Your Image Description Your Image Description

ന്യൂഡൽഹി: കേരളത്തിലെ 25 സെന്റിൽ കൂടുതലുള്ള കൃഷി ഭൂമി തരം മാറ്റലിന് ഇനി ചിലവ് കൂടും. 25 സെന്റിൽ കൂടുതലുള്ള കൃഷി ഭൂമി വാണിജ്യാവശ്യത്തിനായി തരം മാറ്റുമ്പോൾ മൊത്തം ഭൂമിയുടെയും ന്യായവിലയുടെ പത്ത് ശതമാനം ഫീസ് ആയി നൽകണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് മാരായ സഞ്ജയ് കരോൾ, മൻമോഹൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റെതാണ് ആണ് ഉത്തരവ്. 25 സെന്റ് ശേഷമുള്ള അധിക ഭൂമിക്കു മാത്രം ഫീസ് നൽകിയാൽ മതിയെന്നുമുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. വിധി പകർപ്പ് വൈകിട്ടോടെ പുറത്ത് വരും.

ചെറുകിട ഭൂമി ഉടമകളെ സഹായിക്കാനാണ് 2021 ഫെബ്രുവരി 25-ന് തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട ഇളവ് സർക്കാർ വരുത്തിയത്. തണ്ണീർത്തട സംരക്ഷണ നിയമത്തിലെ 27 എ വകുപ്പ് പ്രകാരം 25 സെന്റ് വരെയുള്ള ഭൂമിക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്നും അതിൽ കൂടുതലുള്ള ഭൂമി ഭൂമി തരം മാറ്റുകയാണെങ്കിൽ ആകെയുള്ള ഭൂമിയുടെ 10% ന്യായവില അനുസരിച്ച് ഫീസ് നല്കണമെന്നുമാണ് സംസ്ഥാന സർക്കാർ പുറത്തിറക്കിയിരുന്ന സർക്കുലറിൽ വ്യക്തമാക്കിയിരുന്നത്.

സംസ്ഥാന സർക്കാരിന്റെ സർക്കുലർ നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. തരം മാറ്റാനുള്ള ഭൂമി 25 സെന്റിൽ കൂടുതലാണെങ്കിൽ അധികമുള്ള സ്ഥലത്തിന്റെ മാത്രം ന്യായവിലയുടെ 10% ഫീസ് അടച്ചാൽ മതിയെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിന് എതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ആണ് സുപ്രീം കോടതി അംഗീകരിച്ചത്. സീനിയർ അഭിഭാഷകൻ ഷാജി പി ചാലി, സ്റ്റാന്റിംഗ് കോൺസൽ നിഷേ രാജൻ ഷൊങ്കർ, അഭിഭാഷകരായ അനു കെ ജോയ്, ആലിം അൻവർ എന്നിവർ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *