ജീവനക്കാരുൾപ്പെടെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഇതിനെതിരെ ഉയർന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *