Your Image Description Your Image Description

ഇന്ത്യയിലുടനീളം ധാരാളമായി കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ് ചിത്തിരപ്പാല. ആസ്മ ,ബ്രോങ്കൈറ്റിസ് ,വയറിളക്കം ,ഛർദ്ദി ,അരിമ്പാറ ,വട്ടച്ചൊറി ,വെള്ളപോക്ക് ,മുലപ്പാൽ വർധന തുടങ്ങിയവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധസസ്യമാണിത്. ഈ സസ്യത്തിന്റെ വേരൊഴികെയുള്ള എല്ലാ ഭാഗങ്ങളിലും ചെറിയ രോമങ്ങളുണ്ട് .ഇതി​ന്റെ ഇലകൾ ദീർഘവൃത്താകൃതിയിലോ ദീർഘ ചതുരാകൃതിയിലോ ആണ്. ചെടിയുടെ ഏതുഭാഗം മുറിച്ചു നോക്കിയാലും വെളുത്ത പാൽ പോലെയുള്ള കറ ഉണ്ടാകും .ഈ സസ്യത്തിൽ എപ്പോഴും വെള്ള കലർന്ന പച്ച നിറത്തിലുള്ള പൂക്കൾ ഉണ്ടായിരിക്കും. ഇത് സമൂലം ഔഷധ യോ​ഗ്യമാണ്.

തണ്ടിന്റെയും ഇലയുടെയും നിറത്തെ അടിസ്ഥാനപ്പെടുത്തി ചിത്തിരപ്പാല പല തരത്തിൽ കാണപ്പെടുന്നുണ്ട് .അവയിൽ പൊക്കം കൂടിയവയും തറയിൽ പറ്റി വളരുന്നവയും എന്നിങ്ങനെ.

ചിത്തിരപ്പാല ഉപയോഗം .
പണ്ടുള്ളവർ ചിത്തിരപ്പാല ചീരപോലെ കറിവെക്കാനും തോരൻ വെയ്ക്കാനും ഉപയോഗിച്ചിരുന്നു .കൂടാതെ ലോഹങ്ങൾ ശുദ്ധികരിക്കുന്നതിനും ചിത്തിരപ്പാല ഉപയോഗിച്ചിരുന്നു . ചിത്തിരപ്പാല സമൂലം ഉണക്കി പൊടിച്ച പൊടി ഓൺലൈനിൽ വാങ്ങാൻ കിട്ടും .

ചിത്തിരപ്പാല ഔഷധഗുണങ്ങൾ .
ദഹനപ്രശ്നങ്ങൾ , രക്തദോഷം, ആസ്മ ,ചൊറി ,ചിരങ്ങ് ,വ്രണം ,പരു ,പ്രമേഹം ,പനി ,ചുമ ,രുചിയില്ലായ്മ ,മൂത്രതടസ്സം ,വെള്ളപോക്ക്, ചർമ്മരോഗങ്ങൾ, വൃക്കരോഗങ്ങൾ , അരിമ്പാറ,കൃമി ശല്ല്യം ,മുലപ്പാൽ വർധന തുടങ്ങിയവയ്‌ക്കെല്ലാം ചിത്തിരപ്പാല ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നു .ഇത് സമൂലം ഇടിച്ചുപിഴിഞ്ഞ നീര് വിഷത്തിന് ഉത്തമമാണ് .ഇത് സമൂലം ഉണക്കി പൊടിച്ച പൊടി കുട്ടികളുടെ എല്ലാ ഉദരരോഗങ്ങൾക്കും മരുന്നാണ് .

ചിത്തിരപ്പാല അര്‍ബുദചികിത്സയ്ക്ക് ഫലപ്രദമാണന്ന് കണ്ടെത്തിയിട്ടുണ്ട് . കോട്ടയ്ക്കൽ ആര്യവൈദ്യ ശാലയുടെ ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിലെ ഗവേഷകർ എലികളിൽ നടത്തിയ പരീക്ഷണങ്ങളിലൂടെ ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ ചിത്തിരപ്പാലയ്ക്ക് കഴിയും എന്നാണ് കണ്ടെത്തൽ .കൂടാതെ ഡെങ്കിപ്പനിക്കെതിരെ പോരാടാനുള്ള കഴിവും ചിത്തിരപ്പാലയിൽ അടങ്ങിയിരിക്കുന്ന ഔഷധഗുണങ്ങൾക്ക് കഴിയും എന്ന് പഠനങ്ങൾ പറയുന്നു .

പരമ്പരാഗതമായി രക്തശുദ്ധീകരണത്തിന് ഉപയോഗിച്ചിരുന്ന ഒരു സസ്യമാണ് ചിത്തിരപ്പാല.ഇതിന്റെ ഔഷധഗുണങ്ങൾക്ക് ആസ്മയെ ശമിപ്പിക്കാൻ കഴിവുള്ളതായി ആയുർവേദ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്. പ്രമേഹ രോഗത്തെ ശമിപ്പിക്കാനും പ്രമേഹ രോഗികളിലെ ഉണങ്ങാത്ത മുറിവുകൾ സുഖപ്പെടുത്തുവാനുമുള്ള കഴിവ് ചിത്തിരപ്പാലയ്ക്കുണ്ട് .

ചിത്തിരപ്പാല ചില ഔഷധപ്രയോഗങ്ങൾ .
1. ഒരു പിടി ചിത്തിരപ്പാലയുടെ ഇലയും കുറച്ച് ചെറുപയറും നെയ്യിൽ വഴറ്റി കഴിച്ചാൽ വായ്പുണ്ണ് ,ചുണ്ട് വെടിക്കൽ ,അൾസർ എന്നിവ മാറിക്കിട്ടും .

2. ചിത്തിരപ്പാലയുടെ പൂവ് നന്നായി അരച്ച് നാടൻ പശുവിൻ പാലിൽ കലക്കി രാവിലെ വെറും വയറ്റിൽ ഒരാഴ്ച്ച പതിവായി കഴിച്ചാൽ മുലയൂട്ടുന്ന അമ്മമാരിലെ മുലപ്പാൽ വർധിക്കും .പ്രസവ ശേഷം സ്തനത്തിലുണ്ടാകുന്ന നീര്‍ക്കെട്ടും പഴുപ്പും ഇല്ലാതാക്കാനും ഇങ്ങനെ കഴിക്കുന്നത് ഫലപ്രദമാണ് .

3. ചിത്തിരപ്പാലയുടെ ഇലയോ തണ്ടോ പൊട്ടിക്കുമ്പോൾ വരുന്ന കറ അരിമ്പാറയുടെയോ പാലുണ്ണിയുടെയോ മുകളിൽ കുറച്ചു ദിവസം പതിവായി പുരട്ടിയാൽ അവ പൊഴിഞ്ഞു പോകും .

4. ചിത്തിരപ്പാലയുടെ ഇല അരച്ച് പശുവിൻ മോരിൽ കലക്കി രാവിലെ വെറുംവയറ്റിൽ അഞ്ചോ ആറോ ദിവസം തുടർച്ചയായി കഴിച്ചാൽ സ്ത്രീകളിലെ അസ്ഥിസ്രാവം അഥവാ വെള്ളപോക്ക് മാറിക്കിട്ടും .ചിത്തിരപ്പാല സമൂലം ഉണക്കിപ്പൊടിച്ച പൊടി മോരിൽ കലർത്തി കഴിച്ചാലും മതിയാകും .

5. ചിത്തിരപ്പാലയും, വെളുത്തുള്ളിയും ,ചുവന്നുള്ളിയും ചേർത്തരച്ച് ചോറിനൊപ്പം കഴിച്ചാൽ മലബന്ധം മാറിക്കിട്ടും .

6. ചിത്തിരപ്പാല സമൂലം കഷായമുണ്ടാക്കി കഴിച്ചാൽ ത്വക്ക് രോഗങ്ങൾ ശമിക്കും .ഈ കഷായം പതിവായി കഴിച്ചാൽ ആസ്മ ശമിക്കും . 30 ഗ്രാം ചിത്തിരപ്പാല രണ്ടുഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് ഒരു ഗ്ലാസാക്കി വറ്റിച്ചാണ് കഷായം തയാറാക്കേണ്ടത് .

7. ചിത്തിരപ്പാലയുടെ ഇലയും പച്ചമഞ്ഞളും ചേർത്തരച്ച് വെളിച്ചെണ്ണയിൽ ചൂടാക്കി പുറമെ പുരട്ടിയാൽ കാലിലെ ചൊറിച്ചിൽ വളംകടി എന്നിവയ്ക്ക് ശമനമുണ്ടാകും .

9. ചിത്തിരപ്പാലയുടെ ഇല അരച്ച് പരുവിന്റെ മുകളിൽ പുരട്ടിയാൽ പെട്ടന്ന് പരു മാറും .വട്ടച്ചൊറി മാറാനും ചിത്തിരപ്പാലയുടെ ഇല അരച്ച് പുരട്ടിയാൽ മതിയാകും .വിവിധ കാരണങ്ങളാൽ ശരീരത്തിലുണ്ടാകുന്ന ചെറിയ മുറിവുകൾ സുഖപ്പെടുത്തുന്നതിന് ചിത്തിരപ്പാല അരച്ച് മുറിവിൽ വച്ചുകെട്ടിയാൽ മതിയാകും .

10. ചിത്തിരപ്പാല സമൂലം ഇടിച്ചു പിഴിഞ്ഞ നീര് കവിൾ കൊണ്ടാൽ ത്രഷ് അഥവാ വായില്‍ പൂപ്പല്‍ എന്ന രോഗം മാറിക്കിട്ടും .ചിത്തിരപ്പാല സമൂലം ഇടിച്ചു പിഴിഞ്ഞ നീര് ഉള്ളിൽ കഴിച്ചാൽ വയറുവേദനയ്ക്ക് ആശ്വാസം കിട്ടും .

11. ചിത്തിരപ്പാലയുടെ ഇല അരച്ച് പൊള്ളലേറ്റ ഭാഗത്ത് കൂടെ കൂടെ പുരട്ടിയാൽ പൊള്ളലിന്റെ പാടുപോലും ഇല്ലാതെ പൊള്ളൽ പെട്ടന്ന് സുഖപ്പെടും .

12. ചിത്തിരപ്പാലയുടെ ഇലയും തണ്ടും അരച്ച് 5 ഗ്രാം വീതം പാലിൽ ചേർത്ത് ദിവസവും രാവിലെ ഒരു മാസം പതിവായി കഴിച്ചാൽ വൃക്കരോഗം മാറിക്കിട്ടും

13. ചിത്തിരപ്പാല അരച്ച് കുഴിനഖമുള്ള നഖത്തിൽ വച്ചുകെട്ടിയാൽ കുഴിനഖം മാറിക്കിട്ടും .

14. ശരീരത്തിൽ മുള്ള് കയറിയാൽ ആ ഭാഗത്ത് ചിത്തിരപ്പാലയുടെ കറ പുരട്ടിയാൽ മുള്ള് തനിയെ പുറത്തു വരാൻ സഹായിക്കും .

15. ചിത്തിരപ്പാല പുറമെ അരച്ച് പുരട്ടിയാൽ ചർമ്മത്തിലുണ്ടാകുന്ന കറുത്തതും വെളുത്തതുമായ പാടുകൾ മാറുന്നതാണ് .

16. ചിത്തിരപ്പാല സമൂലം അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ ദിവസവും രാവിലെ കഴിച്ചാൽ മൂത്രതടസ്സം മാറിക്കിട്ടും .

17. ചിത്തിരപ്പാല സമൂലം ഇടിച്ചു പിഴിഞ്ഞ നീര് രാവിലെ വെറുംവയറ്റിൽ 21 ദിവസം തുടർച്ചയായി കഴിച്ചാൽ പ്രമേഹം ശമിക്കും .പ്രമേഹ രോഗികളിലെ ഉണങ്ങാത്ത മുറിവിന് ചിത്തിരപ്പാല അരച്ചുപുരട്ടുന്നത് ഉത്തമമാണ് .

18. ചിത്തിരപ്പാല സമൂലം അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ കരിക്കിൻ വെള്ളത്തിൽ കലക്കി ഒരാഴ്ച്ച പതിവായി രാവിലെ വെറും വയറ്റിൽ കഴിച്ചാൽ മൂത്രത്തിൽ കല്ല് മാറും .

19. ചിത്തിരപ്പാല സമൂലം ഉണക്കി പൊടിച്ച് പശുവിൻ തൈരിൽ കലക്കി കുട്ടികൾക്കു കൊടുത്താൽ എല്ലാ ഉദരരോഗങ്ങളും ശമിക്കും .

20. ചിത്തിരപ്പാല സമൂലം അരച്ച് എണ്ണകാച്ചി പുരട്ടിയാൽ മുഖക്കുരു ,ശരീരത്തിലുണ്ടാകുന്ന മറ്റു ചെറിയ കുരുക്കൾ ,കറുത്ത പാടുകൾ ,ചിക്കൻപോക്‌സ് വന്നതു മൂലമുള്ള പാടുകൾ എന്നിവ മാറിക്കിട്ടും .

Leave a Reply

Your email address will not be published. Required fields are marked *