Your Image Description Your Image Description

പ്രയാഗ്‌രാജ്: മഹാ കുംഭമേളയിൽ വനിതാ തീർത്ഥാടകർ കുളിക്കുന്നതിന്റെ വീഡിയോകൾ പോസ്റ്റ് ചെയ്യുകയും വിറ്റഴിക്കുകയും ചെയ്തതിന് രണ്ട് സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ കേസെടുത്തതായി ഉത്തർപ്രദേശ് പോലീസ് അറിയിച്ചു. മത സമ്മേളനവുമായി ബന്ധപ്പെട്ട തെറ്റിദ്ധരിപ്പിക്കുന്നതും കുറ്റകരവുമായ ഇത്തരം വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനെതിരെ നടപടിയെടുക്കണം എന്ന ഉത്തര്‍പ്രദേശ് പോലീസ് മേധാവി പ്രശാന്ത് കുമാറിന്റെ നിര്‍ദേശ പ്രകാരമാണ് സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുള്ളത്.

കുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്നതും വസ്ത്രം മാറുന്നതും ഉൾപ്പെടെയുള്ള വീഡിയോകൾ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിൽ വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നത് അവരുടെ സ്വകാര്യതയുടെയും അന്തസ്സിന്റെയും വ്യക്തമായ ലംഘനമാണെന്ന് സോഷ്യൽ മീഡിയ മോണിറ്ററിംഗ് ടീം കണ്ടെത്തിയതായി പോലീസ് പ്രസ്താവനയിൽ പറഞ്ഞു. ഇതിനെത്തുടർന്ന് കോട്‌വാലി കുംഭമേള പോലീസ് സ്റ്റേഷനിൽ കേസുകൾ രജിസ്റ്റർ ചെയ്യുകയും നിയമനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

കോട്‌വാലി കുംഭമേള പോലീസ് സ്‌റ്റേഷനിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വനിതാ തീര്‍ത്ഥാടകരുടെ അനുചിതമായ വീഡിയോകള്‍ പോസ്റ്റ് ചെയ്ത ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിനെതിരെ ഫെബ്രുവരി 17 നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സമാനമായ വീഡിയോകള്‍ പങ്കുവെച്ച ടെലഗ്രാം ചാനലിനെ ഫെബ്രുവരി 19 നും കേസെടുത്തിട്ടുണ്ട്. കേസുകളില്‍ പോലീസ് നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കുറ്റവാളികളായ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉടമകളെ കണ്ടെത്താന്‍ പോലീസ് മെറ്റയുടെയും സഹായം തേടി.

മഹാകുംഭ മേളയുമായി ബന്ധപ്പെട്ട് ആക്ഷേപകരമായ ഉള്ളടക്കമോ തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും സ്വകാര്യതയുടെ ലംഘനമാണെന്നും ഇതിനെതിരെ കർശന നടപടി എടുക്കുമെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *