Your Image Description Your Image Description

പത്തനംതിട്ട: ആസിഡ് ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തില്‍ ബന്ധു പിടിയില്‍. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്നായിരുന്നു ആക്രമണം. നാരങ്ങാനം കടമ്മനിട്ട കല്ലേലിമുക്ക് പുതുപറമ്പില്‍ വീട്ടില്‍ വര്‍ഗീസ് മാത്യുവിനാണ് (38) മുഖത്തും ശരീരത്തിലും പൊള്ളലേറ്റത്. മാത്യുവിന്റെ അമ്മാവനും അയല്‍വാസിയുമായ പുതുപറമ്പില്‍ വീട്ടില്‍ ബിജു വർഗീസാണ് (55)ആക്രമണം നടത്തിയത്. ചൊവ്വാഴ്ച രാത്രി 10.30 നായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ വർഗീസിനെ ഒരു മണിയോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വെന്റിലേറ്ററില്‍ കഴിയുന്ന യുവാവിന്റെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.

കൂലിപ്പണിക്കാരായ വർഗീസും അമ്മാവൻ ബിജുവും ദിവസവും ജോലി കഴിഞ്ഞെത്തി ഒരുമിച്ചിരുന്നു മദ്യപിക്കാറുണ്ട്. പതിവുപോലെ കഴിഞ്ഞദിവസം രാത്രിയും മദ്യപിച്ചു. അതിനിടെ വാക്കുതര്‍ക്കം ഉണ്ടായപ്പോള്‍ രാത്രി 10.30ന് ബിജു വര്‍ഗീസ് വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് വര്‍ഗീസിനു നേരെ ഒഴിക്കുകയായിരുന്നു. വായിലും കണ്ണിലും മുഖത്തും അരയ്ക്കു മുകളിലും ആസിഡ് വീണാണ് വര്‍ഗീസിനു പൊള്ളലേറ്റത്. ആക്രമണത്തിൽ വർഗീസിന്റെ കാഴ്ച നഷ്ടപ്പെട്ടതായി സംശയിക്കുന്നു.

ഇതിനു മുൻപും ബിജു തന്റെ മകനെ ആക്രമിച്ചിട്ടുണ്ടെന്നും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇപ്പോഴത്തെ ആക്രമണമെന്നും വര്‍ഗീസിന്റെ അമ്മ ആലീസ് പൊലീസിനോടു പറഞ്ഞു. ഒരുമിച്ചിരുന്ന് മദ്യപിച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടാവുന്നത് പതിവാണെന്നും ആലീസ് പറയുന്നു. ആക്രമണത്തിനു ശേഷം സ്ഥലം വിട്ട ബിജുവിനെ പിന്നീട് കല്ലേലിമുക്കില്‍ നിന്നാണു പൊലീസ് പിടികൂടിയത്. സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *