Your Image Description Your Image Description

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോ​ഗമിക്കുന്നു. ആദ്യ ഫലസൂചനകൾ അനുസരിച്ച് ബിജെപിയാണ് മുന്നിൽ. ഡൽഹി മുഖ്യമന്ത്രി അതിഷിയും മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ആം ആദ്മി പാർട്ടിക്ക് ഇക്കുറി അധികാരം നഷ്ടമാകുമെന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ.

27 വർഷത്തിനു ശേഷം രാജ്യതലസ്ഥാനത്ത് ശക്തമായ തിരിച്ചുവരവിനാണ് ബിജെപി ഡൽഹിയിൽ തയാറെടുക്കുന്നത്. 19 എക്സിറ്റ് പോളുകളിൽ 11 എണ്ണവും ബിജെപിക്കു വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നു പ്രവചിക്കുമ്പോൾ 4 എണ്ണത്തിൽ എഎപിയാണു മുന്നിൽ. 60.54% പോളിങ്ങാണ് ഇക്കുറി ഡൽഹിയിൽ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020 ൽ 70 ൽ 62 സീറ്റു നേടിയാണ് എഎപി അധികാരത്തിലെത്തിയത്.

അതേസമയം 15 വർഷത്തിനു ശേഷമുള്ള തങ്ങളുടെ തിരിച്ചുവരവിനു ഇന്ന് ഡൽഹി സാക്ഷിയാകുമെന്നാണ് കോൺഗ്രസിന്റെ ആത്മവിശ്വാസം. മദ്യനയ അഴിമതിയിൽ ജയിലിലടയ്ക്കപ്പെട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച കേജ്‌രിവാളിനും എഎപിക്കും ജയം നിലനിൽപിന് അനിവാര്യമാണ്. എക്സിറ്റ് പോൾ ഫലങ്ങളെ എഎപി പൂർണമായും തള്ളിക്കളയുന്നുണ്ട്. ഡൽഹിയിൽ ഓപ്പറേഷൻ താമര നടപ്പാക്കാനുള്ള ശ്രമം ബിജെപി ആരംഭിച്ചെന്നും പാർട്ടി ആരോപിക്കുന്നു.

19 വോട്ടെണ്ണൽ കേന്ദ്രങ്ങളിലും 10,000 പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ത്രിതല സുരക്ഷാക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും 2 കമ്പനി അർധസൈനിക സേനയെയും വിന്യസിച്ചിട്ടുണ്ട്. രണ്ട് മെറ്റൽ ഫ്രെയിം ഡിറ്റക്ടറുകൾ, ഹാൻഡ്-ഹെൽഡ് മെറ്റൽ ഡിറ്റക്ടറുകൾ, എക്സ്-റേ മെഷീനുകൾ എന്നിവയും വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കും.ഒറ്റഘട്ടമായി നടന്ന തിരഞ്ഞെടുപ്പിൽ 1.56 കോടി വോട്ടർമാർ, 13,766 പോളിങ് സ്റ്റേഷനുകളിലായി 699 സ്ഥാനാർഥികൾക്കാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടർമാരിൽ 83.76 ലക്ഷം പുരുഷന്മാരും 72.36 ലക്ഷം സ്ത്രീകളും 1,267 പേർ ട്രാൻസ്ജെൻഡറുകളുമാണ്.

Leave a Reply

Your email address will not be published. Required fields are marked *