Your Image Description Your Image Description

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേലിന് ബദല്‍ ബജറ്റ് സമര്‍പ്പിച്ച് മുന്‍ മുഖ്യമന്ത്രിയും ബിജെപി മുന്‍ നേതാവുമായ സുരേഷ് മേത്ത. ഗുജറാത്ത് സര്‍ക്കാര്‍ ഇതുവരെ അവതരിപ്പിച്ച ബജറ്റുകള്‍ യാഥാര്‍ഥ്യത്തില്‍ നിന്ന് അകലകുയാണെന്നും സംസ്ഥാനത്തിന്റെ പൊതുകടം ക്രമാതീതമായി വര്‍ധിക്കുകയാണെന്നും ആരോപിച്ചാണ് സുരേഷ് മേത്ത ബദല്‍ ബജറ്റ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. സംസ്ഥാനത്തിന്റെ അക്കൗണ്ടുകള്‍ ക്രമത്തിലല്ലെന്നും പൊതുകടം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നിലവില്‍ വകുപ്പുകള്‍ക്കുള്ള വിഹിതം അസമത്വം നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 20നാണ് ബജറ്റ് അവതരിപ്പിക്കുക. സംസ്ഥാന ബജറ്റ് വര്‍ഷങ്ങളായി അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് അകന്നുപോകുന്നതായും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ക്രമേണ വഷളാകുന്നതായും അദ്ദേഹം അവകാശപ്പെട്ടു. വിദഗ്ധരുടെ സഹായത്തോടെ ബദല്‍ ബജറ്റ് തയ്യാറാക്കി ജനുവരിയില്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതായി അദ്ദേഹം പറഞ്ഞു. ബിജെപി വിട്ട ശേഷം മേത്ത കേശുഭായ് പട്ടേലിന്റെ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടിയില്‍ (ജിപിപി) ചേര്‍ന്നു. ജിപിപി ബിജെപിയില്‍ ലയിച്ച ശേഷം, മേത്ത ബദ്ലെ ഗുജറാത്ത് ഫോറത്തിന്റെ തലവനായി പ്രവര്‍ത്തിക്കുന്നു. വരാനിരിക്കുന്ന സംസ്ഥാന ബജറ്റില്‍ തന്റെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് ജനുവരിയില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനും ധനമന്ത്രി കനുഭായ് ദേശായിക്കും അപേക്ഷ സമര്‍പ്പിച്ചതായി അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ നിര്‍ദ്ദേശിച്ച പരിഷ്‌കാരങ്ങള്‍, സാമ്പത്തിക അച്ചടക്കമില്ലായ്മ, ദുര്‍വ്യയം, ധൂര്‍ത്ത് എന്നിവ ഒരു പരിധിവരെ നിയന്ത്രണത്തിലാക്കും. കൂടാതെ സമ്പന്നരായ മുതലാളിമാര്‍ക്കും വ്യവസായികള്‍ക്കും പരവതാനി വിരിക്കാനുള്ള സര്‍ക്കാരിന്റെ നയത്തിന് നിയന്ത്രണവും നല്‍കുമെന്നും മേത്ത പറഞ്ഞു. ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കിയതിനുശേഷം വരുമാനം ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നാണ് കാണിക്കുന്നത്. എങ്കിലും പൊതുകടം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ആശങ്കാജനകമാണ്. 2024-25ല്‍ ഗുജറാത്ത് കടം 4.26 ലക്ഷം കോടി രൂപയായി ഉയരും. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 5.23 ലക്ഷം കോടി രൂപയായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *