Your Image Description Your Image Description

കണ്ണൂർ : ജില്ലയിലെ റൂട്ട് ബസുകളിൽ ഓഡിയോ, വീഡിയോ സംവിധാനങ്ങൾ ഉണ്ടെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ പൂർണമായി അഴിച്ചുമാറ്റണമെന്ന് കണ്ണൂർ ആർടിഒ (എൻഫോഴ്‌സ്‌മെൻറ്) അറിയിച്ചു. അമിത ശബ്ദമുണ്ടാക്കുന്ന ഹോണുകളും ഒഴിവാക്കണം. റൂട്ട് ബസുകളിൽ ഓഡിയോ, വീഡിയോ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നത് നിയമ വിരുദ്ധമാണെന്നിരിക്കെ ജില്ലയിലെ പല ബസുകളിലും ഇവ വെച്ചുപിടിപ്പിച്ചതായി പരാതി ലഭിച്ചിരുന്നു.

അതീവ ഉച്ചത്തിൽ പാട്ടുവെച്ചതിനു പിന്നാലെയുണ്ടായ തർക്കത്തെ തുടർന്ന് യാത്രക്കാരനെ ബസിൽനിന്ന് ഇറക്കി വിട്ടതായും പരാതിയിൽ പറയുന്നു. സീറ്റിന്റെ അടിയിൽ സ്പീക്കർ ബോക്‌സ് വച്ചിരിക്കുന്നത് കൊണ്ട് കാൽ നീട്ടിവച്ചു ഇരിക്കാൻ പറ്റുന്നില്ലെന്നും പരാതിയുണ്ട്. പരിശോധനകളിലോ പരാതിയിലോ ഇത്തരത്തിൽ നിയമലംഘനം കണ്ടെത്തിയാൽ 10,000 രൂപ വരെയുള്ള ഉയർന്ന പിഴയും വാഹനത്തിന്റെ പെർമിറ്റ്, ഫിറ്റ്‌നസ് റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികളും കൈക്കൊള്ളുമെന്ന് ആർടിഒ അറിയിച്ചു.

അമിത ശബ്ദമുള്ള ഹോണുകൾ ഉപയോഗിക്കുന്നതിന് എതിരെയും പരാതികൾ ഉയർന്നിട്ടുണ്ട്.കണ്ണൂർ ജില്ലയിലെ ഓട്ടോറിക്ഷകളിൽ മീറ്റർ ഫിറ്റ് ചെയ്ത് പ്രവർത്തിപ്പിക്കുന്നില്ലെന്നും പെർമിറ്റിന് അനുസൃതമായല്ല ഓടുന്നതെന്നും പരാതി ലഭ്യമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലും വരും ദിവസങ്ങളിൽ കർശന പരിശോധന ഉണ്ടാകുമെന്നും ആർടിഒ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *