Your Image Description Your Image Description

കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് (എൻഐടിസി)  ഇനി മുതൽ നഗരാസൂത്രണത്തിന്റെയും രൂപകൽപനയുടെയും മികവിന്റെ കേന്ദ്രമായി പ്രവർത്തിക്കും. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയമാണ് ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യത്തെ മികവിന്റെ കേന്ദ്രമായി എൻ ഐ ടി സി യെ തിരഞ്ഞെടുത്തത്. സ്ഥാപനത്തിന്റെ ചരിത്രത്തിൽ സുപ്രധാന നാഴികക്കല്ലായേക്കാവുന്ന അഭിമാനകരമായ അംഗീകാരമാണിത്.

കഴിഞ്ഞ മൂന്ന് വർഷമായി തുടർച്ചയായി നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിൽ (എൻഐആർഎഫ്) രണ്ടാം സ്ഥാനം കരസ്ഥമാക്കി മികവ് പ്രകടിപ്പിക്കുന്ന ഡിപ്പാർട്ട്‌മെന്റ് ഓഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ് (ഡിഎപി) ന്റെ  നേതൃത്വത്തിൽ സമർപ്പിച്ച സമഗ്രമായ പ്രോജക്ടിന്റെ അടിസ്ഥാനത്തിലാണ് എൻ ഐ ടി സി യെ മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്തത്.

“ശാസ്‌ത്ര-സാങ്കേതികവിദ്യാധിഷ്ഠിതമായ വിവിധ സംരംഭങ്ങൾക്കായി പരിശ്രമിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിശ്രമങ്ങൾ ഫലപ്രാപ്തി നേടിയ അവസരമാണിതെന്നും ഓരോ ശ്രമങ്ങളിലൂടെയും സാമൂഹ്യ പ്രതിബദ്ധത നിറവേറ്റാനും ഉത്തരവാദിത്തങ്ങൾ പൂർണമായി നിറവേറ്റാനും തങ്ങൾ ശ്രമിക്കുകയാണെന്നും എൻ ഐ ടി സി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു.

മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട ഓരോ സ്ഥാപനത്തിനും ഭവന, നഗരകാര്യ മന്ത്രാലയം 250 കോടി രൂപ എൻഡോവ്‌മെന്റ് ഫണ്ട് അനുവദിച്ചിട്ടുണ്ട്. 2022-23 ലെ കേന്ദ്ര ബജറ്റിന്റെ അവതരണ വേളയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.

നഗരാസൂത്രണത്തിലും രൂപകല്പനയിലും മികവ് വർദ്ധിപ്പിക്കാനും കൺസൾട്ടൻസി, ആധുനിക സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള നിർമാണ ശൈലി പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ടുള്ള മൾട്ടി, ട്രാൻസ് ഡിസിപ്ലിനറി പഠനത്തിനും ഗവേഷണത്തിനുമുള്ള ഒരു പ്ലാറ്റ്ഫോമായാണ് എൻഐടി കാലിക്കറ്റിലെ മികവിന്റെ കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നത്. മെച്ചപ്പെട്ട ജീവിത നിലവാരം, നഗര സൗന്ദര്യം, സാമ്പത്തിക അവസരങ്ങൾ എന്നിവയുള്ള നഗരപ്രദേശങ്ങൾ സൃഷ്ടിക്കുന്നതിന് സംഭാവന നൽകുക, ദേശീയ വളർച്ചയ്ക്ക് ഉത്തേജകമായി പ്രവർത്തിക്കുക എന്നിവയാണ്  ലക്ഷ്യം.

പ്രശസ്‌ത നഗരാസൂത്രകൻ കൂടിയായ എൻഐടി കോഴിക്കോട് ആർക്കിടെക്‌ചർ ആൻഡ് പ്ലാനിങ് വിഭാഗം പ്രൊഫസർ ഡോ. പി. പി. അനിൽകുമാറിന്റെ നേതൃത്വത്തിലാണ് എൻ.ഐ.ടി.സി യിലെ മികവിന്റെ കേന്ദ്രം നിലവിൽ വരുന്നത്. വിദഗ്ധർ, കൺസൾട്ടന്റുകൾ, റിസർച്ച് അസോസിയേറ്റ്സ്, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് എന്നിവരടങ്ങുന്ന ഒരു സംഘം കേന്ദ്രത്തെ പിന്തുണയ്ക്കും.

വിവിധ നഗരവികസന പ്രശ്നങ്ങൾക്ക്, പ്രത്യേകിച്ച് നഗര തദ്ദേശ സ്ഥാപനങ്ങൾക്കും മറ്റ് സ്ഥാപനങ്ങൾക്കും സന്ദർഭാധിഷ്ഠിതവും സമർത്ഥവും സുസ്ഥിരവുമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും നൽകുന്നതിനും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും നഗരങ്ങളിലെ നഗരാസൂത്രണ പ്രൊഫഷണലുകളുടെ കാഡറുകൾക്ക് അത്യാധുനിക പരിശീലനം നൽകുന്നതിനും മികവിന്റെ കേന്ദ്രം അവസരമൊരുക്കുമെന്ന് പദ്ധതിയുടെ ടീം ലീഡറായ ഡോ. പി. പി. അനിൽകുമാർ പറഞ്ഞു. “ഇതോടുകൂടി നഗരവികസനത്തിൽ ദേശീയ നയങ്ങൾ രൂപീകരിക്കുന്നതിൽ ഇൻസ്റ്റിറ്റ്യൂട്ടിന് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്നും 8 വർഷം മുമ്പ് മാത്രം ആരംഭിച്ച നഗരാസൂത്രണ വകുപ്പിനെ സംബന്ധിച്ച് ഇത് ഒരു സുപ്രധാന നേട്ടമാണെന്നും,” ഡോ. അനിൽകുമാർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *