Your Image Description Your Image Description

ന്യൂഡൽഹി: മൂഡ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യക്ക് ഇ.ഡി നോട്ടീസ്. സിദ്ധരാമയ്യ ഒന്നാം പ്രതിയായ കേസിൽ ഭാര്യ ബി.എം പാർവതിക്കും നഗരവികസന മന്ത്രി ബൈരതി സുരേഷിനും ഇ.ഡി ഇന്ന് നോട്ടീസ് അയച്ചു. 2024 ഒക്ടോബറിലാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യ ബിഎം പാർവതിയും സഹോദരൻ ബിഎം മല്ലികാർജുനസ്വാമിയും പ്രതികളായ മുഡ ഭൂമി അഴിമതി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചത്. ഇതിനുശേഷം ഇഡി മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകുകയും കർണാടകയിലുടനീളമുള്ള അദ്ദേഹത്തിന്റെ അടുത്ത അനുയായികളുടെ ഓഫീസുകളിലും വസതികളിലും റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.

700 കോടിയിലധികം വിപണി മൂല്യമുള്ള മുഡയ്ക്ക് കീഴിലുള്ള അനധികൃത ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട് വ്യാപകമായ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും നടന്നതായി ഡിസംബറിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ലോകായുക്തയ്ക്ക് കത്തയച്ചു. മുൻപ് ലോകായുകതയെ മറികടന്നാണ് കേസിൽ ഇ.ഡി അന്വേഷണം ഏറ്റെടുത്തതെന്ന വിമർശനവുമായി സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഇക്കാര്യത്തിൽ വലിയ വിമർശനം കോൺഗ്രസ് നേതൃത്വവും ഉന്നയിച്ചിരുന്നു.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യയും ഉൾപ്പെട്ട മുഡ കേസിൽ ലോകായുക്ത പൊലീസ് ബംഗളൂരുവിലെ പ്രത്യേക കോടതിയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ജനുവരി 27ന് കോടതി വാദം കേൾക്കുന്നതിന് മുന്നോടിയായാണ് റിപ്പോർട്ട് സമർപ്പിച്ചത്. വാദം കേൾക്കുന്നതിന് ഒരു ദിവസം മുൻപ് റിപ്പോർട്ട് സമർപ്പിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, ജനുവരി 25 നാലാം ശനിയായതിനാലും കോടതി അവധിയായതിനാലും ലോകായുക്ത പൊലീസ് റിപ്പോർട്ട് ജനുവരി 24ന് സമർപ്പിച്ചതായി വൃത്തങ്ങൾ പറയുന്നു. ലോകായുക്ത റിപ്പോർട്ടിലെ ഉള്ളടക്കം ഇതുവരെ പുറത്തുവന്നിട്ടില്ല.

2024 സെപ്റ്റംബർ 27ന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്‍റെ അടിസ്ഥാനത്തിലാണ് സിദ്ധരാമയ്യക്കും മറ്റുള്ളവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. വിവരാവകാശ പ്രവർത്തക സ്നേഹമയി കൃഷ്ണ നൽകിയ പരാതിയിന്മേൽ ബംഗളൂരുവിലെ പ്രത്യേക കോടതിയാണ്
മൈസൂരിലെ ലോകായുക്ത പൊലീസിനോട് കേസിൽ അന്വേഷണം നടത്താൻ സെപ്റ്റംബർ 25ന് ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *