Your Image Description Your Image Description

കൊച്ചി: മലയാള സിനിമയിലെ പ്രതിസന്ധി സംബന്ധിച്ച് കഴിഞ്ഞ മാസത്തെ സിനിമയുടെ കണക്കുകള്‍ പുറത്തുവിട്ടപ്പോള്‍ അതില്‍ ഏറ്റവും വലിയ പരാജയമായി വിലയിരുത്തപ്പെട്ടത് ടൊവിനോ തോമസ് നായകനായി എത്തിയ ഐഡന്റിറ്റി എന്ന ചിത്രമാണ്. എന്നാല്‍ ഒരു ടിവി ചര്‍ച്ചയില്‍ ഹെലികോപ്റ്ററില്‍ പറന്ന് നടത്തിയ പ്രമോഷന്‍ അടക്കം ചിത്രത്തിന്റെ ബജറ്റ് കൂട്ടിയെന്നും, ചിത്രത്തിലെ നായകനായ ടൊവിനോ അമിത പ്രതിഫലം വാങ്ങിയെന്നും സംവിധായകന്‍ വിനു കിരിയത്ത് നടത്തിയ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് രാജു മല്ല്യാത്ത്.

ഒരിക്കലും ടോവിനോ എന്ന നടന്‍ ഇങ്ങനെയൊരു പരസ്യപ്രചരണം ഐഡന്റിറ്റി എന്ന സിനിമയ്ക്ക് ചെയ്യണമെന്ന് എന്നോട് അഭിപ്രായപ്പെടുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. റോയി സിജെയുടെ ആശയത്തില്‍ ഉദിച്ചതും ന്യൂതനവുമായ ഒരു പ്രചരണരീതിയായിരുന്നു ഹെലികോപ്ടറുമായി ബന്ധപ്പെട്ടത്. പ്രചരണത്തിന്റെ മുഴുവന്‍ ചെലവും തുകയും സിനിമയുടെ പ്രൊഡക്ഷന്‍ കോസ്റ്റില്‍ ഉള്‍പ്പെടുത്താതെ അദ്ദേഹം തനിയെ മുടക്കി. ടൊവിനോ അഡ്വാന്‍സ് വാങ്ങിയാണ് ചിത്രവുമായി സഹകരിച്ചതെന്നും, ഐഡന്റിറ്റി നന്നായി പോകാത്തതിനാല്‍ മറ്റൊരു ചിത്രം ചെയ്യാന്‍ സമ്മതിച്ചതായും നിര്‍മ്മാതാക്കളായ രാഗം മൂവീസിന്റെ ഉടമ രാജു മല്ല്യാത്ത് വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.

നിര്‍മ്മാതാവിന്റെ വിശദീകരണം ഇങ്ങനെ

കഴിഞ്ഞ 45 വര്‍ഷമായി മലയാള സിനിമാ രംഗത്ത് ഏകദേശം 22 ചിത്രങ്ങളില്‍ നിര്‍മ്മാതാവായും സഹനിര്‍മ്മാതാവായും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ഞാന്‍. അവയില്‍ പലതിലും ലാഭവും നഷ്ടവുമുണ്ടായിട്ടുള്ളതാണ്. ഏകദേശം 20 പതിറ്റാണ്ടിനു മുമ്പുള്ള കഥകളോ നിര്‍മ്മാണ രീതികളോ സാങ്കേതിക വിദ്യകളോ പരസ്യ പ്രചാരണ രീതികളോ അല്ല ഇന്നുള്ളത്.

വിഷയം എന്തെന്നുവച്ചാല്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ ഞാന്‍ നിര്‍മ്മിച്ച ഐഡന്റിറ്റി എന്ന സിനിമയിലെ പ്രൊമോഷന് അവലംബിച്ച ഹെലികോപ്ടര്‍ യാത്രയുമായി ബന്ധപ്പെട്ട പരാമര്‍ശമാണ്. അതില്‍ ശ്രീ.വിനു കിരിയത്തിന്റെ പരാമര്‍ശത്തിന്റെ സത്യാവസ്ഥ എന്തെന്നു വച്ചാല്‍ ഒരിക്കലും ടോവിനോ എന്ന നടന്‍ ഇങ്ങനെയൊരു പരസ്യപ്രചരണം ഐഡന്റിറ്റി എന്ന സിനിമയ്ക്ക് ചെയ്യണമെന്ന് എന്നോട് അഭിപ്രായപ്പെടുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. മുകളില്‍ പറഞ്ഞ എന്റെ സിനിമയ്ക്ക് പലവിധ കാരണങ്ങള്‍ കൊണ്ട് നിര്‍മ്മാണച്ചെലവ് അധികരിച്ച് എങ്ങനെ റിലീസ് ചെയ്യും പ്രതിസന്ധി ഘട്ടത്തില്‍ നിന്ന് എന്നെ സമാധാനിപ്പിക്കുകയും മനോബലം തന്നതും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഡോ. റോയി സിജെയാണ്.

അദ്ദേഹത്തെ ഐഡന്റിറ്റിയുടെ നിര്‍മ്മാണ പങ്കാളിയാക്കി ചിത്രം റിലീസ് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കിത്തന്ന ആളാണ് ടൊവിനോ. റോയി സിജെയുടെ ആശയത്തില്‍ ഉദിച്ചതും ന്യൂതനവുമായ ഒരു പ്രചരണരീതിയായിരുന്നു ഹെലികോപ്ടറുമായി ബന്ധപ്പെട്ടത്. പ്രചരണത്തിന്റെ മുഴുവന്‍ ചെലവും തുകയും സിനിമയുടെ പ്രൊഡക്ഷന്‍ കോസ്റ്റില്‍ ഉള്‍പ്പെടുത്താതെ അദ്ദേഹം തനിയെ മുടക്കി.

2018 കാലയളവു മുതല്‍ ടൊവിനോയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ആളാണ് ഞാന്‍. ഐഡന്റിറ്റിയില്‍ ഒരു ചെറിയ തുക മാത്രം പ്രതി ഫലത്തിന്റെ അഡ്വാന്‍സായി കൈപ്പറ്റിക്കൊണ്ട് ചിത്രം റിലീസു ചെയ്തിട്ട് ബാക്കി തുക തന്നാല്‍ മതി എന്നുപറഞ്ഞ് ഒന്നരവര്‍ഷത്തോളം നീണ്ടുനിന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ ഒരു മടിയോ തടസ്സമോ കൂടാതെ സഹകരിച്ചു നിന്ന ആളാണ് ടോവിനോ.

ചിത്രീകരണത്തിനിടയിലും സാമ്പത്തികമായി സഹായിക്കാന്‍ ടൊവിനോ തയ്യാറായിട്ടുണ്ട്. മാത്രമല്ല മുന്‍പറഞ്ഞ ചിത്രത്തിന്റെ പ്രതിഫല തുകയുടെ ബാക്കിയായി ഒരു ഭീമമായ തുക നല്‍കാനുണ്ടായിട്ടും എനിക്ക് ഈ ചിത്രത്തില്‍ സംഭവിച്ച നഷ്ടങ്ങള്‍ക്ക് പരിഹാരമായി എന്റെ കൂടെ നിന്ന് ഉടന്‍തന്നെ ഒരു ചിത്രം ചെയ്തു തരാമെന്നു പറഞ്ഞ് മറ്റൊരു നടനും കാണിക്കാത്ത മഹാമനസ്‌കത കാണിച്ച നടനാണ് ടൊവിനോ.

കൂടാതെ ചിത്രം പൂര്‍ത്തിയായതിനുശേഷം കരാര്‍ ഉറപ്പിച്ച പ്രമുഖ വിതരണ കമ്പനി പിന്‍മാറിയപ്പോള്‍ ധൈര്യപൂര്‍വ്വം മുന്‍പോട്ട് വന്ന് ശ്രീ ഗോകുലം മൂവീസിന്റെ ഡ്രീം ബിഗ് വിതരണക്കമ്പനിയെ സിനിമയുടെ വിതരണക്കാരായി കൊണ്ടു വന്ന് ഈ ചിത്രത്തിന്റെ വിതരണഘട്ടത്തിലും സഹായിച്ചത് മറ്റാരുമല്ല ടൊവിനോ എന്ന നടന്‍ തന്നെയാണ്.

മുകളില്‍ പറഞ്ഞ ചിത്രത്തിന്റെ റിലീസിംഗ് സമയത്തൊക്കെ ടൊവിനോ കാണിച്ച സന്‍മനസിന് നന്ദി പ്രകാശിപ്പിച്ചപ്പോഴൊക്കെ ഇതു നമ്മുടെ സിനിയല്ലേ ചേട്ടാ, എന്ന് പറഞ്ഞ് കൂടെ നിന്ന ആളാണ് ടൊവിനോ.വസ്തുനിഷ്ടമായി കാര്യങ്ങള്‍ വ്യക്തമായറിയാതെ ടൊവിനോ എന്ന നടനുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും വരുന്നതിനാല്‍ നിര്‍മ്മാതാവ് നിലയില്‍ എന്റെ അനുഭവങ്ങള്‍ ഇവിടെ പറയാന്‍ നിര്‍ബന്ധിതനാകുകയാണ്. ചാനലില്‍ സിനിമയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വന്ന കാര്യങ്ങള്‍ വസ്തുതാപരമായി തെറ്റുതന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *