Your Image Description Your Image Description

കുഷ്ഠരോഗം നിവാരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പ് നടത്തുന്ന പ്രത്യേക ഭവന സന്ദർശന പരിപാടിയായ അശ്വമേധത്തിന് ജില്ലയിൽ തുടക്കം കുറിച്ചു. അശ്വമേധം കാമ്പയിനിൻ്റെ ജില്ലാതല ഉദ്ഘാടനം ചെട്ടികാട് റൂറൽ ഹെൽത്ത് ട്രയിനിങ്ങ് സെൻ്ററിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി നിര്‍വഹിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഭവന സന്ദർശന പരിപാടിയുടെ ഉദ്ഘാടനം മാരാരിക്കുളം സൗത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി പി സംഗീത ഉദ്ഘാടനം ചെയ്തു. വർഗ്ഗീസ് ജില്ലാ ലെപ്രസി ഓഫീസർ ഡോ. അനു മുഖ്യപ്രഭാഷണവും ഡെപ്യൂട്ടി ഡി എം ഒ ഡോ. ദിലീപ് കുമാർ എസ് ആർ ആരോഗ്യ സന്ദേശവും നൽകി. മാരാരിക്കുളം സൗത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി പി ഷാജി, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രകാശ് ബാബു, ബ്ലോക്ക് അംഗം കുഞ്ഞുമോൾ ഷാജി, വാര്‍ഡ് അംഗം ലളിത വിദ്യാധരൻ, ഡോ ജി എസ് പ്രവീൺ, രജനി ജി, ഡോ ചിത്ര ഐ, മനോജ് കെ എസ്, ജിജി തോമസ്, ഹരിലാൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ചടങ്ങിൽ സ്കൂളുകൾ, അങ്കണവാടികൾ, കുടുംബശീ, ഓഫീസുകൾ, സ്ഥാപനതല കാമ്പയിനുകളുടെ പ്രചാരണ പോസ്റ്ററുകളും, ബോധവത്കരണ വീഡിയോകളും റിലീസ് ചെയ്തു.

പരിപാടിയുടെ ഭാഗമായി 1957 ടീമുകളെ ജില്ലയിൽ ഭവന സന്ദർശനത്തിനായി സജ്ജമാക്കിയിട്ടുണ്ട്. ജില്ലയിലെ 611144 വീടുകളിൽ രണ്ടാഴ്ച്ചകൊണ്ട് സന്ദർശനം പൂർത്തിയാക്കും. രോഗ ലക്ഷണങ്ങൾ സംശയിക്കുന്നവർക്ക് ആവശ്യമായ തുടർ പരിശോധനയും ചികിത്സയും ആരോഗ്യ കേന്ദ്രങ്ങളിൽ നിന് ലഭ്യമാക്കുന്നതാണ്.
വായുവിലൂടെ പകരുന്ന രോഗമാണ് കുഷ്ഠരോഗം. തൊലിപ്പുറത്ത് നിറം മങ്ങിയതോ ചുവന്ന നിറത്തിലുള്ളതോ ആയ പാടുകളിൽ സ്പർശനം, ചൂട്, തണുപ്പ്. വേദന എന്നിവ അറിയാതിരിക്കുക, വേദനയില്ലാത്ത വൃണം, കൈകാലുകളിലെ പെരുപ്പ് ,മരവിപ്പ് എന്നിവ കുഷ്ഠരോഗത്തിൻ്റെ ലക്ഷണമാവാം.
എല്ലാ പാടുകളും കുഷ്ഠരോഗം മൂലമകണമെന്നില്ല എന്നാൽ ചില പാടുകൾ, തടിപ്പുകൾ എന്നിവ കുഷ്ഠ രോഗം മൂലമാവാം. അതിനാൽ ശരീരത്തിൽ പാടുകളോ, തടിപ്പുകളോ ഉണ്ടോയെന്ന് സ്വന്തമായും , ശരീരത്തിന്റെ പുറം ഭാഗങ്ങളിലുള്ള പാടുകൾ ശ്രെദ്ധിക്കപ്പെടാതെ പോകാമെന്നതിനാൽ കുടുംബാംഗങ്ങളുടെ സഹായത്തോടെയും പരിശോധിക്കണം. ആരോഗ്യ പ്രവർത്തകർ നടത്തുന്ന ഭവന സന്ദർശന വേളയിൽ അവ കുഷ്ഠരോഗം മൂലമല്ലായെന്ന് ഉറപ്പ് വരുത്തുന്നതിന് ആരോഗ്യപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുമാണ്. കുഷ്ഠരോഗം പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാം. രോഗലക്ഷണങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിക്കുക എന്നത് രോഗ പകർച്ച തടയുന്നതിന് ഏറെ പ്രധാനമാണ്. ചികിത്സ ആരംഭിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ മറ്റുളവരിലേക്ക് രോഗം പകരുന്നത് തടയാൻ സാധിക്കും. രോഗം മൂലം അംഗവൈകല്യം സംഭവിക്കുന്നതും ഒഴിവാക്കാം.

Leave a Reply

Your email address will not be published. Required fields are marked *