Your Image Description Your Image Description

ഇന്ത്യയുടെ ബൗളർ ജസ്പ്രീത് ബുംറയെ പോർച്ചുഗീസ് ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയോട് താരതമ്യപ്പെടുത്തി മുൻ ഇംഗ്ലണ്ട് പേസർ സ്റ്റീവ് ഹാർമിസൺ. ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയിൽ ബുംറയില്ലെങ്കിൽ അത് ക്രിസ്റ്റ്യാനോ ഇല്ലാത്ത ഫിഫ ലോകകപ്പ് പോലെയാകുമെന്നാണ് ഹാർമിസൺ പറഞ്ഞത്. പരിക്കേറ്റ ബുംറ ചാമ്പ്യൻസ് ട്രോഫി കളിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം വന്നിട്ടില്ല. നിലവിൽ ബി.സി.സി.ഐ ഫിറ്റ്നസ് വിദഗ്ധരുടെ മേൽനോട്ടത്തില്‍ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയില്‍ ബുംറ നെറ്റ്സില്‍ ബൗളിങ് പരിശീലനം നടത്തുന്നുണ്ട്.

എന്നാൽ, താരത്തിന് ഫിറ്റ്‌നസ് ടെസ്റ്റ് കടക്കാനാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഈമാസം 15നാണ് ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യന്‍ ടീം ദുബായിലേക്ക് യാത്ര തിരിക്കുന്നത്. കഴിഞ്ഞ മാസം സിഡ്നിയില്‍ നടന്ന ആസ്ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി അഞ്ചാം ടെസ്റ്റിനിടെയാണ് ബുംറയുടെ നടുവിന് പരിക്കേറ്റത്. അതിന് ശേഷം ബുംറ മത്സരങ്ങളിലൊന്നും പങ്കെടുത്തിട്ടില്ല. ഓസീസിനെതിര അഞ്ച് മത്സരങ്ങളില്‍നിന്ന് ബുംറ നേടിയത് 32 വിക്കറ്റുകളാണ്. ഒരു വിദേശ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ താരമെന്ന റെക്കോഡും താരം സ്വന്തമാക്കിയിരുന്നു.

ബുംറയെ ഇന്ത്യ സ്ക്വാഡിൽ നിലനിർത്തണമെന്നാണ് ഹാർമിസൺ പറയുന്നത്. അതാണ് ബുംറ, അദ്ദേഹത്തിന് ഒരിക്കലും പകരക്കാരനില്ല. ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണ്. ചാമ്പ്യൻസ് ട്രോഫി ഫൈനൽ ദിവസം രാവിലെ വരെ താരത്തിൽ പ്രതീക്ഷ അർപ്പിക്കണമെന്നും ഇംഗ്ലീഷ് താരം പറഞ്ഞു. ബുംറയുടെ അസാന്നിധ്യം മികച്ച സ്ട്രൈക്കറില്ലാതെ ടീം ലോകകപ്പ് കളിക്കാൻ പോകുന്നതു പോലെയാകും. ഗ്രൂപ്പ് റൗണ്ടിൽ താരത്തിന് കളിക്കാനാകില്ലെങ്കിലും ബുംറയെ സ്ക്വാഡിൽ ഉൾപ്പെടുത്തണം. അങ്ങനെയെങ്കിൽ നോക്കൗട്ടിൽ കളിപ്പിക്കാനാകുമെന്നും ഹാർമിസൺ പ്രതികരിച്ചു. ഈ മാസം 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ ചാമ്പ്യൻസ് ട്രോഫി മത്സരം.

Leave a Reply

Your email address will not be published. Required fields are marked *