Your Image Description Your Image Description

തിരുവനന്തപുരം : കേരള സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ആശയങ്ങളും കാഴ്ചപ്പാടുകളും പ്രകടിപ്പിക്കാൻ വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ദ്വിദിന ശില്പശാലയായ ചിൽഡ്രൻസ് കോൺക്ലേവിന് തുടക്കമായി. വെള്ളയമ്പലത്തെ ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റിയിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ നിർവഹിച്ചു.

കമ്മിഷൻ അംഗം ഡോ. എഫ്. വിൽസൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ അംഗം കെ.കെ.ഷാജു സ്വാഗതമാശംസിച്ചു. കർണാടക ബാലാവകാശ കമ്മിഷനിൽ നിന്നും ശരിധർ കോസംബേ, തിപ്പസ്വാമി, വെങ്കിടേഷ് എന്നിവർ പ്രത്യേക ക്ഷണിതാക്കളായി കോൺക്ലേവിൽ പങ്കെടുത്തു. യോഗത്തിൽ കമ്മിഷൻ സെക്രട്ടറി ഷൈനി ജോർജ് നന്ദി അറിയിച്ചു.

ഓരോ ജില്ലയിലെയും ട്രൈബൽ-തീരദേശ-ഗ്രാമീണ മേഖലകളിലെ സ്‌കൂളുകളിൽ നിന്നും അഞ്ച് കുട്ടികൾ വീതമാണ് ശിൽപ്പശാലയിൽ പങ്കെടുക്കുന്നത്. വിദ്യാഭ്യാസ അവകാശവും ഇന്ത്യൻ ഭരണഘടനയും, ശുചിത്വവും-പരിസ്ഥിതി സംരക്ഷണവും, ദുരന്ത നിവാരണവും പാഠ്യപദ്ധതിയും, ജീവിതത്തിന്റെ എ പ്ലസ്, കുട്ടികളുടെ സുരക്ഷ-സംരക്ഷണാവകാശങ്ങൾ എന്നീ വിഷയങ്ങളിൽ ഐ.എം.ജി ഡയറക്ടർ കെ.ജയകുമാർ, ഡോ. ജി.എസ്. പ്രദീപ്, ഡോ. ഹരിത വി കുമാർ, കെ.കെ.സുബൈർ, ഡോ. കെ.ജി. താര എന്നിവർ കുട്ടികളുമായി സംവദിച്ചു.

കുട്ടികളുടെ ആശയങ്ങളും കാഴ്ചപ്പാടുകളും പ്രകടിപ്പിക്കാനുള്ള സവിശേഷ വേദിയായാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്. പ്രത്യേക വിഷയങ്ങളിൽ ഗ്രൂപ്പ് ചർച്ചകൾ, പാനൽ ചർച്ചകൾ, ആശയ ശേഖരണം, ഓപ്പൺ ഫോറം മുതലായവ ദ്വിദിന കോൺക്ലേവിന്റെ ഭാഗമാകും. അതിലൂടെ നയരൂപീകരണത്തിൽ കുട്ടികളുടെ നേരിട്ടുള്ള പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് കമ്മിഷന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *