Your Image Description Your Image Description

ചണ്ഡിഗഢ്: ബലാത്സംഗക്കേസ് കുറ്റവാളിയും ദേരാ സച്ചാ സൗദ തലവനുമായ ഗുര്‍മീത് റാം റഹിം സിങ്ങിന് 20 ദിവസത്തെ പരോള്‍ അനുവദിച്ചു. ഫെബ്രുവരി 5 ന് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് ഒരാഴ്ച മുൻപാണ് ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിംഗ് റോഹ്തക്കിലെ സുനാരിയ ജയിലിൽ നിന്ന് പരോളിന് ഇറങ്ങിയത്. ചൊവ്വാഴ്ച പുലർച്ചെ 5.30-ഓടെ അതീവരഹസ്യമായാണ് റാം റഹിം സിങിനെ ജയിലിൽ നിന്ന് പുറത്തെത്തിച്ചത്. ജയിലിൽ നിന്നിറങ്ങിയ ശേഷം ഗുര്‍മീത് ഹരിയാനയിലെ സിർസയിലെ ദേരാ ആശ്രമത്തിലേക്ക് മാറിയതായാണ് റിപ്പോർട്ടുകൾ.

2017 ഓഗസ്റ്റിൽ രണ്ട് ശിഷ്യകളെ ബലാത്സംഗം ചെയ്തതിന് ശിക്ഷിക്കപ്പെട്ടതിന് ശേഷം ആദ്യമായിയാണ് ദേര മേധാവി സിർസ ദേര ആസ്ഥാനത്ത് താമസിക്കുന്നത്. മുമ്പ് പരോളിലോ അവധിയിലോ മോചിതനായ സിങ്ങിനെ ഒരിക്കലും അവിടെ താമസിക്കാൻ അനുവദിച്ചിരുന്നില്ല. പകരം, ദേര സച്ചാ സൗദ മേധാവി ഉത്തർപ്രദേശിലെ ദേരയുടെ ബാഗ്പത് ആശ്രമത്തിലാണ് താമസിച്ചിരുന്നത്. ദേര മേധാവിയെ ദേര ആസ്ഥാനത്ത് താമസിക്കാൻ അനുവദിക്കുന്നതിന് മുമ്പ് സിർസ ജില്ലാ ഭരണകൂടത്തോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നതായി ഒരു സർക്കാർ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. തങ്ങളുടെ ഭാഗത്ത് നിന്ന് എതിർപ്പില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചതിനെ തുടർന്ന് അദ്ദേഹത്തിന് അനുമതി നൽകിയതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

2017-ൽ ജയിലിലായതിന് ശേഷം 12-ാം തവണയാണ് ഇയാൾക്ക് പരോൾ അനുവദിക്കുന്നത്. 2024 ഒക്ടോബർ രണ്ടിനാണ് അവസാനം ​പരോൾ അനുവദിച്ചിരുന്നത്. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് കാലത്താണ് പരോൾ അനുവദിച്ചതെങ്കിലും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനും പ്രസം​ഗം നടത്തുന്നതിനും ഇയാൾക്ക് വിലക്കുകണ്ടായിരുന്നു. ആശ്രമത്തിലെ രണ്ട് അന്തേവാസികളെ ബലാത്സംഗം ചെയ്ത കുറ്റത്തില്‍ ഗുര്‍മിത് ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. 2017-ലായിരുന്നു ഈ കേസിൽ ഇയാൾ 20 വർഷത്തെ തടവിന് ശിക്ഷിക്കപ്പെടുന്നത്. പിന്നീട്, 16 വർഷം മുമ്പ് രാം ചന്ദര്‍ ഛത്രപതിയെന്ന മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലും ഗുര്‍മീത് റാം റഹിം സിങ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *