Your Image Description Your Image Description

ആഗോള വിപണിയിൽ കുതിച്ചു ചാട്ടവുമായി കുരുമുളക്. മലബാർ മുളക്‌ വിലയിലെ ഉയർച്ച കാർഷിക കേരളത്തിന്‌ ആവേശമായി മാറുകയാണ്. അന്താരാഷ്‌ട്ര വിപണിയിലേക്കുള്ള കുരുമുളക്‌ വരവ്‌ വരും മാസങ്ങളിൽ ചുരുങ്ങുമെന്ന വിലയിരുത്തൽ കണക്കിലെടുത്ത്‌ വിയറ്റ്‌നാമിനൊപ്പം ഇന്തോനേഷ്യയും ബ്രസീലും നിരക്ക്‌ ഉയർത്തി. ഇന്ത്യൻ മുളക്‌ വിലയിൽ പോയവാരം അനുഭവപ്പെട്ട ഉണർവ്‌ വിപണിയുടെ അടിത്തറക്ക് ശക്തിപകരുന്നതാണ്.

ചരക്കുക്ഷാമം നിലനിൽക്കുന്നത്‌ ഉയർത്താൻ പറ്റിയ അവസരമായി കയറ്റുമതി രാജ്യങ്ങൾ ഒന്നടങ്കം വിലയിരുത്തുന്നു. കേരളത്തിലെ തോട്ടങ്ങളിൽ മുളക്‌ വിളവെടുപ്പിന്‌ സജ്ജമായെങ്കിലും പ്രതികൂല കാലാവസ്ഥയിൽ ഉൽപാദനം ചുരുങ്ങുമെന്നാണ്‌ കർഷകരുടെ വിലയിരുത്തൽ. പിന്നിട്ട വാരം കൊച്ചിയിൽ അൺ ഗാർബിൾഡ്‌ മുളക്‌ വില ക്വിന്റലിന് 1700 രൂപ വർധിച്ച്‌ 66,000 രൂപയായി.

അതേസമയം നാളികേര ക്ഷാമം മുൻനിർത്തി വ്യവസായികൾ കൊപ്ര സംഭരിച്ചു. പല വൻകിട മില്ലുകളുടെ കരുതൽ ശേഖരം കുറഞ്ഞതിനാൽ അവർ പ്രവർത്തന സമയം വെട്ടിക്കുറച്ച്‌ പ്രതിസന്ധി മറികടക്കാൻ ശ്രമം നടത്തുകയാണ്. കേരളത്തിൽ നാളികേരോൽപന്നങ്ങളുടെ വിളവെടുപ്പ് തുടങ്ങിയെങ്കിലും വ്യവസായികളുടെ ആവശ്യത്തിന്‌ അനുസൃതമായി പച്ചത്തേങ്ങ വരവ്‌ ഉയർന്നിട്ടില്ല. കൊപ്ര ക്വിന്റലിന് 15,100ലും വെളിച്ചെണ്ണ 22,500 രൂപയിലുമാണ്‌. പാമോയിൽ ഇറക്കുമതി കുറഞ്ഞത് പ്രാദേശിക തലത്തിൽ വെളിച്ചെണ്ണക്ക്‌ ഡിമാൻഡ് ഉയർത്തി.

അതുപോലെ രാജ്യത്ത്‌ ഇഞ്ചി ഉൽപാദനം കുതിച്ചുയർന്നു. വൻ പ്രതീക്ഷകളോടെ ഇഞ്ചികൃഷിക്ക്‌ ഇറങ്ങിയ കർഷകർ പക്ഷേ വിപണിയിലെ തളർച്ച കണ്ട്‌ വിളവെടുപ്പിൽ നിന്ന് പിൻവലിഞ്ഞു നിൽക്കുകയാണ്. ദക്ഷിണേന്ത്യയിൽ മാത്രമല്ല വടക്ക്‌ കിഴക്കൻ സംസ്ഥാനങ്ങളിലും ഉൽപാദനം വർധിച്ചു. കേരളത്തിലും കർണാടകത്തിലും മികച്ചയിനം ഇഞ്ചിയാണ്‌ ചുക്കായി മാറ്റുന്നത്‌. കൊച്ചിയിൽ മികച്ചയിനം ചുക്ക്‌ 35,000 രൂപയിലും ഇടത്തരം ചുക്ക്‌ 32,500 രൂപയുമാണ്‌.

 

ജനുവരിയിൽ പകൽ താപനില പതിവിലും ഉയർന്നത്‌ റബർ ഉൽപാദനം ഗണ്യമായി കുറച്ചു. ചൂട്‌ ഉയർന്നതോടെ പല തോട്ടങ്ങളിലും ടാപ്പിങ്‌ ഒന്നിടവിട്ട ദിവസങ്ങളിലാക്കി ചുരുക്കി. ഉയർന്ന ചൂടിൽ മരങ്ങളിൽ നിന്നുള്ള പാൽ ലഭ്യത കുറഞ്ഞത്‌ കണക്കിലെടുത്താൽ ഈ മാസം ആദ്യ പകുതിയിൽ റബർ വെട്ട്‌ പൂർണമായി സ്‌തംഭിക്കാൻ ഇടയുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *