Your Image Description Your Image Description

തൃശൂർ : മുനക്കടവ്, തൊട്ടാപ്പ് ലൈറ്റ് ഹൗസ് ഭാഗത്ത് തീരത്തോട് ചേര്‍ന്ന് അനധികൃതമായി കരവലി നടത്തിയ തൃശ്ശൂര്‍ ജില്ലയില്‍ ചാവക്കാട് താലൂക്കില്‍ മുനക്കകടവ്, പള്ളിവളപ്പില്‍ വീട്ടില്‍ അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള ഓസ്പ്ര എന്ന ഫിഷിംഗ് ബോട്ട് സുരക്ഷാ പട്രോളിംഗിനിടെ മുനക്കകടവ് കോസ്റ്റല്‍ പോലീസ് കസ്റ്റിഡിയിലെടുത്ത് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിന് കൈമാറി.

കരയോട് ചേര്‍ന്ന് ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനാണ് ബോട്ട് പിടിച്ചെടുത്ത്. തൃശ്ശൂര്‍ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി 50,000 രൂപ (അമ്പതിനായിരം) പിഴ ഇനത്തിലും ബോട്ടിലെ മത്സ്യം വിറ്റ വകയില്‍ 2,600 (രണ്ടായിരത്തി അറുന്നൂറ്) രൂപയും ട്രഷറയില്‍ അടച്ചു. കരവലി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിരോധിച്ച മത്സ്യബന്ധന രീതിയാണ്. ഇത് ലംഘിച്ച് അതിഥി തൊഴിലാളികളേയും ഇതര ജില്ലക്കാരേയും ഉപയോഗപ്പെടുത്തിയാണ് തീരക്കടലില്‍ ഈ രീതിയില്‍ മത്സ്യബന്ധനം നടത്തുന്നത്.

പിടിച്ചെടുത്ത ബോട്ട് പത്ത് വര്‍ഷമായി ലൈസന്‍സ് പുതുക്കാതെ കരയോട് ചേര്‍ന്ന് മത്സ്യബന്ധനം നടത്തിവരികയായിരുന്നു. കടല്‍ ക്ഷമതയില്ലാത്ത ബോട്ട് ഇനി മത്സ്യബന്ധനത്തിന് ഉപയോഗിക്കില്ല എന്ന വ്യവസ്ഥയില്‍ ഉടമസ്ഥന് വിട്ട് കൊടുത്തു.

വ്യാപകമായ തോതില്‍ ബോട്ടുകള്‍ തീരത്തോട് ചേര്‍ന്ന് കരവലി നടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫിഷറീസ് – മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും കോസ്റ്റല്‍ പോലീസും തീരക്കടലില്‍ രാത്രിയിലും പകലും ശക്തമായ പട്രോളിംഗ് നടത്തി വരികയാണ്.

അനധികൃത മത്സ്യബന്ധനം ശ്രദ്ധയില്‍പ്പെട്ടാല്‍ യാനങ്ങള്‍ പിടിച്ചെടുത്ത് നിയമ നടപടികള്‍ക്ക് വിധേയമാക്കും. നിയമ ലംഘനം നടത്തുന്ന യാനങ്ങളില്‍ നിന്നും പുതുക്കിയ കെ.എം.എഫ്.ആര്‍. ആക്ട് പ്രകാരം പിഴ ചുമത്തും. കെ.എം.എഫ്.ആര്‍ നിയമം ലംഘിക്കുന്ന യാനങ്ങള്‍ക്കെതിരെ യാനത്തിന്റെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് തൃശൂര്‍ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍മജീദ് പോത്തനൂരാന്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *