Your Image Description Your Image Description

അനുവദിനീയമായ അളവിൽ കൂടുതൽ അളവില്‍ ക്ലോറേറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് കൊക്കകോള ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിച്ചു. ക്ലോറിന്‍ അണുനാശിനികളുടെ ഉപോല്‍പ്പന്നമായ രാസ സംയുക്തത്തിന്റെ കൂടിയ അളവാണ് പാനീയങ്ങളില്‍ കണ്ടെത്തിയിരിക്കുന്നതെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.

ബെല്‍ജിയത്തിലെ കൊക്കകോള യൂറോ-പാസിഫിക് പാര്‍ട്‌ണേഴ്സ് ബ്രാഞ്ച് ”അമിതമായി ഉയര്‍ന്ന ക്ലോറേറ്റ് അളവ് കാരണം നിരവധി ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിക്കുന്നതായി പ്രഖ്യാപിച്ചു. 328 GE മുതല്‍ 338 GE വരെയുള്ള പ്രൊഡക്ഷന്‍ കോഡുകള്‍ അടങ്ങിയ ക്യാനുകളും, റീഫില്‍ ചെയ്യാവുന്ന ഗ്ലാസ് ബോട്ടിലുകളുമാണ് കമ്പനി തിരിച്ചുവിളിച്ചിരിക്കുന്നത്. കൊക്കകോള, സ്പ്രൈറ്റ്, ഫാന്റ, ഫ്യൂസ് ടീ, മിനിറ്റ് മെയ്ഡ്, നലു, റോയല്‍ ബ്ലിസ്, ട്രോപിക്കോ എന്നിവയാണ് തിരിച്ചുവിളിച്ചവയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ബ്രാന്‍ഡുകള്‍.

ഉപഭോക്താക്കളോട് ഈ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുതെന്നും ഈ കോഡുകള്‍ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ റീഫണ്ടിനായി വില്‍പ്പന കേന്ദ്രത്തിലേക്ക് തിരികെ നല്‍കണമെന്നും ആവശ്യപ്പെടുന്നുവെന്നും കമ്പനി അറിയിച്ചു. നവംബര്‍ മുതല്‍ നെതര്‍ലാന്‍ഡ്സ്, ജര്‍മ്മനി, ഫ്രാന്‍സ്, ലക്‌സംബര്‍ഗ്, ബ്രിട്ടന്‍ എന്നിവിടങ്ങളിലും പാനീയങ്ങള്‍ വിതരണം ചെയ്തതായി കമ്പനിയുടെ പ്രതിനിധിയെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ബെല്‍ജിയത്തിലെ ഗെന്റിലെ ഉല്‍പാദന സൈറ്റില്‍ പതിവ് പരിശോധനയ്ക്കിടെയാണ് പാനീയങ്ങളില്‍ ക്ലോറേറ്റിന്റെ ഉയര്‍ന്ന സാന്ദ്രത കണ്ടെത്തിയതായി എഎഫ്പി വൃത്തങ്ങള്‍ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *